കൊല്ലത്ത് വച്ച് മാധ്യമങ്ങൾക്കു മുന്നിൽ എന്‍.കെ പ്രേമചന്ദ്രനെ വ്യക്തിപരമായി അധിക്ഷേപിച്ച സിപിഎം സംസ്ഥാന സെക്രടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയ്ക്ക് എതിരെ നടപടി ആവശ്യപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ.അസീസ്‌ പരാതി നല്‍കി .

കഴിഞ്ഞ ദിവസം കൊല്ലത്ത് നടന്ന ചടങ്ങില്‍ പങ്കെടുത്തതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് ‘ ബാലഗോപാല്‍ നല്ല ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നും അപ്പുറത്തുള്ള സ്ഥാനാര്‍ഥിയെ ഇപ്പോള്‍ തന്നെ നിങ്ങള്‍ക്ക് മനസിലായിട്ടുള്ളതാണ് . ഏതു സമയത്തും ബിജെപിയിലേക്ക് പോകാന്‍ പറ്റുന്ന ഒരാളെയാണ് യു.ഡി.എഫ് ഇവിടെ സ്ഥാനാര്‍ഥിയായി നിറുത്തിയിരിക്കുന്നത് ‘ എന്ന് കോടിയേരി പരസ്യ പ്രസ്താവന നടത്തിയത് .ഈ പ്രസ്താവനയ്ക്ക് എതിരെയാണ് പരാതി നല്‍കിയിരിക്കുന്നത് .

ഇത് പ്രേമചന്ദ്രനെ മനപ്പൂര്‍വം അപകീര്‍ത്തിപ്പെടുത്താനും വോട്ടര്‍മാരില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാനും വേണ്ടിയാണ് . ഈ പരാമര്‍ശ സമയത്ത് കെ.എന്‍ ബാലഗോപാലിന്റെ സാന്നിധ്യമുള്ളതിനാല്‍ പെരുമാറ്റചട്ടം ലംഘിച്ചതിന് അദ്ദേഹത്തിനെതിരെയും നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്