രേണുകാ സ്വാമി വധക്കേസിൽ ബെംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിൽ കഴിയുന്ന കന്നഡ സൂപ്പർതാരം ദർശൻ ആരോഗ്യം മോശമായതിനെത്തുടർന്ന് കുഴഞ്ഞു വീണെന്ന് റിപ്പോർട്ട്. രണ്ടുമാസം മുൻപാണ് തന്റെ ആരാധകനായ രേണുകാ സ്വാമിയെ കൊലപ്പെടുത്തിയ കേസിൽ ദർശനും പെൺ സുഹൃത്തായ പവിത്രാ ഗൗഡയും അറസ്റ്റിലായത്.
ദർശന്റെ ശരീരഭാരം കുറഞ്ഞുവരികയാണെന്നും ദേഹം വിളറി വെളുത്തിരിക്കുകയാണെന്നും ഈയിടെ അദ്ദേഹത്തെ സന്ദർശിച്ച മുൻ സഹതടവുകാരൻ സിദ്ധാരൂഢ വെളിപ്പെടുത്തിയിരുന്നു. ജയിൽ ഭക്ഷണവുമായി പൊരുത്തപ്പെടാൻ ദർശൻ ബുദ്ധിമുട്ടുകയാണ്. പിന്നാലെയാണ് നടൻ കുഴഞ്ഞുവീണെന്ന റിപ്പോർട്ടും പുറത്തു വന്നത്.
19 പേരെയാണ് കേസിൽ പോലീസ് അറസ്റ്റ് ചെയ്തത്. ജൂൺ എട്ടിനാണ് ചിത്രദുർഗ സ്വദേശിയായ രേണുകാ സ്വാമി കൊലചെയ്യപ്പെട്ടത്. പിറ്റേന്ന് കാമാക്ഷിപാളയത്തെ ഓടയിൽനിന്ന് ഇയാളുടെ മൃതദേഹം കണ്ടെത്തി. നടിയും ഫാഷൻ ഡിസൈനറുമായ പവിത്ര ഗൗഡ ദർശനുമായി പത്തുവർഷമായി ബന്ധം പുലർത്തിവരികയായിരുന്നു. ഇവർക്ക് ഭർത്താവും മകളുമുണ്ട്. ദർശനും വിവാഹിതനാണ്.
പവിത്ര, ദർശനെയും ഭാര്യ വിജയലക്ഷ്മിയെയും അകറ്റുന്നെന്നാരോപിച്ച് ചിത്രദുർഗ വെങ്കടേശ്വര ലേ ഔട്ട് സ്വദേശിയും ദർശന്റെ കടുത്ത ആരാധകനുമായ രേണുകാസ്വാമി പവിത്രയെക്കുറിച്ച് സാമൂഹ മാദ്ധ്യമത്തിൽ മോശം കമന്റിട്ടു. പവിത്രയെക്കുറിച്ച് രേണുകാസ്വാമിയുടെ മോശം കമന്റുകൾ നിരന്തരം വരാൻ തുടങ്ങിയതോടെ ഇയാളെ വകവരുത്താൻ പവിത്ര തീരുമാനിക്കുകയായിരുന്നു.

