Saturday, May 18, 2024
spot_img

‘നിങ്ങൾ ചൊവ്വയിൽ കുടുങ്ങിപ്പോയാലും അവിടുത്തെ ഇന്ത്യൻ എംബസി സഹായത്തിനുണ്ടാകും’; , കാരിരുമ്പിന്റെ കരുത്തുള്ള ഉറപ്പ്; സുഷമ സ്വരാജ് ഇന്ത്യ സ്നേഹിച്ച രാഷ്ട്രീയ വ്യക്തിത്വം

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സ്നേഹിക്കപ്പെട്ട രാഷ്ട്രീയ വ്യക്തിത്വമെന്ന് അമേരിക്കന്‍ മാധ്യമമായ വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ പോലും സമ്മതിച്ച നേതാവായിരുന്നു സുഷമാ സ്വരാജ്(Sushma Swaraj Birth Anniversary). ‘നിങ്ങൾ ചൊവ്വയിൽ കുടുങ്ങിപ്പോയാലും അവിടുത്തെ ഇന്ത്യൻ എംബസി സഹായത്തിനുണ്ടാകും!’– അതു വീൺവാക്കായിരുന്നില്ല. സുഷമ സ്വരാജ് എന്ന മുൻ വിദേശകാര്യ മന്ത്രിയുടെ ഉറപ്പായിരുന്നു, വിട്ടുവീഴ്ചയില്ലാത്ത കാരുണ്യത്തോടെ വിദേശമന്ത്രിയായിരിക്കെ ഈ ഉറപ്പ് സുഷമ പാലിച്ചപ്പോൾ ജനം ആ സ്‌നേഹവും കരുതലും നെഞ്ചേറ്റി.

ബിജെപിയുടെ വനിതാ മുഖമായിരുന്ന സുഷമാസ്വരാജ്, ബിജെപിയെ സാധാരണക്കാരുമായി അടുപ്പിച്ച നേതാക്കളില്‍ പ്രമുഖയായിരുന്നു. 2014 മോദി സര്‍ക്കാറില്‍ വിദേശകാര്യമന്ത്രിയായിരിക്കെ സുഷമയുടെ ഇടപെടലുകള്‍ അന്താരാഷ്ട്ര രംഗത്തുപോലും വന്‍ ചര്‍ച്ചയായി. മാധ്യമങ്ങളിൽനിന്ന് അകന്നുനിൽക്കുന്ന നിശ്ശബ്ദതയുടെ രാഷ്ട്രീയമായിരുന്നു മന്ത്രിയായിരിക്കെ അവസാനനാളുകളിൽ സുഷമ സ്വീകരിച്ചത്. എന്നാൽ തന്റെ കർമത്തിൽ ഒട്ടും മൗനം പാലിച്ചില്ല. വിദേശ രാജ്യങ്ങളിൽ ഇന്ത്യക്കാർ പ്രശ്നങ്ങൾ നേരിട്ടപ്പോൾ സമൂഹമാധ്യമങ്ങളിലെ യുക്തമായ ഇടപെടലുകളിലൂടെ ഏവരുടെയും ആദരം നേടി. തന്റെ മന്ത്രാലയവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സൂക്ഷ്മമായി തയാറാക്കിയ പ്രസ്താവനകളിലൂടെയുള്ള പ്രതികരണം വിമർശനങ്ങൾക്ക് അതീതമാക്കാൻ ശ്രദ്ധിച്ചു. വിദേശത്തു വിഷമതകൾ നേരിടുന്ന ഇന്ത്യക്കാർക്കെല്ലാം ആശ്രയിക്കാവുന്ന അടുത്ത ബന്ധുവിന്റെ സ്ഥാനം സുഷമ സ്വന്തമാക്കി.

2017 ജൂണിലാണു കരൺ സായ്നി എന്നയാളുടെ തമാശ ട്വീറ്റ് വന്നത്. ‘987 ദിവസം മുൻപു ചൊവ്വയിൽ കുടുങ്ങിപ്പോയ ഇന്ത്യക്കാരനാണ്. ഭക്ഷണം തീരുകയാണ്. എന്നാണ് മംഗൾയാൻ 2 പുറപ്പെടുക?’. ഉടൻ സുഷമയുടെ മറുപടിയെത്തി – ‘നിങ്ങൾ ചൊവ്വയിൽ കുടുങ്ങിയാലും ഇന്ത്യൻ എംബസി സഹായത്തിനുണ്ടാകും!’. സഹായം തേടിയ ഒരാളെപ്പോലും ഉപേക്ഷിച്ചില്ലെന്നതു സുഷമയിലെ നന്മയുടെ സാക്ഷ്യമായി.

