Sunday, October 18, 2026

28 വർഷം അടഞ്ഞുകിടന്ന വാതിൽ വീണ്ടും തുറക്കുന്നു; അരുംകൊല ചെയ്തത് 23 കശ്മീരി ഹിന്ദുക്കളെ, വാന്ദമ കൂട്ടക്കൊലയ്ക്ക് പിന്നിലെ ഭീകരരെ തേടി പുനരന്വേഷണം

23 ജീവനുകൾ… ഒരു ഗ്രാമത്തെ നടുക്കിയ കൂട്ടക്കൊല… 28 വർഷം നീണ്ട കാത്തിരിപ്പ് അവസാനിക്കുന്നു. 1998 ജനുവരി 25ന് ജമ്മു കശ്മീരിലെ ഗന്ദർബാൽ ജില്ലയിലെ വാന്ദമ ഗ്രാമത്തിൽ നടന്ന കൂട്ടക്കൊലക്കേസാണ് ഇപ്പോൾ വീണ്ടും അന്വേഷണത്തിന്റെ വലയത്തിലേക്ക് വരുന്നത്. 23 കശ്മീരി ഹിന്ദുക്കളെ വീട്ടിൽ നിന്ന് പുറത്തിറക്കി നിരത്തി നിർത്തി വെടിവച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ 28 വർഷത്തിന് ശേഷമാണ് ജമ്മു കശ്മീർ സ്റ്റേറ്റ് ഇൻവെസ്റ്റിഗേഷൻ ഏജൻസി (എസ്ഐഎ) പുനരന്വേഷണത്തിന് തുടക്കമിടുന്നത്.

ഒരു കാലത്ത് കശ്മീരിലെ ഭീകരവാദത്തിന്റെ ഏറ്റവും ഭീതിജനകമായ മുഖങ്ങളിലൊന്നായി മാറിയ വാന്ദമ കൂട്ടക്കൊലയുടെ പിന്നിലെ യഥാർത്ഥ ഗൂഢാലോചന എന്തായിരുന്നു?ആക്രമണം നടത്തിയവർ ആരായിരുന്നു? അവരെ സഹായിച്ചവർ ആരൊക്കെ? കൃത്യമായ ആസൂത്രണത്തിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താൻ അന്നത്തെ അന്വേഷണത്തിന് കഴിഞ്ഞിരുന്നോ? 28 വർഷം പിന്നിട്ടപ്പോൾ ലഭ്യമായ പുതിയ വിവരങ്ങളും തെളിവുകളും ഉപയോഗിച്ച് ആ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താനാകുമോ?

ഇത്തരം നിരവധി ചോദ്യങ്ങളാണ് വാന്ദമ കേസ് വീണ്ടും തുറക്കുന്നതോടെ ഉയരുന്നത്. 1998 ജനുവരി 25. ഗന്ദർബാൽ ജില്ലയിലെ വാന്ദമ ഗ്രാമം. വീടുകളിൽ കഴിഞ്ഞിരുന്ന ഗ്രാമവാസികൾക്ക് നേരെയാണ് ഭീകരർ ആക്രമണം നടത്തിയത്. വീടുകളിൽ നിന്ന് ആളുകളെ പുറത്തേക്ക് ഇറക്കി നിരത്തി നിർത്തിയ ശേഷം വെടിയുതിർക്കുകയായിരുന്നു. രണ്ടും നാലും വയസുള്ള രണ്ട് കുട്ടികൾ ഉൾപ്പെടെ 23 പേരാണ് അന്ന് കൊല്ലപ്പെട്ടത്. വെടിയുണ്ടകൾക്ക് മുന്നിൽ ഒരു കുടുംബം മാത്രമല്ല, ഒരു സമൂഹത്തിന്റെ സുരക്ഷിതത്വബോധം തന്നെയാണ് തകർന്നത്. കശ്മീരി ഹിന്ദുക്കൾ വലിയ തോതിൽ താഴ്‌വരയിൽ നിന്ന് പലായനം ചെയ്തുകൊണ്ടിരുന്ന ഭീകരവാദത്തിന്റെ അതിരൂക്ഷമായ കാലഘട്ടത്തിലായിരുന്നു ഈ കൂട്ടക്കൊല.

