തൃശൂർ : കുതിരാനു സമീപം മണ്ണുത്തി വടക്കഞ്ചേരി ദേശീയപാതയിലെ വഴുക്കുംപാറ മേൽപ്പാതയിലെ പ്രധാന റോഡിൽ കഴിഞ്ഞയാഴ്ച വിള്ളൽ രൂപപ്പെട്ടിടത്ത് വലിയ കുഴി രൂപപ്പെട്ടു. 10 മീറ്ററോളം നീളത്തിൽ ഒരടിയിലേറെ റോഡ് ഇടിഞ്ഞു താഴ്ന്നു. കൂടുതൽ ഭാഗം ഇടിയാനുള്ള സാധ്യത കണക്കിലെടുത്ത് പോലീസ് ഇവിടെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് കുതിരാൻ തുരങ്കത്തിനു സമീപം വഴുക്കുംപാറയിൽ വിള്ളൽ കണ്ടെത്തിയത്.
വിള്ളൽ കണ്ടെത്തിയതിനെ തുടർന്ന് മന്ത്രി കെ രാജന്റെയും ടിഎൻ പ്രതാപൻ എംപിയുടെയും സാന്നിധ്യത്തിൽ തൃശൂർ കളക്ടറേറ്റിൽ യോഗം ചേർന്ന് തുടർനടപടികൾ തീരുമാനിച്ചിരുന്നു. കരാറുകാരുടെ ചെലവിൽ നാലുമാസത്തിനകം ഈ ഭാഗം പൊളിച്ചുനീക്കിയ ശേഷം പുനർനിർമ്മിക്കാൻ ഈ യോഗത്തിൽ തീരുമാനിച്ചിരുന്നു.