ഒന്‍പതാം വയസ്സില്‍ ട്രെയിന്‍ മാറിക്കയറി പാക്കിസ്ഥാനിലെത്തിയ ബധിരയും മൂകയുമായ ഇന്ത്യക്കാരി പെണ്‍കുട്ടി 15 വര്‍ഷത്തിനുശേഷം 2015ൽ ഇന്ത്യയില്‍ തിരിച്ചെത്തി. രക്ഷിതാക്കളെ തേടി ഇന്ത്യയിലെത്തിയ ഗീതയെ തിരിച്ചയയ്ക്കുന്നില്ലെന്നു സുഷമ സ്വരാജ് രാജ്യത്തെ അറിയിച്ചു. ഗീത ഇന്ത്യയുടെ മകളാണ്. കുടുംബത്തെ കണ്ടുമുട്ടിയില്ലെങ്കിൽ പോലും പാക്കിസ്ഥാനിലേക്ക് തിരിച്ചയയ്ക്കില്ല. കേന്ദ്ര സ‌ർക്കാർ ഗീതയെ സംരക്ഷിക്കുമെന്നും സുഷമ പറഞ്ഞപ്പോൾ ലോകം കേട്ടതു മാനവികതയുടെ ശബ്ദമായിരുന്നു. 6 വർഷം പാക്ക് ജയിലിൽ കഴിഞ്ഞ മുംബൈ സ്വദേശിയായ സോഫ്ട്‍വെയർ എൻജിനീയർ ഹമീദ് നിഹാൽ അൻസാരി മോചിതനായതു സുഷമയുടെ മന്ത്രാലയത്തിന്റെ ഇടപെടലിൽ. സുഷമയെ കെട്ടിപ്പിടിച്ചു ഹമീദിന്റെ ഉമ്മ ഫൗസിയ പറഞ്ഞു: ‘

എന്റെ രാജ്യം മഹത്തരം. എന്റെ മാഡം (സുഷമ) ഏറ്റവും മഹതി.’ ഓൺലൈനിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ കാണാൻ 2012 ൽ അഫ്ഗാനിസ്ഥാനിലൂടെ പാക്കിസ്ഥാനിലെത്തിയ ഹമീദിനെ ചാരവൃത്തി ആരോപിച്ചാണു പട്ടാളക്കോടതി 2015ൽ തടവുശിക്ഷയ്ക്കു വിധിച്ചത്. അദ്ദേഹത്തിന്റെ മോചനത്തിനായി 96 തവണയാണു പാക്ക് സർക്കാരുമായി ബന്ധപ്പെട്ടത്.

കരുത്തുറ്റ രാഷ്ട്രീയ ജീവിതം

14 ഫെബ്രുവരി 1953നാണ് സുഷമ സ്വരാജിന്റെ ജനനം. വളരെ ചെറുപ്പത്തില്‍ തന്നെ സജീവ രാഷ്ട്രീയത്തില്‍ പ്രവേശിച്ചു. ഇന്ത്യന്‍ സംസ്ഥാന നിയമസഭാ ചരിത്രത്തില്‍ ഏറ്റവും പ്രായം കുറഞ്ഞ വനിതാ മന്ത്രിയെന്ന വിശേഷണവുമായാണ് സുഷമ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ചുവടുറപ്പിച്ചത്. 1977 ഹരിയാന നിയമസഭയില്‍ 25ാം വയസ്സില്‍ ക്യാബിനറ്റ് മന്ത്രിയായി. ദില്ലിയുടെ ആദ്യ വനിതാ മുഖ്യമന്ത്രിയും സുഷമാ സ്വരാജ് തന്നെയായിരുന്നു. 1998 ഒക്ടോബര്‍ 13 മുതല്‍ 1998 ഡിസംബര്‍ മൂന്ന് വരെയുള്ള ഹ്രസ്വമായ കാലയളവിലായിരുന്നെങ്കിലും ഷീലാ ദീക്ഷിതിന് മുമ്പേ ദില്ലിയുടെ വളയം പിടിച്ച കൈകള്‍ സുഷമയുടേതായിരുന്നു. ഏഴുതവണ ലോക്സഭഎംപിയായും അഞ്ച് തവണ എംഎല്‍എയായും ജനങ്ങളെ സേവിച്ചു. 2014ല്‍ സുപ്രധാനമായ വിദേശകാര്യ വകുപ്പും കൈകാര്യം ചെയ്തു. ഇന്ദിരാഗാന്ധിക്ക് ശേഷം ആദ്യമായി വിദേശ വകുപ്പ് കൈകാര്യം ചെയ്യുന്ന വനിതയെന്ന പേരും സുഷമയുടേത് തന്നെ. വാജ്പേയി സര്‍ക്കാറില്‍ ഇന്‍ഫര്‍മേഷന്‍, ആരോഗ്യ മന്ത്രിയായും ചുമതലയേറ്റു.

