ഉത്തർപ്രദേശിൽ ഏറ്റവും നീളും കൂടിയ എക്സ്പ്രസ് വേയ്ക്ക് ശിലയിട്ട് കഴിഞ്ഞിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗംഗ എക്സ്പ്രസ് വേയുടെ തറക്കല്ലിടലാണ് ഷാജഹാൻപൂരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ വെള്ളിയാഴ്ച നിർവഹിച്ചത്. മീററ്റിലെ ബിജൗലി ഗ്രാമത്തിന് സമീപം ആരംഭിക്കുന്ന അതിവേഗ പാത പ്രയാഗ്രാജിലെ ജുദാപൂർ ദണ്ഡു ഗ്രാമത്തിന് സമീപം വരെ നീളും. 36,230 കോടി രൂപ ചിലവിൽ 594 കിലോമീറ്റർ നീളമുള്ള ആറുവരി അതിവേഗ പാതയാണ് നിർമ്മിക്കുന്നത്. മീററ്റ്, ഹാപുർ, ബുലന്ദ്ഷഹർ, അമ്രോഹ, സാമ്പാൽ, ബുധൗൻ, ഷാജഹാൻപുർ, ഹർദൊയി, റായ് ബറേലി, പ്രതാപ്ഗഡ്, പ്രയാഗ്രാജ് എന്നീ ജില്ലകളിൽ കൂടിയായിരിക്കും പാത കടന്നു പോവുക.
ഇതിന്റെ പ്രത്യേകതകളേറെയാണ്; എക്സ്പ്രസ് വേയുടെ അടുത്ത പ്രദേശവാസികൾക്ക് വേണ്ടി 3.75 മീറ്റർ വീതിയിൽ സർവീസ് റോഡും എക്സ്പ്രസ് വേയോട് ചേർന്ന് നിർമ്മിക്കും.
9 പൊതു വിശ്രമ കേന്ദ്രങ്ങൾ, ഏഴ് റെയിൽവെ മേൽപ്പാലങ്ങൾ, 14 വലിയ പാലങ്ങൾ, 126 ചെറിയ പാലങ്ങൾ, 381 അടിപ്പാതകളും ഇതിനോടനുബന്ധിച്ച് നിർമ്മിക്കും.
ഇന്ത്യൻ നേവിയുടെ വിമാനങ്ങൾക്ക് അടിയന്തരമായി ഇറക്കാൻ പാകത്തിൽ ഷാജഹാൻ പുരിൽ 3.5 കിലോമീറ്റർ നീളത്തിൽ എയർ സ്ട്രിപ്പും നിർമ്മിക്കും.
2020 നവംബർ 26നാണ് എക്സ്പ്രസ് വേയ്ക്ക് കേന്ദ്രം അംഗീകാരം നൽകുന്നത്. 2024 ഓടെ എക്സ്പ്രസ് വേ യാത്രാസൗകര്യത്തിന് തയ്യാറാകുമെന്നാണ് വിവരം. ഗംഗ എക്സ്പ്രസ് വേ വരുന്നതോടെ ദില്ലിയും പ്രയാഗ്രാജും തമ്മിലുള്ള യാത്രാ ദൂരം 7 മണിക്കൂറായി ചുരുങ്ങും. പദ്ധതി പൂർത്തിയാകുന്നതോടെ രാജ്യത്തെ തന്നെ ഏറ്റവും നീളം കൂടിയ ഏക്സ്പ്രസ് വേയാണ് ഒരുങ്ങുന്നതെന്ന് ഉത്തർപ്രദേശ് സർക്കാർ അവകാശപ്പെടുന്നു.
