Friday, April 26, 2024
spot_img

തലസ്ഥാന നിവാസികൾക്കും അഭിമാനിക്കാം; രതീഷ് സി.നായരെ തേടി റഷ്യന്‍ പ്രസിഡന്‍റിന്‍റെ ഓര്‍ഡര്‍ ഓഫ് ഫ്രണ്ട്ഷിപ്പ് ബഹുമതി

റഷ്യയുടെ ഓണററി കോണ്‍സുലും തിരുവനന്തപുരം റഷ്യന്‍ഹൗസ് ഡയറക്ടറുമായ രതീഷ് സി.നായര്‍ റഷ്യന്‍ പ്രസിഡന്‍റിന്‍റെ ഉന്നത ബഹുമതിയായ ഓര്‍ഡര്‍ ഓഫ് ഫ്രണ്ട്ഷിപ്പ് ബഹുമതിക്കർഹനായി. രതീഷ് നായര്‍ ഉൾപ്പടെ റഷ്യന്‍ വിദേശകാര്യ മന്ത്രാലയത്തിലെ മൂന്ന് നയതന്ത്രപ്രതിനിധികള്‍ക്ക് ഓര്‍ഡര്‍ ഓഫ് ഫ്രണ്ട്ഷിപ്പ് നല്‍കുന്ന ഡിക്രിയില്‍ പ്രസിഡന്‍റ് വ്ളാഡിമിർ പുട്ടിൻ ഒപ്പ് വച്ചു. റഷ്യയുടെ വിദേശകാര്യനയം നടപ്പിലാക്കുന്നതിലും, ഇന്ത്യ -റഷ്യന്‍ നയതന്ത്ര ബന്ധത്തിന് നല്‍കിയ സംഭാവനയും കണക്കിലെടുത്താണ് അദ്ദേഹത്തിന് ബഹുമതി നല്‍കുന്നതെന്നും ഡിക്രിയില്‍ പറയുന്നു.

പ്രസിഡന്‍റിന്‍റെ മെഡലുകള്‍ക്കും മുകളിലാണ് ഓര്‍ഡര്‍ ഓഫ് ഫ്രണ്ട്ഷിപ്പ്. തുര്‍ക്ക്മെനിസ്ഥാന്‍ പ്രസിഡന്‍റ് സര്‍ദാര്‍ ബെര്‍ദിമുഹമ്മദവ്, മലേഷ്യന്‍ മുന്‍പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദ്, തുടങ്ങിയ ലോക നേതാക്കൾ ഓര്‍ഡര്‍ ഓഫ് ഫ്രണ്ട്ഷിപ്പ് ലഭിച്ചവരില്‍ ഉള്‍പ്പെടും. റഷ്യയിലെ യു.എ.ഇ അംബാസഡര്‍ മുഹമ്മദ് അല്‍ ജബാര്‍ ഈ വര്‍ഷം ഓര്‍ഡര്‍ ഓഫ് ഫ്രണ്ട്ഷിപ്പ് ലഭിച്ചിരുന്നു. സാമൂഹികസേവനത്തിനും ഇന്ത്യ -റഷ്യന്‍ സൗഹൃദബന്ധത്തിനും നല്‍കിയ സംഭാവനകളെ മാനിച്ച് ഇന്ത്യയില്‍ നിന്ന് ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യര്‍, സാംസ്കാരികരംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് മൃണാള്‍സെന്‍ എന്നിവര്‍ ഈ ബഹുമതി ലഭിച്ചിട്ടുണ്ട്.

2000 മുതല്‍ തിരുവനന്തപുരത്തെ റഷ്യന്‍ഹൗസ് ഡയറക്ടറാണ് രതീഷ് സി.നായര്‍. 2008-ല്‍ റഷ്യ കോണ്‍സുലേറ്റ് തുറന്നപ്പോള്‍ ഓണററി കോണ്‍സുലായി നിയമിതനായി. റഷ്യന്‍ പ്രസിഡന്‍റിന്‍റെ പുഷ്കിന്‍ മെഡലും, റഷ്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്‍റെ രണ്ടും സാംസ്‌കാരിക മന്ത്രാലയത്തിന്റെ ഒന്നും ഉള്‍പ്പെടെ ആറ് മെഡലുകള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

Related Articles

Latest Articles