ബിജെപിയുടെ വിദ്യാര്‍ത്ഥി പ്രസ്ഥാനമായ എബിവിപിയിലൂടെയാണ് സുഷമ രാഷ്ട്രീയ ജീവിതം തുടങ്ങുന്നത്. പിന്നീട് സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളിലേക്കടുത്തു. ഭര്‍ത്താവായിരുന്ന സ്വരാജ് കൗശല്‍ സോഷ്യലിസ്റ്റ് നേതാവ് ജോര്‍ജ് ഫെര്‍ണാണ്ടസിന്‍റെ കൂടെ പ്രവര്‍ത്തിച്ചിരുന്നു. ജോര്‍ജ് ഫെര്‍ണാണ്ടസിന്‍റെ നിയമോപദേശ ടീമില്‍ അംഗമായാണ് സുഷമയുടെ രാഷ്ട്രീയ ജീവിത തുടക്കം. പിന്നീട് ജയപ്രകാശ് നാരായാണന്‍റെ അടിയന്താരാവസ്ഥ വിരുദ്ധ സമരങ്ങളില്‍ സജീവമായി. ഒടുവില്‍ ബിജെപി ദേശീയ നേതാവായി വളര്‍ന്നു. ഹരിയാനയായിരുന്നു സുഷമ സ്വരാജിന്‍റെ ആദ്യ തട്ടകം. 1977ല്‍ അംബാലയില്‍നിന്ന് എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടു. ജനത പാര്‍ട്ടി ചിഹ്നത്തിലാണ് അന്ന് മത്സരിച്ചത്. അതേ വര്‍ഷം സംസ്ഥാന മന്ത്രിയുമായി.

27ാം വയസ്സില്‍ ജനതാ പാര്‍ട്ടിയുടെ ഹരിയാന പ്രസിഡന്‍റായി. പിന്നീട് ബിജെപി-ലോക്ദള്‍ സഖ്യസര്‍ക്കാറില്‍ വിദ്യാഭ്യാസ മന്ത്രിയായി. കേന്ദ്ര മന്ത്രി സ്ഥാനം രാജിവച്ചാണ് 1998ല്‍ ദില്ലി മുഖ്യമന്ത്രിയാകുന്നത്. തെരഞ്ഞെടുപ്പില്‍ തോറ്റതോടെ കഷ്ടി രണ്ട് മാസം മാത്രമാണ് മുഖ്യമന്ത്രി കസേരയിലിരുന്നത്. 1991ല്‍ രാജ്യസഭ എംപിയായി തെരഞ്ഞെടുക്കപ്പെട്ടു. 1996ല്‍ സൗത്ത് ദില്ലിയില്‍നിന്ന് എംപിയായി തെരഞ്ഞെടുക്കപ്പെട്ടു. 1996ലെ ആദ്യ വാജ്പേയി സര്‍ക്കാറില്‍ ഇന്‍ഫര്‍മേഷന്‍, ബ്രോഡ്കാസ്റ്റിംഗ് മന്ത്രിയായി. 13 ദിവസം മാത്രമായിരുന്നു ആ സര്‍ക്കാറിന്‍റെ ആയുസ്സ്. പിന്നീട് 1998ല്‍ വാജ്പേയി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേറിയപ്പോഴും കേന്ദ്ര മന്ത്രിയായി.

1999ല്‍ ബെല്ലാരിയില്‍ സോണിയാഗാന്ധിക്കെതിരെ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. വീണ്ടും രാജ്യസഭാംഗമായി 1999ലെ വാജ്പേയി സര്‍ക്കാറില്‍ മന്ത്രിയായി. 2000ല്‍ ഇന്‍ഫര്‍മേഷന്‍, ബ്രോഡ്കാസ്റ്റിംഗ് മന്ത്രിയായി ചുമതലയേറ്റ ശേഷം 2003 വരെ ആ പദവിയില്‍ തുടര്‍ന്നു. 2003 മുതല്‍ 2004വരെ കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രിയായി. 15ാം ലോക്സഭയില്‍ പ്രതിപക്ഷ നേതാവായും സുഷമ സ്വരാജ് പ്രവര്‍ത്തിച്ചു. ബിജെപിയുടെ ആദ്യ വനിതാ വക്താവും സുഷമ സ്വരാജായിരുന്നു. 2014ല്‍ മോദി സര്‍ക്കാറില്‍ വിദേശകാര്യ മന്ത്രിയായി മികച്ച പ്രകടനമാണ് കാഴ്ചവച്ചത് . 2019 ഓഗസ്റ്റ് 6 നാണ് സുഷമ സ്വരാജ് ഈ ലോകത്തോട് വിടപറഞ്ഞത്. ഏറെ ഞെട്ടലോടെയാണ് ഭാരതം ഈ വാർത്ത കേട്ടത്.

Related Articles

Latest Articles