ദില്ലി: ദില്ലി സർവകലാശാലയിൽ നിന്ന് വിരമിച്ച പ്രൊഫസർ ദമ്പതികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ദില്ലി ഗോവിന്ദ് പുരിയിലാണ് സംഭവം. രാകേഷ് കുമാര്‍ ജയിന്‍, ഭാര്യ ഉഷ രാകേഷ് കുമാര്‍ ജയിന്‍ എന്നിവരെയാണ് ഗോവിന്ദ് പുരിയിലെ വീടിനുള്ളില്‍ സ്റ്റീല്‍ പൈപ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അനാരോഗ്യം മൂലം കൂടുതല്‍ സമയവും കിടക്കയില്‍ കഴിയേണ്ടി വരുന്നതില്‍ മനം നൊന്താണ് ഇരുവരും ആത്മഹത്യ ചെയ്തത്.
ഇവരുടെ മൃതദേഹത്തിനരികിൽ നിന്ന് രണ്ട് വ്യത്യസ്ത ആത്മഹത്യാ കുറിപ്പുകള്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ആക്സിഡന്റിന് ശേഷമുണ്ടായ ആരോഗ്യ പ്രശ്നങ്ങള്‍ കാരണം കൂടുതല്‍ സമയവും കിടക്കയില്‍ ചെലവഴിക്കേണ്ടി വരുന്നതില്‍ മടുത്തിട്ടാണ് ഇത്തരമൊരു തീരുമാനത്തിലെത്തിയതെന്ന് ദമ്പതികൾ തങ്ങളുടെ ആത്മഹത്യാകുറിപ്പില്‍ എഴുതിയിരുന്നതായി പൊലീസ് പറഞ്ഞു. ദമ്പതികളുടെ മകളായ അങ്കിത സംഭവം പൊലീസ് സ്റ്റേഷനില്‍ വിളിച്ചറിയിക്കുകയായിരുന്നു എന്ന് ദില്ലി പൊലീസ് വെളിപ്പെടുത്തി.
പരിചാരകനായ അജിത്ത് വീട്ടിലെത്തി ദമ്പതികളെ വിളിച്ചെങ്കിലും പ്രതികരണമൊന്നും ലഭിക്കാത്തതിനാൽ മകള്‍ അങ്കിതയെ വിവരമറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ വീട്ടിലത്തിയ അങ്കിതയും അജിത്തും പൂട്ട് പൊളിച്ച് അകത്ത് കടന്നപ്പോള്‍ തൂങ്ങി നില്‍ക്കുന്ന നിലയില്‍ മാതാപിതാക്കളെ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഉത്തര്‍പ്രദേശിലെ ഗോണ്ടയില്‍ നടന്ന ആക്സ്ഡന്റില്‍ രാകേഷ് ജയിനിന് നട്ടെല്ലിന് പരിക്കേല്‍ക്കുകയും, ഭാര്യയ്ക്ക് ഒന്നിലധികം ഒടിവുകള്‍ ഉണ്ടാകുകയും ചെയ്തിരുന്നു. ഇതിന് ശേഷം ഏറെ നാളായി ഇരുവരും കിടപ്പിലായിരുന്നു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തെങ്കിലും അന്വേഷണം തുടരുമെന്ന് പൊലീസ് അറിയിച്ചു.