വാന്ദമയിൽ നടന്നത് ഒറ്റപ്പെട്ട ആക്രമണമാണോ, അതോ കശ്മീരി ഹിന്ദുക്കളെ ലക്ഷ്യമിട്ടുള്ള വലിയൊരു ഭീകരവാദ തന്ത്രത്തിന്റെ ഭാഗമായിരുന്നോ എന്ന ചോദ്യവും ഇതോടെ വീണ്ടും പ്രസക്തമാകുന്നു. അന്നത്തെ അന്വേഷണത്തിൽ ലഷ്‌കർ-ഇ-തൊയ്ബ, ഹിസ്ബുള്‍ മുജാഹിദീൻ തുടങ്ങിയ ഭീകരസംഘടനകളുമായി ബന്ധമുള്ളവരാണ് ആക്രമണത്തിന് പിന്നിലെന്ന സൂചനകൾ പുറത്തുവന്നിരുന്നു. എന്നാൽ വർഷങ്ങൾ പിന്നിട്ടിട്ടും കേസിന്റെ മുഴുവൻ സത്യാവസ്ഥ നിയമപരമായി പുറത്തുകൊണ്ടുവരാൻ കഴിഞ്ഞില്ല.

ഇപ്പോഴിതാ, കശ്മീരി ഹിന്ദുക്കളുടെ കൊലപാതകവുമായി ബന്ധപ്പെട്ട പഴയ കേസുകൾ ഒന്നിന് പിന്നാലെ ഒന്നായി എസ്ഐഎ വീണ്ടും പരിശോധിക്കുന്ന സാഹചര്യത്തിലാണ് വാന്ദമ കേസും പുനരന്വേഷണത്തിലേക്ക് കടക്കുന്നത്. അതുകൊണ്ടുതന്നെ വാന്ദമ കേസ് വീണ്ടും തുറക്കുന്നത് ഒരു പഴയ കേസ് പൊടിതട്ടിയെടുക്കുന്നതിൽ മാത്രം ഒതുങ്ങുന്നില്ല. കശ്മീരിലെ ഭീകരവാദത്തിന്റെ നിർണായക ഘട്ടങ്ങളിൽ നടന്ന കൊലപാതകങ്ങളുടെ പിന്നിലെ ശൃംഖല കണ്ടെത്താനുള്ള വലിയ അന്വേഷണത്തിന്റെ ഭാഗമായാണ് ഇതിനെ കാണുന്നത്.

അതേസമയം വാന്ദമയ്ക്ക് പിന്നാലെ ഇപ്പോൾ വീണ്ടും അന്വേഷണ വിധേയമാകുന്ന കേസുകളുടെ പട്ടിക പരിശോധിക്കുമ്പോൾ കശ്മീരി ഹിന്ദുക്കൾക്കെതിരായ ആക്രമണങ്ങളുടെ മറ്റൊരു ഭീകര ചിത്രം കൂടി വ്യക്തമാകുന്നു. ശ്രീനഗറിലെ ഷേർ-ഇ-കശ്മീർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ നഴ്‌സായി ജോലി ചെയ്തിരുന്ന സരള ഭട്ടിന്റെ കൊലപാതകമാണ് അതിൽ പ്രധാനപ്പെട്ടത്.

1990 ഏപ്രിൽ 18ന് ഹോസ്റ്റലിൽ നിന്ന് സരള ഭട്ടിനെ തട്ടിക്കൊണ്ടുപോയി. അടുത്ത ദിവസം നിരവധി വെടിയുണ്ടകൾ തറച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. വർഷങ്ങൾക്കിപ്പുറം 2025 ഓഗസ്റ്റിലാണ് ഈ കേസിൽ എസ്ഐഎ വീണ്ടും അന്വേഷണം ആരംഭിച്ചത്. തുടർന്ന് 2026 ജൂൺ 29ന് 737 പേജുള്ള കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു.

