Friday, May 17, 2024
spot_img

പഞ്ചാബ് പോലീസ് സ്‌റ്റേഷനിലെ റോക്കറ്റ് ഗ്രനേഡ് ആക്രമണം; ഇന്ത്യയെ ആയിരം കഷ്ണങ്ങളാക്കി വെട്ടിമുറിക്കാനുളള നീക്കമെന്ന് ഡിജിപി; വിദേശ ശക്തികളുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ചു

അമൃത് സർ : ഇന്ത്യയെ ആയിരം കഷ്ണങ്ങളാക്കി മുറിച്ച് രക്തച്ചൊരിച്ചിലിനുളള നീക്കമാണ് പഞ്ചാബിലെ ടാൺ ടരൺ പോലീസ് സ്‌റ്റേഷനിലേക്ക് നടന്ന റോക്കറ്റ് ഗ്രനേഡ് ആക്രമണത്തിന് പിന്നിലെന്ന് പഞ്ചാബ് ഡിജിപി ഗൗരവ് യാദവ് പറഞ്ഞു. സ്ഥലത്തെത്തി പരിശോധിച്ച ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഡിജിപി. വിദേശ ശക്തികളുടെ സാന്നിദ്ധ്യവും തളളിക്കളയാനാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

സർഹാലി പോലീസ് സ്‌റ്റേഷനിലെ സുവിധ സെന്ററിലാണ് ആക്രമണം നടന്നത് . ഫോറൻസിക് സംഘം ഉൾപ്പെടെ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.കണ്ടെടുത്ത ഗ്രനേഡ് വിദേശരാജ്യത്ത് നിന്ന് എത്തിച്ചതാണന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിന്റെ ഉത്തരവാദിത്വം ഖാലിസ്ഥാൻ അനുകൂല സംഘടനയായ സിഖ് ഫോർ ജസ്റ്റീസ് ഏറ്റെടുത്തു. യുഎപിഎ പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായും ഡിജിപി വ്യക്തമാക്കി.

എന്നാൽ സിഖ് ഫോർ ജസ്റ്റീസിന്റെ വാദം ഡിജിപി പൂർണമായി അംഗീകരിച്ചിട്ടില്ല. പാകിസ്താൻ ബന്ധവും യൂറോപ്പിലും നോർത്ത് അമേരിക്കയിലുമുളള ഭീകര സംഘങ്ങൾക്കുളള ബന്ധവും പരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം സംസ്ഥാനത്ത് ക്രമസമാധാനം തകർന്നിരിക്കുകയാണെന്ന് ബിജെപി ചൂണ്ടിക്കാട്ടി. പോലീസ് സ്‌റ്റേഷൻ ആക്രമണത്തിന് ഉത്തരാവാദികൾ ഭഗവന്ത് മന്നിന്റെ നേതൃത്വത്തിലുളള ആം ആദ്മി സർക്കാരാണെന്നും ബിജെപി കുറ്റപ്പെടുത്തി.

നേരത്തെ മൊഹാലിയിലെ ഇന്റലിജൻസ് ആസ്ഥാനവും ആക്രമിക്കപ്പെട്ടിരുന്നു. ഈ സ്ഥിതി ആശങ്കാജനകമാണെന്ന് ബിജെപി മുഖ്യ വക്താവ് അനിൽ സരിൻ പറഞ്ഞു. രഹസ്യാന്വേഷണ വിഭാഗങ്ങളുടെ മുന്നറിയിപ്പിന് ശേഷവും ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വെളളിയാഴ്ച രാത്രി 11.30 മണിയോടെയാണ് അമൃത് സർ – ഭട്ടീന്ദ ദേശീയപാതയോരത്ത് സ്ഥിതി ചെയ്യുന്ന പോലീസ് സ്‌റ്റേഷന് നേർക്ക് ആക്രമണം ഉണ്ടായത്.

Related Articles

Latest Articles