Sunday, May 5, 2024
spot_img

ആര്‍ആര്‍ആര്‍ ആറാടുകയാണ്: വിസ്‌മയ കാഴ്ച്ചയൊരുക്കി ജൂനിയര്‍ എൻടിആർ, രാം ചരൺ, രാജമൗലി ടീം- റിവ്യു | RRR Movie Review

ബാഹുബലിക്ക് ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ആർആർആർ (RRR Movie Review) തീയേറ്ററുകളിൽ നിറഞ്ഞ കൈയ്യടി നേടി മുന്നേറുകയാണ്. പ്രഖ്യാപനം മുതൽ വലിയ ജനശ്രദ്ധ പിടിച്ചു പറ്റിയ ആർആർആറിൽ രാംചരൺ, ജൂനിയർ എൻടിആർ എന്നിവരാണ് നായകരായി എത്തുന്നത്.

ബാഹുബലി എന്ന ചിത്രത്തോടൊപ്പം തന്നെ ചേർത്ത് വെക്കാവുന്ന ആർ ആർ ആർ കൂടെ എത്തിയതോടെ രാജമൗലി എന്ന പേര് ഇന്ത്യൻ സിനിമയ്ക്ക് ഇന്നൊരു ബ്രാൻഡായി മാറിയിരിക്കുകയാണ്. ഒരുകാലത്ത് ഇന്ത്യൻ സിനിമ സ്വപ്നം കാണാൻ പോലും ഭയന്ന ബജറ്റിൽ, വലിയ കാൻവാസിൽ, കഥ പറഞ്ഞ് മിടുക്കുതെളിയിച്ച ഈ സംവിധായകന്റെ മേന്മ അറിഞ്ഞു തന്നെയാണ് ബാഹുബലിയെന്ന ബ്രഹ്മാണ്ഡചിത്രത്തിനു ശേഷം ‘ആർആർആർ’ എത്തുമ്പോൾ പ്രേക്ഷകരുടെ ആവേശം വാനോളം ഉയർന്നത്.

എന്തായാലും തിയേറ്ററുകളെ ഉത്സവപറമ്പാക്കുകയാണ് ആർആർആർ അഥവാ രൗദ്രം രണം രുധിരം എന്ന ചിത്രം. അക്ഷരാര്‍ഥത്തില്‍ ദൃശ്യ വിസ്‍മയങ്ങളുടെ ഒരു പൂരക്കാഴ്‍ചയാണ് ‘ആര്‍ആര്‍ആര്‍’. തിയറ്ററുകളില്‍ തന്നെ ചിത്രം കണ്ടിരിക്കേണ്ട ഒന്നുമാകുന്നു ‘ആര്‍ആര്‍ആര്‍’. ചടുലമായ വേഗമാണ് ആദ്യ പകുതിക്ക്. കഥാപാത്രങ്ങളെ കൃത്യമായി അടയാളപ്പെടുത്തിയ ശേഷമാണ് രാജമൗലി പ്രധാന സംഭവങ്ങളിലേക്ക് പോകുന്നത്.

രാം ചരണിന്റെയും ജൂനിയർ എൻടി ആറിന്റെയും കരിയർ ബെസ്റ്റ് പ്രകടനമാണ് ആർആർആറിൽ കാണാനാവുക. ആക്ഷൻ സീനുകളിലും നൃത്തരംഗങ്ങളിലും ഇരുവരും ഒപ്പത്തിനൊപ്പം നിൽക്കുന്നുണ്ട്. ഭീം എന്ന കഥാപാത്രമായി രക്ഷകനായി ജൂനിയർ എൻടിആറൂം, രാമരാജു എന്ന പൊലീസുദ്യോഗസ്ഥനായി രാംചരണും എത്തുമ്പോൾ, പ്രേക്ഷക ഹൃദയത്തിലേക്ക് ചേര്‍ക്കുന്ന തരത്തിലാണ് രാജമൗലി ഇരുവരെയും അവതരിപ്പിച്ചിരിക്കുന്നത്.

അതേസമയം ബ്രിട്ടീഷ് ഇന്ത്യയുടെ കാലമാണ് കഥയുടെ പശ്ചാത്തലം. ഭീമിനും രാമരാജുവിനും ഇടയിൽ ആഴമേറിയൊരു സൗഹൃദമുടലെടുക്കുന്നതും പിന്നീടുണ്ടാവുന്ന കുറേ നാടകീയമായ സംഭവങ്ങളുമാണ് ആർആർആർ പറയുന്നത്. ഒരു ഇമോഷണല്‍ ആക്ഷൻ ഡ്രാമയായി ‘ആര്‍ആര്‍ആര്‍’ അവതരിപ്പിക്കുന്നതില്‍ രാജമൗലി വിജയം കൈവരിക്കാനായിട്ടുണ്ടെന്ന് പ്രേക്ഷകർ ഒന്നടകം പറയുന്നു. മൂന്ന് മണിക്കൂർ ആറ് മിനിറ്റോളം ദൈർഘ്യമുള്ള ചിത്രത്തിലെ ഓരോ രംഗങ്ങളും ഓരോന്നും കൃത്യമായി കണക്റ്റ് ചെയ്ത് മറ്റൊന്നിലേക്ക് എത്തിക്കുകയും മുഷിച്ചല്‍ തോന്നാൻ ഒരു നിമിഷം പോലും പ്രേക്ഷകനെ അനുവദിപ്പിക്കാത്ത തരത്തിലാണ് ചിത്രത്തിന്റെ മേക്കിങ്.

രാംചരണ്‍,അജയ് ദേവ്ഗണ്‍,ആലിയ ഭട്ട്, ഒലിവിയ മോറിസ്, റേ സ്റ്റീവെന്‍സണ്‍, അലിസണ്‍ ഡൂഡി തുടങ്ങി വന്‍താരനിരയാണ് ആര്‍ആര്‍ആറിലുമുള്ളത്. ഡിവിവി ധനയ്യയാണ് ഈ ബ്രഹ്മാണ്ഡചിത്രത്തിന്റെ നിർമാതാവ്. എം.എം.കീരവാണിയുടെ സംഗീതമാണ് ആർആർആറിന്റെ നട്ടെല്ല്. കെ കെ സെന്തില്‍ കുമാറിന്റെ ഛായാഗ്രാഹണം രാജമൗലിയുടെ മനസ്സറിഞ്ഞാണ്. ‘ആര്‍ആര്‍ആര്‍’ എന്ന ചിത്രത്തിന്റ ചടുലത ശ്രീകര്‍ പ്രസാദിന്റെ ചിത്രസംയോജനത്തിനുള്ള കയ്യടി കൂടിയാണ്. ശ്രീകര്‍ പ്രസാദിന്റെ എഡിറ്റിംഗ് ഈ പവർപാക്ക് എന്റർടെയിനർ ചിത്രത്തോട് നീതി പുലർത്തുന്നുണ്ട്.

എന്തായാലും പ്രിയ സംവിധായകൻ രാജമൗലി ‘ബാഹുബലി’ക്ക് ശേഷം വീണ്ടും വിസ്‍മയിപ്പിച്ചിരിക്കുകയാണ്. നൂറുശതമാനവും തിയേറ്റർ എക്സ്പീരിയൻസ് ആവശ്യപ്പെടുന്ന ചിത്രം, ടെലിവിഷനോ ഒടിടിയ്ക്കോ ഒന്നും ആ വിഷ്വൽ ട്രീറ്റ് സമ്മാനിക്കാവില്ല എന്നുള്ള കാര്യവും നിസംശയം പറയാം.

Related Articles

Latest Articles