Friday, May 17, 2024
spot_img

ഫെഡ് എക്സ്പ്രസ്സിന് ഇന്ന് പിറന്നാൾ

ലോക ടെന്നീസിലെ ഇതിഹാസ താരം റോജർ ഫെഡറർക്ക് ഇന്ന് മുപ്പത്തിയൊൻപതാം പിറന്നാൾ. ടെന്നീസിന്റെ സൗന്ദര്യം റാക്കറ്റിനുള്ളിൽ ഒളിപ്പിച്ച് ആരാധകരുടെ മനസിലേക്ക് എയ്സുകൾ ഉതിർത്ത താരമാണ് റോജർ ഫെഡറർ. സ്വിറ്റ്സർലണ്ടിലെ ബേസലിൽ 1981 ലാണ് ഫെഡററുടെ ജനനം. സ്വിസ് – ജർമൻ വംശജനായ റോബർട്ടിന്റെയും ദക്ഷിണാഫ്രിക്കക്കാരി ലി നെറ്റിന്റെയും മകൻ റോജർ എട്ടാം വയസിൽ തന്നെ റാക്കറ്റിൽ പിടിമുറുക്കി.പന്ത്രണ്ടാം വയസിൽ പരിശീലകനായിരുന്ന പീറ്റർ കാർട്ടറുടെ കീഴിൽ ഫെഡറർ പ്രൊഫഷണൽ ടെന്നീസിലേക്ക് ചുവട് വച്ചു.

1998 ൽ വിമ്പിൾഡൺ ജൂനിയർ താരമായ ഫെഡറർ 2001 ലെ വിമ്പിൾഡൺ പ്രീ ക്വാർട്ടറിൽ സാക്ഷാൽ പീറ്റ്സാം പ്രസിനെ അട്ടിമറിച്ച് വരവറിയിച്ചു.2003 ലെ വിമ്പിൾഡൺ കിരീടനേട്ടമായിരുന്നു ഈ സ്വിറ്റ്സർലണ്ടുകാരന്റെ ആദ്യ ഗ്രാൻസ്ലാം കിരീടം. കളിയുടെ സൗന്ദര്യവും കുലീനതയിലെ അഴകും കഴിവും പ്രതിഭയും ഒത്തുചേർന്ന ഫെഡറർ തുടർ വിജയങ്ങളിലൂടെ ആധിപത്യം നേടി.വേഗവും ടെക്നിക്കും സമന്വയിപ്പിച്ച ശൈലിയായിരുന്നു ഫെഡററുടേത്. കോർട്ട് അളന്നുള്ള കളി, എതിരാളികൾക്ക് പിടികൊടുക്കാത്ത സർവ്, അതിവേഗത്തിലുള്ള പാദചലനങ്ങൾ, ശക്തിയും കൃത്യതയുമുള്ള ഗ്രൗണ്ട് സ്ട്രോക്കുകൾ, വോളി, ബാക്ക് ഹാൻഡ് ഷോട്ടുകൾ, റിട്ടേണുകൾക്കായി നീളമുള്ള സ് റ്റെപ്പുകൾ, നീണ്ട റാലികൾ എന്നിവ ഫെഡററെ ടെന്നീസ് കോർട്ടുകളിൽ അജയ്യനാക്കി.

പഴകുന്തോറും വീര്യമേറുന്ന വീഞ്ഞ് പോലെയാണ് ഫെഡററുടെ പ്രതിഭ. എളിമയുള്ള പെരുമാറ്റം ഫെഡററുടെ ആരാധകരുടെ എണ്ണം കൂട്ടി.പീറ്റ് സാംപ്രസിനെയും ആന്ദ്രേ അഗാസിയെയും അവരുടെ സുവർണ കാലത്ത് അട്ടിമറിച്ചു ജൈത്രയാത്ര ആരംഭിച്ച ഫെഡറർ റാഫേൽ നദാലിനെയും നൊവാക് ദ്യോക്കോവിച്ചിനെയും ആൻഡി മറെയെയും തോൽപിച്ച് ടെന്നീസിൽ ചരിത്രമെഴുതി. ആറ് ഓസ്ട്രേലിയൻ ഓപ്പൺ കിരീടങ്ങളും ഒരു ഫ്രഞ്ച് ഓപ്പൺ കിരീടവും 8 വിമ്പിൾഡൺ കിരീടങ്ങളും 5 യു.എസ് ഓപ്പൺ കിരീടങ്ങളും അടക്കം 20 ഗ്രാൻസ്ലാം കിരീടങ്ങളാണ് ഫെഡററുടെ ഷോക്കേസിൽ ഉള്ളത്.

