Sunday, May 5, 2024
spot_img

46 മണിക്കൂർ നീണ്ട രക്ഷാദൗത്യം; ഇന്ത്യൻ ആർമിയുടെ കഠിനപ്രയത്നം; ബാബുവിനെ രക്ഷപ്പെടുത്തിയത് സാഹസിക നീക്കത്തിലൂടെ; ചിത്രങ്ങൾ കാണാം…

മലമ്പുഴ: ഇന്ത്യൻ ആർമി നടത്തിയ 46 മണിക്കൂർ നീണ്ട രക്ഷാദൗത്യം (Babu Rescue Operation In Malampuzha indian Army) ഒടുവിൽ വിജയം കണ്ടു. മലമ്പുഴയില്‍ മലയിടുക്കില്‍ കുടുങ്ങിയ ബാബു എന്ന യുവാവിനെ സൈന്യം മുകളിലെത്തിച്ചു. കേരളത്തില്‍ ഒരാള്‍ക്കായി നടക്കുന്ന ഏറ്റവും വലിയ രക്ഷാപ്രവര്‍ത്തനമാണ് മലമ്പുഴയില്‍ നടന്നത്. രക്ഷാദൗത്യ സംഘത്തിലെ രണ്ട് പേര്‍ ബാബുവിനരികെയെത്തി കയറിട്ട് മലയുടെ ഏറ്റവും മുകളിലെത്തിക്കുകയായിരുന്നു. കയര്‍ അരയില്‍ ബെല്‍റ്റിട്ട് കുടുക്കിയാണ് ബാബുവിനെ മുകളിലെത്തിച്ചത്. ഹെലികോപ്ടര്‍ ഉപയോഗിച്ച് എയര്‍ലിഫ്റ്റ് ചെയ്ത് ആശുപത്രിയില്‍ എത്തിക്കും. ബേസ് ക്യാമ്പിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷമായിരിക്കും ആശുപത്രിയിലെത്തിക്കുകയെന്നാണ് സൂചന. എയര്‍ലിഫ്റ്റിങ്ങിനായി കോസ്റ്റ്ഗാര്‍ഡിന്റെ ഹെലികോപ്ടര്‍ ഉടന്‍ എത്തും. ബാബുവിന് കുറച്ച് മുമ്പാണ് വെള്ളവും ഭക്ഷണവും എത്തിച്ചത്. സൈന്യമാണ് വെള്ളവും ഭക്ഷണവും നല്‍കിയത്.

ദൗത്യസംഘത്തിലെ ഒരാള്‍ കയറിലൂടെ ഇറങ്ങിയാണ് വെള്ളവും ഭക്ഷണവും എത്തിച്ചത്. ബാബു ഏറെ നേരെമായി വെള്ളം ചോദിക്കുന്നുണ്ടായിരുന്നു. വെള്ളം നല്‍കുന്നതിനായി വലിയ ഡ്രോണ്‍ കോയമ്പത്തൂരില്‍ നിന്ന് എത്തിച്ചിരുന്നു. എന്നാല്‍ അതിന് മുമ്പേ അദ്ദേഹത്തിന് സൈന്യം വെള്ളവും ഭക്ഷണവും നല്‍കി.

ഇന്നലെ വെള്ളവും ഭക്ഷണവും എത്തിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. 20 അംഗ എന്‍ഡിആര്‍എഫ് ടീം, രണ്ട് യൂണിറ്റ് കരസേന, ഫയര്‍ഫോഴ്‌സ് എന്നിവരാണ് രക്ഷാദൗത്യത്തിന് നേതൃത്വം നല്‍കിയത്. രക്ഷാപ്രവര്‍ത്തനത്തിനായി ബേസ് ക്യാമ്പ് ഉൾപ്പെടെ തുറന്നു. മെഡിക്കല്‍ ടീമും സജ്ജമാണ്. മൂന്ന് സുഹൃത്തുക്കളോടൊപ്പം തിങ്കളാഴ്ചയാണ് ബാബു മലകയറിയത്. ഒരു കിലോമീറ്റര്‍ ഉയരമുള്ള മലയുടെ മുകളിലെത്തുകയായിരുന്നു ലക്ഷ്യം. എന്നാല്‍ കയറുന്നതിനിടയില്‍ ക്ഷീണം തോന്നിയ സുഹൃത്തുക്കള്‍ വിശ്രമിച്ച സമയം ബാബു കുറച്ചുകൂടി ഉയരത്തിലേക്ക് പോയി. അവിടെ നിന്ന് കൂട്ടുകാരുടെ അടുത്തേക്ക് ഇറങ്ങുമ്പോള്‍ കാല്‍ വഴുതി കുത്തനെയുള്ള മലയിലൂടെ താഴേക്ക് വീണ് പാറയിടുക്കില്‍ കുടുങ്ങുകയായിരുന്നു. അതേസമയം സൈന്യത്തിന്റെ സമാനതകളില്ലാത്ത രക്ഷാദൗത്യം വിജയിക്കുന്നതിന് കാരണം ബാബുവിന്റെ തളരാത്ത ആത്മവിശ്വാസവും കരുത്തും കൂടി ഒത്തുചേർന്നത് കൊണ്ടാണ്. നിര്‍ണായക ഘട്ടത്തിലൂടെ ജീവിതം കടന്നുപോയിട്ടും ബാബു മാനസികമായി തളര്‍ന്നില്ല.

Related Articles

Latest Articles