Friday, May 3, 2024
spot_img

തെരഞ്ഞെടുപ്പ് ചൂടിൽ സംസ്ഥാനങ്ങൾ; പ്രചാരണത്തിന് ആവേശം കൂട്ടാൻ അമിത് ഷായും, രാജ്‌നാഥ് സിംഗും ഇന്ന് ഗോവയിൽ

പനാജി: തെരഞ്ഞെടുപ്പ് ചൂടിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ് രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങൾ. അതുകൊണ്ടുതന്നെ പ്രചാരണ ആവേശത്തിലാണ് പാർട്ടികളെല്ലാം. ഇതോടനുബന്ധിച്ച് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും ഇന്ന് ഗോവ സന്ദർശിക്കും(BJP Election Campaign In Goa).

ഗോവയിലെ വിവിധ മണ്ഡലങ്ങളിൽ സംഘടിപ്പിക്കുന്ന ബിജെപിയുടെ പൊതുറാലികളിലും വീടുകൾതോറുമുള്ള പ്രചാരണ പരിപാടികളിലും ഇരുവരും പങ്കെടുക്കും. ഫെബ്രുവരി 14നാണ് ഗോവയിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൽ ആകെ 332 സ്ഥാനാർത്ഥികളാണ് ഗോവയിൽ ജനവിധി തേടുന്നത്.നോർത്ത്, സൗത്ത് ഗോവയിലെ വിവിധ മണ്ഡലങ്ങളിലാണ് ഇരുവരും പങ്കെടുക്കുന്നത്.

മുഖ്യമന്ത്രി പ്രമോദ് സാവന്ത് പങ്കെടുക്കുന്ന പൊതുയോഗത്തോടെയാണ് പ്രചാരണ പരിപാടി അവസാനിക്കുക. സാന്ക്വലിം നിമയസഭാ മണ്ഡലത്തിൽ നിന്നാണ് പ്രമോദ് സാവന്ത് മത്സരിക്കുന്നത്. ഗോവയിലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക ഇന്നലെ പുറത്തിറക്കിയിരുന്നു. 80 രൂപയ്‌ക്ക് ഒരു ലിറ്റർ പെട്രോൾ എന്ന കോൺഗ്രസ് വാഗ്ദാനത്തിന് തിരിച്ചടിയാകുന്ന വാഗ്ദാനങ്ങളാണ് ബി.ജെ.പി പ്രകടനപത്രികയിൽ പറഞ്ഞിരിക്കുന്നത്.

വൈദ്യുത വാഹനങ്ങളെ പ്രോത്സാഹിപ്പിക്കാനായി സംസ്ഥാനത്ത് നൂറ് ഇലക്ട്രിക് ചാർജിങ് സ്റ്റേഷനുകൾ തുറക്കും, അഞ്ച് വർഷം ടാക്സി കാർ പെർമിറ്റുള്ള ഡ്രൈവർമാർക്ക് കാർ വാങ്ങാൻ ആറ് ലക്ഷം രൂപ സബ്സിഡിയും പ്രകടനപത്രിക ഉറപ്പുനൽകുന്നു. അതേസമയം തെരഞ്ഞെടുപ്പ് ദിനമായ ഫെബ്രുവരി 14ന് ഗോവയിൽ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ സർക്കാർ/സ്വകാര്യ സ്ഥാപനങ്ങൾക്കും ശമ്പളത്തോടെയുള്ള അവധിയായിരിക്കും നൽകുകയെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു.

Related Articles

Latest Articles