കശ്മീരിലെ പ്രമുഖ കവിയും എഴുത്തുകാരനുമായ സർവാനന്ദ് കൗൾ പ്രേമിയെയും ഇളയ മകൻ വെരീന്ദറിനെയും കൊലപ്പെടുത്തിയ കേസും പുനരന്വേഷണത്തിലാണ്. 2025 ഓഗസ്റ്റ് 12നാണ് ഈ കേസിൽ വീണ്ടും അന്വേഷണം ആരംഭിച്ചത്.
അനന്ത്നാഗിൽ നിന്ന് 66 കാരനായ സർവാനന്ദ് കൗൾ പ്രേമിയെയും 27 കാരനായ മകൻ വെരീന്ദറിനെയും തട്ടിക്കൊണ്ടുപോയി വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് ഇരുവരുടെയും മൃതദേഹങ്ങൾ ഒരു മരത്തിൽ തൂങ്ങിക്കിടക്കുന്ന നിലയിൽ കണ്ടെത്തി. ഈ സംഭവത്തിന് പിന്നാലെ കൗൾ കുടുംബം കശ്മീരിൽ നിന്ന് പലായനം ചെയ്തു.ഒരു വ്യക്തിയുടെ കൊലപാതകം എന്നതിനപ്പുറം, ഭീകരവാദം ഒരു സമൂഹത്തിന്റെ മനസ്സിൽ സൃഷ്ടിച്ച ഭീതിയുടെ ഉദാഹരണമായാണ് ഈ സംഭവം പിന്നീട് വിലയിരുത്തപ്പെട്ടത്.

1989 സെപ്റ്റംബർ 13ന് ശ്രീനഗറിൽ കൊല്ലപ്പെട്ട പ്രമുഖ അഭിഭാഷകൻ ടിക്ക ലാൽ തപ്ലൂവിന്റെ കേസും എസ്ഐഎ വീണ്ടും അന്വേഷിക്കാൻ ആരംഭിച്ചിരുന്നു. കശ്മീരി ഹിന്ദുക്കൾക്കെതിരായ ഭീകരാക്രമണങ്ങളുടെ ചരിത്രത്തിൽ ടിക്ക ലാൽ തപ്ലൂവിന്റെ കൊലപാതകത്തിന് വലിയ പ്രാധാന്യമുണ്ട്. വർഷങ്ങൾക്കിപ്പുറം ഈ കേസും വീണ്ടും അന്വേഷണത്തിലേക്ക് വരുമ്പോൾ, 1989-90 കാലഘട്ടത്തിൽ കശ്മീരിൽ നടന്ന കൊലപാതകങ്ങളുടെയും ഭീഷണികളുടെയും പലായനത്തിന്റെയും ചരിത്രം വീണ്ടും ചർച്ചയാകുകയാണ്.

