Sunday, April 28, 2024
spot_img

ഉയർത്തെഴുന്നേറ്റ് ഇന്ത്യ! രണ്ടാം ഏകദിനത്തിൽ ബംഗ്ലാദേശിനെ 108 റൺസിനു തകർത്തു

ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിലേറ്റ അപ്രതീക്ഷിത തോൽവിയുടെ ക്ഷീണം രണ്ടാം ഏകദിനത്തിൽ തീർത്ത് ഇന്ത്യൻ വനിതാ ടീം. രണ്ടാം ഏകദിനത്തിൽ 108 റൺസിന്റെ പടുകൂറ്റൻ വിജയമാണ് ടീം സ്വന്തമാക്കിയത്. ഇന്ത്യ ഉയർത്തിയ 229 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ബംഗ്ലാദേശ് 120 റൺസിന് മുഴുവൻ പേരും പുറത്തായി. ബാറ്റിംഗിലും ബൗളിംഗിലും ഒരു പോലെ ശോഭിച്ച ജമീമ റോഡ്രിഗസിൻ്റെ പ്രകടനമാണ് ഇന്ത്യയ്ക്ക് മുതൽക്കൂട്ടായത്. ബാറ്റിംഗിൽ 78 പന്തുകളിൽ നിന്ന് 86 റൺസ് നേടിയതാരം ബൗളിംഗിൽ 3 റൺസ് മാത്രം വഴങ്ങി 4 വിക്കറ്റ് വീഴ്ത്തി.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് 228 റൺസ് നേടിയത്. ജമീമയ്ക്കൊപ്പം ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ (52), സ്മൃതി മന്ദന (36), ഹർലീൻ ഡിയോൾ (25) എന്നിവരും തിളങ്ങി. ബംഗ്ലാദേശിനായി നാഹിദ അക്തർ, സുൽത്താന ഖാത്തൂൻ എന്നിവർ രണ്ട് വിക്കറ്റ് വീഴ്ത്തി. ഇന്ത്യയുടെ രണ്ട് വിക്കറ്റുകൾ റണ്ണൗട്ടാണ്.

മറുപടി ബാറ്റിംഗിൽ ഫർഗാന ഹഖ് (47) നു മാത്രമേ ബംഗ്ലാദേശ് നിരയിൽ പിടിച്ചു നൽക്കാനായുള്ളു. റിതു മോനി (27), മുർഷിദ ഖാത്തൂർ (12) എന്നിവർക്ക് ഫർഗാനയെ കൂടാതെ രണ്ടക്കം കടക്കാനായുള്ളൂ. ഇന്ത്യക്കായി ജമീമ 3.1 ഓവറിൽ 3 റൺസ് വഴങ്ങി 4 വിക്കറ്റ് വീഴ്ത്തിയപ്പോൾ ദേവിക വൈദ്യ 3 വിക്കറ്റ് സ്വന്തമാക്കി.

ഇതോടെ 3 മത്സരങ്ങളടങ്ങിയ പരമ്പരയിലെ രണ്ട് മത്സരങ്ങൾ അവസാനിച്ചപ്പോൾ പരമ്പര 1-1ന് സമനിലയിലാണ്. ഇതോടെ അടുത്ത മത്സരം ഇരു ടീമുകൾക്കും നിർണ്ണായകമായി.

Related Articles

Latest Articles