Thursday, May 16, 2024
spot_img

റേഷൻ വിതരണ അഴിമതി; ബംഗാളിൽ മന്ത്രി ജ്യോതി പ്രിയ മല്ലിക്കിന്റെ വീട്ടിൽ ഉൾപ്പെടെ കൊൽക്കത്തയിലെ എട്ടിടങ്ങളിൽ ഇ ഡി റെയ്‌ഡ്‌

കൊൽക്കത്ത: റേഷൻ വിതരണ അഴിമതി കേസിൽ പശ്ചിമബംഗാളിൽ ഇ ഡി റെയ്‌ഡ്‌. മന്ത്രി ജ്യോതി പ്രിയ മല്ലിക്കിന്റെ വസതി ഉൾപ്പെടെ കൊൽക്കത്തയിലെ എട്ടിടങ്ങളിലാണ് ഇ ഡി പരിശോധന നടത്തുന്നത്. സാൾട്ട് ലേക്ക് മേഖലയിലെ മന്ത്രിയുടെ വീട്ടിലാണ് പരിശോധന. നഗർബസാറിലെ മന്ത്രിയുടെ പേഴ്‌സണൽ അസിസ്റ്റന്റിന്റെ വീട്ടിലും റെയ്‌ഡ്‌ നടക്കുന്നുണ്ട്. നിലവിൽ വനം വകുപ്പ് മന്ത്രിയാണ് ജ്യോതി പ്രിയ മല്ലിക്. നേരത്തെ സംസ്ഥാന ഭക്ഷ്യവകുപ്പിന്റെ ചുമതലയായിരുന്നു.

കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കൊൽക്കത്തയിലെ വ്യവസായി ബക്കിബുർ റഹ്മാന്റെ 100 കോടിയിലധികം വരുന്ന സ്വത്തുക്കളുടെ വിവരങ്ങളും ഇ ഡി ശേഖരിച്ചിട്ടുണ്ട്. ന്യായവില കടകളിൽ വിതരണം ചെയ്യാനിരുന്ന ഗോതമ്പ് കൂടിയ വിലയ്ക്ക് മറ്റിടങ്ങൾ വഴി വിറ്റഴിച്ചതിൽ ഇയാൾക്ക് പങ്കുണ്ടെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇയാളുടെ ഉടമസ്ഥതയിലുളള ആഢംബര ബാർ ഹോട്ടലും റെസ്റ്ററന്റും മൂന്ന് അരി മില്ലുകളും ഉൾപ്പെടെയാണ് ഇ ഡി ശേഖരിച്ച പട്ടികയിൽ ഉളളത്. ദുബായിൽ ഇയാളുടെ പേരിൽ രജിസ്റ്റർ ചെയ്ത ആഢംബര ഫ്‌ളാറ്റുകളുടെ വിവരങ്ങളും ഉണ്ട്.

വിദേശത്ത് വസ്തുക്കൾ വാങ്ങാൻ ബക്കിബുർ റഹ്മാൻ ഹവാല രീതിയിലുളള പണമിടപാടാണ് നടത്തിയതെന്നും ഇ ഡി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. പിടിക്കപ്പെടാതിരിക്കാൻ ഭാര്യയുടെയും ഭാര്യാ സഹോദരന്റെയും ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിച്ചായിരുന്നു ഇടപാടുകൾ. ഒൻപത് ഫ്‌ളാറ്റുകൾ ഉൾപ്പെടെ ബംഗാളിൽ വിവിധയിടങ്ങളിലായി 95 ഓളം വസ്തുവകകൾ ഇയാളുടെ പേരിലും ബിനാമി പേരുകളിലും ഉണ്ടെന്നാണ് റിപ്പോർട്ട്.

വെളളിയാഴ്ചയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ശനിയാഴ്ച കോടതിയിൽ ഹാജരാക്കുകയും ചെയ്തിരുന്നു. ഇയാളുടെ ബിസിനസ് സഹായിയുടെ വീട്ടിലും റെയ്ഡ് നടത്തിയിരുന്നു. ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പിലെ ഉദ്യോഗസ്ഥരുടെ അറിവോടെയാണ് തട്ടിപ്പ് നടന്നതെന്നാണ് കണ്ടെത്തൽ.

Related Articles

Latest Articles