Thursday, April 25, 2024
spot_img

ധീര സൈനികന്റെ മൃതദേഹാവശിഷ്ടങ്ങൾ സിയാച്ചിനിലെ പഴയ ബങ്കറിൽ; കണ്ടെത്തിയത് 38 വർഷങ്ങൾക്ക് ശേഷം

ന്യൂഡൽഹി:ധീര സൈനികന്റെ മൃതദേഹാവശിഷ്ടങ്ങൾ സിയാച്ചിനിലെ പഴയ ബങ്കറിൽ കണ്ടെത്തി. 38 വർഷങ്ങൾക്ക് ശേഷമാണ് ഭൗതികശരീരത്തിന്റെ ഭാഗങ്ങൾ വീണ്ടെടുത്തത്.

1984 ൽ സിയാച്ചിനിലെ ഓപ്പറേഷൻ മേഘദൂതിന്റെ ഭാഗമായിരുന്ന ലാൻസ് നായിക് ചന്ദർ ശേഖറിന്റെ മൃതശരീരത്തിന്റെ ഭാഗങ്ങളാണ് ലഭിച്ചത്. അവശിഷ്ടങ്ങൾക്കൊപ്പം, ലാൻസ് നായിക് ചന്ദർ ശേഖറിന്റെ സൈനിക നമ്പറുള്ള ഡിസ്‌കും കണ്ടെത്തി. ഇതാണ് തിരിച്ചറിയാൻ സഹായിച്ചത്.

പാകിസ്താൻ ഉറ്റുനോക്കിയ പ്രധാന പോയിന്റായ 5965 പിടിച്ചെടുക്കാനുള്ള ചുമതല നൽകിയ ടീമിലെ അംഗമായിരുന്നു ലാൻസ് നായിക് ചന്ദർ ശേഖർ. 19 കുമയോൺ റെജിമെന്റിൽ നിന്നുള്ള ഒരു സംഘത്തെയാണ് അന്ന് പ്രദേശത്തേക്ക് അയച്ചത്. 1984 മെയ് 29 നാണ് ഓപ്പറേഷൻ നടന്നത്. സിയാച്ചിൻ ഹിമാനി പിടിച്ചടക്കാനുള്ള ഓപ്പറേഷൻ മേഘദൂതിന്റെ കീഴിലുള്ള ആദ്യ നടപടിയായിരുന്നു ഇത്.

ഇതിനിടെ ഹിമപാതത്തിൽ അകപ്പെട്ട് സെക്കൻഡ് ലെഫ്റ്റനന്റ് പിഎസ് പുണ്ഡിർ ഉൾപ്പെടെ 18 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചു. അന്ന് 14 സൈനികരുടെ മൃതദേഹങ്ങൾ കണ്ടെത്തി. 5 പേരുടെ ഭൗതിക ശരീരങ്ങൾക്കായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കൊടും തണുപ്പ് വില്ലനായതോടെ തിരച്ചിൽ നിർത്തേണ്ടി വന്നു.

വേനൽ കാലത്ത് മഞ്ഞ് ഉരുകുമ്പോൾ സൈന്യം ഇത്തരത്തിൽ കാണാതായവർക്കായി ഈ പ്രദേശങ്ങളിൽ തിരച്ചിൽ നടത്താറുണ്ട്. സിയാച്ചിനിൽ 16,000 അടിയിലധികം ഉയരത്തിൽ നടത്തിയ തിരച്ചിലിലാണ് മൃതദേഹാവശിഷ്ടം കണ്ടെത്തിയത്.

Related Articles

Latest Articles