10,500 കോടി രൂപ മുതൽമുടക്കിൽ 1300 ഹെക്ടർ സ്ഥലത്ത് നിർമ്മിക്കുന്ന ജേവാർ വിമാനത്താവളത്തിന് പ്രധാനമന്ത്രി ഉത്തർപ്രദേശിൽ നേരത്തെ പ്രധാനമന്ത്രി ശിലയിട്ടിരുന്നു. വർഷത്തിൽ 1.2 കോടി യാത്രക്കാരെ ഉൾക്കൊള്ളുന്ന വിധത്തിലാണ് വിമാനത്താവളത്തിന്റെ ആദ്യഘട്ടം. മൊത്തം 5000 ഹെക്ടറിലാണ് വിമാനത്താവളം വികസിപ്പിക്കുന്നത്. ഇതിനായി 29,560 കോടി രൂപ മുതൽമുടക്കുമെന്നാണ് റിപ്പോർട്ട്.
ജേവാർ വിമാനത്താവളത്തിന്റെ ശിലയിടലിന് പിന്നാലെ കാശി വിശ്വനാഥക്ഷേത്രവും ഗംഗാനദിയും തമ്മിൽ ബന്ധിപ്പിക്കുന്ന കാശി വിശ്വനാഥധാം ഇടനാഴി പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിനു തുറന്നുകൊടുത്തിരുന്നു.
കാശി വിശ്വനാഥക്ഷേത്ര സമുച്ചയത്തെയും ഗംഗാ നദിയെയും ബന്ധിപ്പിക്കുന്ന പുതിയ ഇടനാഴി പദ്ധതിക്കായി 800 കോടി രൂപയാണ് കേന്ദ്രസർക്കാർ മാറ്റിവെച്ചിരിക്കുന്നത്. ഇതിൽ ആദ്യഘട്ട നിർമാണത്തിന് 339 കോടി രൂപയാണ് ചെലവായത്.
ക്ഷേത്രത്തിലേക്ക് ആദ്യമായി എത്തുന്നവർക്ക് സഹായം നൽകുന്നതിനുള്ള യാത്രി സുവിധാ കേന്ദ്രം, വിനോദ സഞ്ചാര സൗകര്യ കേന്ദ്രം, വേദിക് കേന്ദ്രം, വാരാണസിയുടെ ചരിത്രവും സാംസ്കാരിക പ്രാധാന്യവും വ്യക്തമാക്കുന്ന മ്യൂസിയം, ഊട്ടുപുര, ദൂരദേശങ്ങളിൽ നിന്നെത്തുന്ന ഭക്തർക്ക് വിശ്രമിക്കുന്നതിനുള്ള സൗകര്യം തുടങ്ങി 23 കെട്ടിടങ്ങളാണ് ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ആദ്യഘട്ട ഇടനാഴിയുടെ നിർമാണം 2019 മാർച്ച് എട്ടിനാണ് ആരംഭിച്ചത്.
അതേസമയം ഷാജഹാൻപൂരിൽ ഗംഗാ എക്സ്പ്രസ് വേയുടെ തറക്കല്ലിടൽ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗത്തിൽ അവതരിപ്പിച്ച ജനങ്ങളുടെ കൈയ്യടി നേടിയിരിക്കുകയാണ് ഒരു പുതിയ ഫോർമുല.
‘യുപി+യോഗി = ബഹുത് ഹേ ഉപയോഗി’ എന്നായിരുന്നു പ്രധാനമന്തി ഉത്തർപ്രദേശിലെ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ച വികസനമന്ത്രം.മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മാർഗനിർദേശപ്രകാരം കഴിഞ്ഞ 4.5 വർഷമായി വലിയ പരിഷ്കരണത്തിലൂടെ കടന്നുപോയി എന്ന് പ്രധാനമന്ത്രി ചടങ്ങിൽ അഭിപ്രായപ്പെട്ടു.
