Thursday, May 2, 2024
spot_img

കെഎസ്ആർടിസി ബസിന് മുന്നേ പുറപ്പെടാൻ തയ്യാറെടുത്ത് റോബിൻ ബസ് ! നീക്കം കോയമ്പത്തൂരിൽ രാവിലെ നേരത്തെ എത്തണമെന്ന യാത്രക്കാരുടെ ആവശ്യം പരിഗണിച്ചാണെന്ന് ബസുടമ ഗിരീഷ്

പത്തനംതിട്ട–കോയമ്പത്തൂർ റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസിന് മുന്നേ പുറപ്പെടാൻ റോബിൻ ബസ് തയ്യാറെടുക്കുന്നു. നിലവിൽ പുലർച്ചെ 4.30 ന് കെഎസ്ആർടിസിയുടെ കോയമ്പത്തൂർ സർവീസ് പുറപ്പെടുമ്പോൾ അടുത്ത മാസം 1 മുതൽ പത്തനംതിട്ടയിൽനിന്ന് 4 മണിക്ക് സർവീസ് ആരംഭിക്കാനാണ് റോബിൻ ബസ് തയ്യാറെടുക്കുന്നത്. മാത്രമല്ല സർവീസ് അടൂരിലേക്ക് നീട്ടുന്നുമുണ്ട്. പുലർച്ചെ 3.30ന് അടൂരിൽനിന്നു പുറപ്പെടുന്ന ബസ് റാന്നി, എരുമേലി, തൃശൂർ, പാലക്കാട് വഴി രാവിലെ 10.30ന് കോയമ്പത്തൂരിലെത്തും. അവിടെ നിന്ന് വൈകിട്ട് 6ന് പുറപ്പെട്ട് പുലർച്ചെ ഒന്നിന് അടൂരിലെത്തും.

കെഎസ്ആർടിസി കോയമ്പത്തൂർ സർവീസിന് ഉപയോഗിക്കുന്ന എസി ലോ ഫ്ളോർ ബസുകൾ തുടർച്ചായി പണിമുടക്കിയിട്ടും അവ മാറ്റി പുതിയ ബസ് അനുവദിക്കാൻ അധികൃതർ തയാറായിട്ടില്ല. പുതിയ എസി ബസുകൾ കോർപറേഷന്റെ കൈയിലില്ല എന്നാണ് ലഭിക്കുന്ന വിവരം. കോയമ്പത്തൂരിലേക്ക് കെഎസ്ആർടിസിക്ക് പത്തനംതിട്ടയിൽ നിന്നുള്ള 3 സർവീസിനും നല്ല പ്രതികരണമാണ് നിലവിലുള്ളത്. പുതിയ ബസിനായി കത്ത് എഴുതി കാത്തിരിക്കുകയാണ് അധികൃതർ.

കെഎസ്ആർടിസിയുടെ മുന്നിലോടാനുള്ള തീരുമാനം മത്സരത്തിന്റെ ഭാഗമായല്ലെന്നും കോയമ്പത്തൂരിൽ രാവിലെ നേരത്തെ എത്തണമെന്ന യാത്രക്കാരുടെ ആവശ്യം പരിഗണിച്ചാണെന്നും റോബിൻ ബസുടമ ഗിരീഷ് പ്രതികരിച്ചു.

“വൈകുന്നേരം നേരത്തെ പുറപ്പെടുന്നതും യാത്രക്കാർക്കു ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. കോയമ്പത്തൂരിലെ ആവശ്യങ്ങൾ തീർത്ത് 6 മണിയോടെ തിരികെ പുറപ്പെടണമെന്ന നിർദേശം സ്വീകരിച്ചാണ് സമയമാറ്റം. പത്തനംതിട്ടയിൽ രാത്രി സർവീസ് അവസാനിപ്പിക്കുമ്പോൾ തുടർയാത്രാ സൗകര്യമില്ലാതെ യാത്രക്കാർ ബുദ്ധിമുട്ടുന്നതു കൊണ്ടാണ് എംസി റോഡുമായി ബന്ധിപ്പിക്കാൻ അടൂരിലേക്ക് നീട്ടുന്നത്” – ഗിരീഷ് പറഞ്ഞു. റെഡ് ബസിന്റെ ബുക്കിങ് പ്ലാറ്റ്‌ഫോമിലും റോബിൻ ബസ് ഉടൻ തന്നെ ലഭ്യമായി തുടങ്ങും.

Related Articles

Latest Articles