Friday, April 26, 2024
spot_img

യുക്രെയ്ൻ- റഷ്യ യുദ്ധം മുറുകുന്നു;യുക്രെയ്ന്‍റെ അവസാന യുദ്ധക്കപ്പലിനെ മിസൈൽ ആക്രമണത്തിലൂടെ തകർത്തുവെന്ന അവകാശവാദവുമായി റഷ്യ

മോസ്കോ : യുക്രെയ്നുമായുള്ള യുദ്ധം മുറുകുന്നതിനിടെ രണ്ടു ദിവസം മുൻപ് യുക്രെയ്ന്‍റെ അവസാന യുദ്ധക്കപ്പലിനെ മിസൈൽ ആക്രമണത്തിലൂടെ തകർത്തുവെന്ന അവകാശവാദവുമായി റഷ്യ രംഗത്ത് വന്നു. ഒഡെസ തുറമുഖത്ത് വച്ചാണ് സംഭവം എന്നാണ് റഷ്യ പറയുന്നത്. റഷ്യൻ പ്രതിരോധ മന്ത്രാലയ വക്താവ് ഇഗോർ കൊനാഷെങ്കോവാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം സംഭവത്തെക്കുറിച്ചു പ്രതികരിക്കാൻ യുക്രെയ്ൻ നാവിക സേന തയ്യാറായിട്ടില്ല.

അതെസമയം സംഭവത്തിന്‍റെ കൂടുതൽ വിവരങ്ങൾ പങ്കുവയ്ക്കാൻ കൊനാഷെങ്കോവ് തയ്യാറായില്ല. നേരത്തെ തന്നെ തങ്ങളുടെ അധീനതയിലാണെന്ന് റഷ്യ അവകാശപ്പെടുന്ന ഡോണെറ്റ്സ്കിനു സമീപമുള്ള ക്രാസ്നോറിവ്ക, യാസിനുവാറ്റ മേഖലകളിൽനിന്ന് യുക്രെയ്ൻ സൈന്യത്തെ തുരുത്തിയെന്നും റഷ്യ അവകാശപ്പെടുന്നു.

യുക്രെയ്ൻ നാവികസേന വക്താവ് ഒലെഹ് ചാലിക് റഷ്യയുടെ അവകാശവാദങ്ങളോടു പ്രതികരിക്കാനില്ലെന്ന് വ്യക്തമാക്കി. അതെസമയം ഇക്കഴിഞ്ഞ തിങ്കളാഴ്ച റഷ്യയുടെ അഞ്ച് വിമാനങ്ങൾക്ക് പടിഞ്ഞാറൻ യുക്രെയ്നിലെ സൈനിക കേന്ദ്രത്തിൽ നിന്നുണ്ടായ കനത്ത ആക്രമണത്തിൽ കേടുപാടുകൾ ഉണ്ടായതായും ഒഡെസ തുറമുഖത്ത് തീപിടിത്തമുണ്ടായെന്നും യുക്രെയ്ൻ അറിയിച്ചിട്ടുണ്ട്.

Related Articles

Latest Articles