Friday, May 10, 2024
spot_img

ആശ്വാസം! ഉത്തരകാശി ടണലിൽ അകപ്പെട്ട തൊഴിലാളികളുടെ ദൃശ്യങ്ങൾ പുറത്തുവിട്ട് രക്ഷാപ്രവർത്തകർ; ‘എല്ലാരും സുരക്ഷിതരാണ്’, വാക്കിടോക്കിയിലൂടെ സംസാരിച്ചതായി ഉദ്യോഗസ്ഥർ

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ നിർമ്മാണ പ്രവർത്തനങ്ങൾക്കിടെ ഉത്തരകാശി ടണലിൽ അകപ്പെട്ട തൊഴിലാളികളുടെ ദൃശ്യങ്ങൾ പുറത്തുവിട്ട് രക്ഷാപ്രവർത്തകർ. എൻഡോസ്‌കോപ്പി ക്യാമറ ഉപയോഗിച്ച് പകർത്തിയ ദൃശ്യങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. കുടുങ്ങിക്കിടക്കുന്ന തൊഴിലാളികൾക്ക് ഭക്ഷണം എത്തിക്കാനായി നിർമ്മിച്ച 6 ഇഞ്ച് വ്യാസമുള്ള ദ്വാരത്തിലൂടെയാണ് ക്യാമറ കടത്തിവിട്ടാണ് ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത്.

തൊഴിലാളികളുമായി വാക്കിടോക്കിയിലൂടെ സംസാരിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു. എല്ലാ തൊഴിലാളികളും സുരക്ഷിതരാണ്. ആവശ്യത്തിന് ആഹാരവും ജലവും പാറ തുരന്ന് നിർമ്മിച്ച ദ്വാരത്തിലൂടെ നൽകാനായി. ആരോഗ്യം നിലനിർത്താനായി ഡ്രൈഫ്രൂട്ട്‌സും മറ്റ് അവശ്യസാധനങ്ങളും നൽകി. രക്ഷാപ്രവർത്തനങ്ങൾ ഇപ്പോൾ പുരോഗമിക്കുകയാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

രക്ഷാദൗത്യം ഒമ്പതാം ദിനവും പുരോഗമിക്കുകയാണ്. എൻഡിആർഎഫ്, എസ്ഡിആർഎഫ്, ബിആർഒ, ഐടിബിപി എന്നീ സർക്കാർ ഏജൻസികളാണ് രക്ഷാപ്രവർത്തനത്തിന് മേൽനോട്ടം വഹിക്കുന്നത്. തൊഴിലാളികളെ പുറത്തെത്തിക്കാൻ മൂന്ന് തരത്തിലുള്ള രക്ഷാപ്രവർത്തനമാണ് നടന്നുകൊണ്ടിരിക്കുന്നത്. ടണലിന്റെ മുകളിൽ നിന്നും താഴേക്ക് രണ്ടുവശങ്ങളിലേക്ക് തുരന്നാണ് രണ്ട് ദൗത്യങ്ങൾ. മറ്റൊന്ന് ടണലിലേക്ക് വീണ പാറ നീക്കം ചെയ്തുള്ള പ്രവർത്തനമാണ്. ഡിആർഡിഒ റോബോട്ടിക് ടീമും രക്ഷാപ്രവർത്തനത്തിനായി എത്തിയിട്ടുണ്ട്. ടണലിംഗ് വിദഗ്ധരുടെ ഒരു ടീമും കഴിഞ്ഞ ദിവസം സ്ഥലത്ത് എത്തിയിരുന്നു.

ആകെ 41 തൊഴിലാളികളാണ് ടണലിൽ കുടുങ്ങിക്കിടക്കുന്നത്. തീർത്ഥാടന കേന്ദ്രങ്ങളായ ചാർധാമുകളെ (ബദരീനാഥ്, കേദാർനാഥ്, ഗംഗോത്രി, യമുനോത്രി) ബന്ധിപ്പിക്കുന്ന പാതയുടെ ഭാഗമായുള്ള ടണലിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്കിടെ പാറ ഇടിഞ്ഞുവീഴുകയായിരുന്നു.

Related Articles

Latest Articles