Friday, April 26, 2024
spot_img

വ്‌ളോഗര്‍ റിഫ മെഹ്‍നുവിന്‍റെ മരണം; ആത്മഹത്യാ പ്രേരണാ കേസിൽ ഭർത്താവ് മെഹ്‍നാസ് മൊയ്തു അറസ്റ്റിൽ; കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ട് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ട് പൊലീസ്

കോഴിക്കോട്: ദുബായില്‍ വ്ളോഗര്‍ റിഫ മെഹ്നുനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് മെഹ്‍നാസ് മൊയ്തുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തിയ കേസിലാണ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ മെഹ്‍നാസിനെ രണ്ട് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഇയാളെ കാസർകോട്ടെ മെഹ്‍നാസിന്റെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തും.

ആത്മഹത്യാ പ്രേരണാകേസില്‍ അറസ്റ്റിനെതിരെ മെഹ്നാസ് നൽകിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസാണ് മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. മെഹ്നാസിനെ പോക്സോ കേസിൽ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. വിവാഹ സമയത്ത് റിഫയ്ക്ക് പ്രായപൂര്‍ത്തിയായില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കോഴിക്കോട് കാക്കൂർ പൊലീസ് മെഹ്‍നാസ് മൊയ്തുവിനെ അറസ്റ്റ് ചെയ്തത്.

ഭർത്താവിൽ നിന്നുമുള്ള മാനസികമായും ശാരീരികമായുമുള്ള പീഡനം റിഫയുടെ മരണത്തിനു കാരണമായതായി കാക്കൂർ പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തുടർന്നു സ്ത്രീയെ മാനസികമായും ശാരീരികമായും ഉപദ്രവിക്കൽ, ആത്മഹത്യ പ്രേരണ കുറ്റം തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം മെഹനാസിനെതിരെ കേസെടുക്കുകയായിരുന്നു. 10 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണു ചുമത്തിയിരിക്കുന്നത്. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ഇരുവരും 3 വർഷം മുൻപായിരുന്നു വിവാഹിതരായത്. കാസർകോട് നീലേശ്വരം സ്വദേശിയാണ് മെഹ്നാസ്. കഴിഞ്ഞ ജനുവരി 24ന് ആയിരുന്നു റിഫ മെഹ്നു പർദ കമ്പനിയിൽ ജോലിക്കായി ദുബായിലെത്തിയത്.

Related Articles

Latest Articles