നാഗ്പൂർ: റിപ്പബ്ലിക്ക് ദിനത്തിൽ ദേശീയപതാക ഉയർത്തി ആർ.എസ്.എസ് നാഗ്പൂർ കാര്യാലയം(RSS Republic Day Celebration). ആർ.എസ്.എസ് സർസംഘചാലക് മോഹൻ ഭാഗവത് തന്റെ ഔദ്യോഗിക യാത്രയോടനുബന്ധിച്ച് ത്രിപുരയിലാണ് ദേശീയ പതാക ഉയർത്തിയത്. ത്രിപുരയുടെ തലസ്ഥാനമായ അഗർത്തലയിലെ സേവാധാം പരിസരത്താണ് പരിപാടി നടന്നത്.
പൂർണ്ണമായും കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു നടന്ന പരിപാടിയിൽ മോഹൻ ഭാഗവത് പ്രവർത്തകരെ അഭിസംബോധന ചെയ്തു. നാഗ്പൂരിലെ കേന്ദ്രകാര്യാലയമായ മോഹിതേ വാഡ മഹാലിൽ പതിവുപോലെ രാവിലെ 8.30നാണ് പരിപാടി നടന്നത്. മഹാനഗർ സംഘചാലക് രാജേഷ് ലോയയാണ് ദേശീയ പതാക ഉയർത്തിയത്. തുടർന്ന് റിപ്പബ്ലിക് ദിനത്തിന്റേയും സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവത്തിന്റെ പ്രാധാന്യവും അദ്ദേഹം ഓർമ്മിപ്പിച്ചു.
അതേസമയം രാജ്യം ഇന്ന് 73-ാം റിപ്പബ്ലിക് ദിനാഘോഷത്തിന്റെ പ്രധാന ചടങ്ങുകൾ നടത്തുമ്പോൾ ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കുകയാണ് ഇന്ത്യൻ സേനാ വിഭാഗങ്ങൾ. ഒരാഴ്ച നീണ്ടുനിൽക്കുന്ന ആഘോഷത്തിനായി കഴിഞ്ഞ ഒരു മാസമായി സേനാ വിഭാഗങ്ങൾ പരിശീലനങ്ങൾ നടത്തുകയായിരുന്നു. കരസേനയുടെ ലഫ്റ്റനന്റ് ജനറൽ വിജയ്കുമാർ മിശ്രയാണ് പരേഡ് നയിക്കുന്നത്. അതി വിശിഷ്ട സേനാ മെഡൽ നേടിയ സൈനിക ഉദ്യോഗസ്ഥനാണ് മിശ്ര. ഇദ്ദേഹ ത്തിനൊപ്പം സെക്കന്റ് ഇൻ കമാന്റായി മേജർ ജനറൽ അലോക് കാക്കറും പരേഡിനൊപ്പമുണ്ട്.

