Thursday, May 16, 2024
spot_img

‘ലോകായുക്ത എന്ന സംവിധാനത്തെയല്ല, മറിച്ച് ലോകായുക്തയുടെ നടപടികളെയാണ് വിമർശിച്ചത്’-പ്രതികരണവുമായി ദുരിതാശ്വാസനിധി കേസിലെ പരാതിക്കാരൻ ആർ.എസ്.ശശികുമാർ

തിരുവനന്തപുരം : ലോകായുക്ത എന്ന സംവിധാനത്തെയല്ല, മറിച്ച് ലോകായുക്തയുടെ നടപടികളെയാണ് വിമർശിച്ചതെന്ന് മുഖ്യമന്ത്രിക്കെതിരായ ദുരിതാശ്വാസനിധി കേസിലെ പരാതിക്കാരൻ ആർ.എസ്.ശശികുമാർ വ്യക്തമാക്കി.

“ലോകായുക്തയിൽ വിശ്വാസമുള്ളതു കൊണ്ടാണ് അഞ്ചു വർഷങ്ങൾക്കു മുൻപ് ഫയൽ ചെയ്ത ഹർജി തീർപ്പാക്കുന്നതിനായി വാദം നടക്കുന്ന ദിവസങ്ങളിൽ നിരന്തരം ഹാജരായിരുന്നത്. എന്നാൽ, 2019ൽ ലോകായുക്തയുടെ മൂന്നംഗ ബെഞ്ച് തീർപ്പ് കൽപ്പിച്ച ഹർജിയുടെ നിലനിൽപ് പരിശോധിക്കാൻ വീണ്ടും തീരുമാനിച്ചതിനാലാണ് റിവ്യൂ ഹർജി ഫയൽ ചെയ്തത്. അതിനെ വ്യക്തിപരമായ അധിക്ഷേപമായി കാണേണ്ടതില്ല. മുഖ്യമന്ത്രി വിളിച്ചുചേർത്ത ഇഫ്താർ വിരുന്നിൽ ലോകായുക്തമാർ പങ്കെടുത്തത് സുപ്രീംകോടതിയുടെ നിർദേശങ്ങൾക്ക് വിരുദ്ധമായാണ്. സ്നേഹിതരിൽ നിന്നോ ബന്ധുക്കളിൽനിന്നോ അല്ലാതെ മറ്റാരിൽനിന്നും സമ്മാനങ്ങളോ ആതിഥ്യ മര്യാദയോ സ്വീകരിക്കാൻ പാടില്ലെന്നിരിക്കെ, ഈ ചട്ടങ്ങൾ മറികടന്ന്, മുഖ്യമന്ത്രിക്കെതിരായ കേസ് പരിഗണനയിലിരിക്കെ അതിഥിമാരായി ഇവർ പങ്കെടുത്തതിലെ അനൗചിത്യമാണ് വിമർശിക്കപ്പെട്ടത്.

മുൻ മന്ത്രി കെ.ടി.ജലീൽ മ്ലേച്ഛമായ ഭാഷയിൽ ലോകായുക്തയെ പരസ്യമായി വിമർശിച്ചിട്ടും മറിച്ച് ഒരക്ഷരം ഉരിയാടാത്ത ലോകായുക്ത, നടപടികളിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി വിമർശിച്ച ഹർജിക്കാരനെ തുറന്ന കോടതിയിൽ പരസ്യമായി പേപ്പട്ടിയെന്ന് അധിക്ഷേപിച്ചതിന്റെ ഔചിത്യം ജനങ്ങൾ വിലയിരുത്തും. പേപ്പട്ടി ഹർജിക്കാരെന്റേതായാലും, ലോകയുക്തയുടെതായാലും പേ പിടിച്ചാൽ മാറിപോവുകയല്ല, തല്ലികൊല്ലുകയാണ് വേണ്ടത്. ചങ്ങലയ്ക്ക് ഭ്രാന്ത് പിടിച്ചാൽ എന്തു ചെയ്യുമെന്നും ആർ.എസ്.ശശികുമാർ ചോദിച്ചു.

Related Articles

Latest Articles