‘സംസ്ഥാനത്തെ സ്ത്രീകൾക്ക് കൂടുതൽ സുരക്ഷ, ക്രമസമാധാന നിലനിലനിർത്തൽ, എല്ലാ വിഭാഗങ്ങളിൽ നിന്നുമുള്ള ആളുകളുടെ വികസനം എന്നിവ യോഗിയുടെ ഭരണകാലത്ത് യുപിയിൽ യാഥാർഥ്യമായി എന്നും ഉത്തർപ്രദേശ് ഏറ്റവും ആധുനിക സംസ്ഥാനമായി തിരിച്ചറിയപ്പെടുന്ന ദിവസം വിദൂരമല്ലെന്നും ഉത്തർപ്രദേശിലെ ഏറ്റവും വലിയ എക്സ്പ്രസ്വേയായ ഗംഗ എക്സ്പ്രസ് വേ ഇന്ന് ആരംഭിച്ചതായും ഈ സ്വപ്ന പദ്ധതിക്കായി 36,000 കോടിയിലധികം രൂപ ചെലവഴിക്കുമെന്നും യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ‘ഇരട്ട എഞ്ചിൻ’ സർക്കാർ കൂടുതൽ വികസനത്തിലേക്ക് സംസ്ഥാനത്തെ നയിക്കുകയാണ് എന്നും പൂർവാഞ്ചൽ എക്സ്പ്രസ് വേ, ദില്ലി-മീററ്റ് എക്സ്പ്രസ് വേ, കുശിനഗർ അന്താരാഷ്ട്ര വിമാനത്താവളം, ചരക്ക് ഇടനാഴി എന്നീ വികസനപദ്ധതികൾ യാഥാർത്ഥ്യമാകാൻ കഴിഞ്ഞു എന്നും നമ്മുടെ സർക്കാർ ദരിദ്രർക്കായി രാവും പകലും പ്രവർത്തിക്കുന്നുവെന്നും സംസ്ഥാനത്ത് 30 ലക്ഷത്തിലധികം പാവപ്പെട്ട ആളുകൾക്ക് ഞങ്ങൾ വീടുകൾ നിർമ്മിച്ചു നൽകി. ടോയ്ലറ്റുകൾ, വൈദ്യുതി, വെള്ളം, ഗ്യാസ് കണക്ഷനുകൾ, ഉത്തർപ്രദേശിലെ ജനങ്ങൾക്ക് മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവയ്ക്ക് മുൻഗണന നൽകിയിട്ടുണ്ട് എന്നും നരേന്ദ്ര മോദി പറഞ്ഞു.
പുതിയ വിമാനത്താവളങ്ങൾ, റെയിൽവേ റൂട്ടുകൾ, എക്സ്പ്രസ് വേകൾ എന്നിവയുടെ നിർമാണം ഉത്തർപ്രദേശിലെ ജനങ്ങൾക്ക് അനുഗ്രഹമാകുമെന്നും ഈ വികസനം ജനങ്ങളുടെ സമയം ലാഭിക്കുക മാത്രമല്ല, അവരുടെ സൗകര്യം വർദ്ധിപ്പിക്കുകയും തുടർന്ന് വിഭവങ്ങളുടെ ശരിയായ വിനിയോഗം, ജനങ്ങളുടെ ശക്തി വർദ്ധിപ്പിക്കൽ, സംസ്ഥാനത്ത് എല്ലായിടത്തും സമൃദ്ധി എന്നിവയുണ്ടാകുമെന്നും ഗംഗാ എക്സ്പ്രസ് യാഥാർത്ഥ്യമാകുന്നതിലൂടെ പടിഞ്ഞാറൻ ഉത്തർപ്രദേശിൽ നിന്ന് ചരക്ക് കണ്ടെയ്നറുകൾ നേരിട്ട് വാരണാസിയിലെ ഡ്രൈ പോർട്ട് വഴി ഹാൽദിയ തുറമുഖത്തേക്ക് അയക്കാൻ കഴിയും. കൂടാതെ, കാർഷിക ഉൽപന്നങ്ങൾ, വ്യാവസായിക ഉൽപന്നങ്ങൾ എന്നിവ അയക്കുന്നവർക്കും ഗംഗാ എക്സ്പ്രസ് വേയുടെ പ്രയോജനം ലഭിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