ഒരു കൂട്ടക്കൊല നടന്നിട്ട് ഏകദേശം മൂന്ന് പതിറ്റാണ്ട് പിന്നിട്ടിരിക്കുന്നു. കേസുമായി ബന്ധപ്പെട്ട പല സാക്ഷികളും ഇന്ന് പ്രായാധിക്യം നേരിടുന്നവരായിരിക്കാം. ചിലർ മരണപ്പെട്ടിട്ടുണ്ടാകാം. സംഭവസ്ഥലവുമായി ബന്ധപ്പെട്ട പല തെളിവുകളും കാലക്രമത്തിൽ നഷ്ടപ്പെട്ടിരിക്കാനും സാധ്യതയുണ്ട്. എന്നിട്ടും കേസ് വീണ്ടും തുറക്കാനുള്ള തീരുമാനം വലിയ പ്രാധാന്യമുള്ളതാണ്. കാരണം, പഴയ കേസുകളിൽ അന്വേഷണം വീണ്ടും ആരംഭിക്കുന്നത് പലപ്പോഴും ‘സംഭവിച്ചത് എന്തായിരുന്നു?’ എന്ന ചോദ്യത്തിന് മാത്രമല്ല, ‘അത് എന്തുകൊണ്ട് സംഭവിച്ചു, ആരാണ് ആസൂത്രണം ചെയ്തത്, ആരൊക്കെയാണ് സഹായിച്ചത്?’ എന്ന ചോദ്യങ്ങൾക്കും ഉത്തരം തേടുന്നതാണ്. വാന്ദമ കേസിലും അന്വേഷണം ഈ തലത്തിലേക്ക് നീങ്ങുമോ എന്നതാണ് ഇനി ശ്രദ്ധിക്കേണ്ടത്. കൂട്ടക്കൊല നടത്തിയെന്ന് സംശയിക്കുന്ന ഭീകരരെ കണ്ടെത്തുക മാത്രമല്ല, അവരുടെ ബന്ധങ്ങൾ, സഹായ ശൃംഖല, ആക്രമണത്തിന് പിന്നിലെ ആസൂത്രണം, അന്നത്തെ സാഹചര്യങ്ങൾ എന്നിവയെല്ലാം അന്വേഷണത്തിന്റെ ഭാഗമാകുമോ എന്നതും നിർണായകമാണ്.

ഒരു കേസ് മാത്രമല്ല, ഒരു കാലഘട്ടത്തിന്റെ പുനരന്വേഷണം. വാന്ദമ, സരള ഭട്ട്, ടിക്ക ലാൽ തപ്ലൂ, സർവാനന്ദ് കൗൾ പ്രേമി.. പേരുകൾ വ്യത്യസ്തമാണെങ്കിലും ഈ കേസുകളെ ബന്ധിപ്പിക്കുന്ന ഒരു പൊതു പശ്ചാത്തലമുണ്ട്. കശ്മീരിൽ ഭീകരവാദം ശക്തിപ്രാപിച്ച കാലഘട്ടം കശ്മീരി ഹിന്ദുക്കൾക്കെതിരായ ആക്രമണങ്ങൾ, ഭീഷണികൾ, കൊലപാതകങ്ങൾ, പലായനം,
വർഷങ്ങളോളം നീണ്ട നിയമപോരാട്ടങ്ങൾ അതിനാൽ തന്നെ ഈ കേസുകളുടെ പുനരന്വേഷണം ഓരോ കൊലപാതകത്തിന്റെയും ഉത്തരവാദികളെ കണ്ടെത്താനുള്ള ശ്രമം മാത്രമല്ല. കശ്മീരിന്റെ സമീപകാല ചരിത്രത്തിലെ ഇരുണ്ട അധ്യായങ്ങളിലേക്ക് വീണ്ടും തിരിഞ്ഞുനോക്കാനുള്ള ശ്രമം കൂടിയാണ്.

28 വർഷം കഴിഞ്ഞ് വാന്ദമയുടെ ഫയൽ വീണ്ടും തുറക്കുമ്പോൾ ഇനി ഉയരുന്ന ചോദ്യം ഒറ്റത്തന്നെ. 23 പേരുടെ ജീവനെടുത്ത ആ രാത്രിയുടെ പിന്നിലെ മുഴുവൻ സത്യം ഒടുവിൽ പുറത്തുവരുമോ? വർഷങ്ങൾ മറച്ചുവച്ച തെളിവുകൾ എന്തെങ്കിലും സംസാരിക്കുമോ? മറന്നുപോയ സാക്ഷികൾ വീണ്ടും അന്വേഷണ സംഘത്തിന് മുന്നിലെത്തുമോ?അന്നത്തെ ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവരുടെ മുഴുവൻ ശൃംഖല കണ്ടെത്താൻ അന്വേഷണ ഏജൻസിക്ക് കഴിയുമോ? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളാണ് വാന്ദമ കൂട്ടക്കൊലക്കേസിന്റെ പുനരന്വേഷണത്തെ നിർണായകമാക്കുന്നത്.

Related Articles

Latest Articles