Wednesday, May 8, 2024
spot_img

ആള്‍ക്കൂട്ട ആക്രമണം രാജ്യത്തിന്‍റെ സംസ്‌കാരത്തിന് എതിര് ; വിജയദശമി ദിനത്തില്‍ ആര്‍എസ്എസ് സര്‍സംഘ ചാലക്

നാഗ്പൂര്‍: ആള്‍ക്കൂട്ട ആക്രമണം പാശ്ചാത്യ നിര്‍മിതിയാണെന്നും ഭാരതത്തിന്‍റെ യശസിന് കളങ്കമാണെന്നും ആര്‍എസ്എസ് സര്‍സംഘ ചാലക് മോഹന്‍ ഭാഗവത്. വിജയദശമി ദിനത്തില്‍ നാഗ്പൂരില്‍ സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആള്‍ക്കൂട്ട ആക്രമണം ഇന്ത്യന്‍ സംസ്‌കാരത്തിന്‍റെ ഭാഗമല്ല, അതു മറ്റൊരു മതസംസ്‌കാരത്തിന്‍റെ ഭാഗമാണ്. അതിനാല്‍ ഇത്തരം നടപടികള്‍ ഇന്ത്യക്കാരില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കരുത്. രാജ്യത്തിന്‍റെ ഐക്യത്തിനു വേണ്ടി നമ്മുടെ നിയമവ്യവസ്ഥിതിക്ക് അനുസൃതമായി പ്രവര്‍ത്തിക്കാനാണ് ഓരോ പൗരനും ശ്രമിക്കേണ്ടത്. കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയ നടപടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ആഭ്യന്തരമന്ത്രി അമിത് ഷായേയും മോഹന്‍ ഭാഗവത് പ്രശംസിച്ചു. ചില നിക്ഷിപ്ത താത്പര്യക്കാര്‍ നമ്മുടെ രാജ്യം ശക്തവും ഊര്‍ജസ്വലവുമായി ഇരിക്കുന്നത് കാണാന്‍ ആഗ്രഹിക്കുന്നില്ല. അവര്‍ക്കുള്ള മറുപടി കൂടിയായിരുന്നു കേന്ദ്രസര്‍ക്കാര്‍ നടപടിയെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.

നമ്മുടെ രാജ്യത്തെ അസ്ഥിരപ്പെടുത്താനും അസ്വസ്ഥമാക്കാനും ശ്രമിക്കുന്ന ഇടപെടലുകളെ ചെറുക്കാന്‍ നാം ബൗദ്ധികമായും സാമൂഹികമായും തയാറെടുക്കണം. ഇന്ത്യയിലെ ജനാധിപത്യം ഏതെങ്കിലും രാജ്യത്ത് നിന്നു അനുകരിച്ചതോ ഇറക്കുമതി ചെയ്തതോ അല്ല. മറിച്ച് നൂറ്റാണ്ടുകളായി കടന്നുപോരുന്ന ഇന്ത്യന്‍ സംസ്‌കാരത്തിന്‍റെ ഭാഗമാണത്. ഇന്ത്യയുടെ അതിര്‍ത്തികള്‍ മുമ്പത്തേക്കാള്‍ സുരക്ഷിതമാണെന്നും തീരദേശ സുരക്ഷയില്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമാണെന്നും ഭാഗവത് വ്യക്തമാക്കി. അതിര്‍ത്തികളിലെ ജവാന്‍മാരുടെതും ചെക്ക് പോസ്റ്റുകളുടെയും എണ്ണം വര്‍ധിപ്പിക്കണം. സമുദ്ര അതിര്‍ത്തിയിലെ നിരീക്ഷണം, പ്രത്യേകിച്ച് ദ്വീപുകളില്‍ കൂടുതല്‍ ശക്തമാക്കണമെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.

ലോക സമ്പദ് വ്യവസ്ഥയുടെ മാന്ദ്യം എല്ലായിടത്തും സ്വാധീനം ചെലുത്തുന്നുണ്ട്. അതിന്‍റെ അലയൊലികള്‍ ഇന്ത്യയിലും ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ഒന്നര മാസമായി സ്ഥിതിഗതികള്‍ പരിഹരിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ ശക്തമായ ഇടപെടല്‍ നടത്തുകയാണ്. ഈ വെല്ലുവിളി ഉടന്‍ നമ്മള്‍ അതിജീവിക്കുമെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. പരിപാടിയില്‍ മോഹന്‍ഭാഗവത് വിജയദശമി-ദസറ സന്ദേശങ്ങള്‍ നല്‍കി.

സംഘത്തിന്‍റെ വിജയദശമി പരിപാടിയില്‍ രാവിലെ മോഹന്‍ ഭഗവത് ‘ശാസ്ത്ര പൂജ’ നടത്തി. എച്ച്‌സിഎല്‍ സ്ഥാപകന്‍ ശിവ് നാടാര്‍ ഈ വര്‍ഷത്തെ പരിപാടിയില്‍ മുഖ്യാതിഥിയായിരുന്നു. കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്കരി, വി.കെ.സിങ്, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു

Related Articles

Latest Articles