പ്രായം തളർത്തിയെന്ന് വിമർശിച്ച വരെയെല്ലാം നിശബ്ദരാക്കി തന്റെ മുപ്പത്തിയാറാം വയസിൽ തുടരെ രണ്ട് ഗ്രാൻസ്ലാം കിരീടങ്ങളാണ് ഫെഡറർ നേടിയത്. ഓസ്ട്രേലിയൻ ഓപ്പൺ കിരീടവും വിമ്പിൾഡൺ കിരീടവും കിങ് റോജറുടെ പോരാട്ട വീര്യത്തിന് തെളിവായിരുന്നു.ഇതിന് പിന്നാലെ 2017 ലെ മികച്ച തിരിച്ചുവരവിനുള്ള ലൊ റെയ്സ് സ്പോർട്സ് അവാർഡും ഫെഡററെ തേടിയെത്തി.2018ലെ ഓസ്ട്രേലിയൻ ഓപ്പൺ കിരീടത്തിൽ മുത്തമിട്ട ഫെഡറർ ആകെ ഗ്രാൻസ്ലാം കിരീട നേട്ടം ഇരുപതിലെത്തിച്ചു. ഫെഡററുടെ കാലം കഴിഞ്ഞെന്ന് പരിഹസിച്ചവർക്കുള്ള മറുപടിയായിരുന്നു മുപ്പത്തിയേഴാം വയസിലെ കിരീട മധുരം. ഇതോടെ ഏറ്റവും കൂടുതൽ ഗ്രാൻസ്ലാം കിരീടങ്ങൾ നേടുന്ന പുരുഷ താരം എന്ന ബഹുമതിക്കും ഈ സ്വിറ്റ്സർലണ്ടുകാരൻ അർഹനായി.

കരിയർ സ്ലാമും കലണ്ടർ സ്ലാമും അടക്കം റെക്കോർഡുകൾ ഒത്തിരിയുണ്ട് ടെന്നീസിലെ ഈ നിത്യഹരിത നായകന്റെ പേരിൽ .ഇക്കഴിഞ്ഞ വിമ്പിൾഡണിൽ ഫൈനലിലെത്തിയ ഫെഡറർ അഞ്ച് സെറ്റ് നീണ്ടു നിന്ന ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് സെർബിയൻ താരം നൊവാക് ദ്യോക്കോവിച്ചിനോട് കീഴടങ്ങിയത്.ചരിത്രത്തിലാദ്യമായി ടൈബ്രേക്കർ വേണ്ടി വന്നു വിമ്പിൾഡൺ കിരീടവിജയിയെ നിർണയിക്കാൻ. ഫെഡററുടെ കരിയറിലെ എഴുപത്തിയേഴാം ഗ്രാൻസ്ലാം മത്സരമായിരുന്നു ഇക്കഴിഞ്ഞ വിമ്പിൾഡൺ ഫൈനൽ.

കളത്തിനു പുറത്തും മികച്ച വ്യക്തിത്വമാണ് റോജർ ഫെഡറർ.ഒട്ടനവധി ചാരിറ്റി പ്രവർത്തനങ്ങളിലും ചാരിറ്റി മത്സരങ്ങളിലും ഈ സ്വിസ്താരം സാനിധ്യം അറിയിക്കാറുണ്ട്. ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുമായി വളരെ അടുത്ത വ്യക്തി ബന്ധമുണ്ട് ഫെഡറർക്ക്.ഭാര്യയും മുൻ ടെന്നീസ് താരവുമായ മിർക്കയാണ് കരിയറിൽ ഫെഡറർക്ക് മുഖ്യ പ്രചോദനം. രണ്ട് വീതം ഇരട്ടക്കുട്ടികളാണ് ഫെഡറർ – മിർക്ക ദമ്പതികൾക്കുള്ളത്.മില റോസ് ഫെഡറർ, ഷാർലിൻ റിവ ഫെഡറർ, ലെനാർട്ട് ഫെഡറർ, ലെയോ ഫെഡറർ എന്നിവരാണ് മക്കൾ.

Related Articles

Latest Articles