മോസ്കോ : റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനെതിരെ യുക്രെയ്ൻ വധശ്രമം നടത്തിയെന്നാരോപിച്ച് റഷ്യ. പുട്ടിനെ വധിക്കണമെന്ന ഉദ്ദേശത്തോടെ യുക്രെയ്ൻ വിക്ഷേപിച്ച രണ്ട് ഡ്രോണുകൾ വെടിവച്ചിട്ടെന്നും റഷ്യ വ്യക്തമാക്കി. നേരത്തെ ക്രെംലിനിലെ പുട്ടിന്റെ കൊട്ടാരത്തിനു പുറകിൽനിന്നു പുക ഉയരുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. സമൂഹ മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന ഈ വിഡിയോയുടെ വിശ്വാസ്യത സംബന്ധിച്ച് അവ്യക്തത നിലനിൽക്കുകയാണ്.
ക്രെംലിനിലെ കൊട്ടാരം ലക്ഷ്യമാക്കിയാണ് രണ്ടു ഡ്രോണുകളും എത്തിയതെന്ന് റഷ്യൻ സുരക്ഷാ അധികൃതർ അറിയിച്ചു. പ്രസിഡന്റിനെ വധിക്കാനുള്ള ഭീകരാക്രമണമായിരുന്നു ആസൂത്രണം ചെയ്തിരുന്നത്. എന്നാൽ ക്രെംലിനിൽ യാതൊരു നാശനഷ്ടവുമുണ്ടായില്ലെന്നും പുട്ടിൻ സുരക്ഷിതനാണെന്നും അറിയിച്ചു. സംഭവത്തിനു പിന്നാലെ, അനുമതിയില്ലാതെ ഡ്രോണുകൾ പറത്തുന്നത് വിലക്കി മോസ്കോ മേയർ ഉത്തരവിറക്കി.
അതേസമയം, മേയ് 9ന് നടത്തുന്ന വിക്ടറി പരേഡ് പതിവുപോലെ നടത്തും . യുക്രെയ്നിൽനിന്നു ഭീഷണി വർധിച്ചതോടെ കനത്ത സുരക്ഷയാണ് വികട്റി പരേഡിനൊരുക്കിയിരിക്കുന്നത്. നാസികളെ തുരത്തിയത്തിന്റെ ഓർമയായാണ് റഷ്യ വിക്ടറി പരേഡ് നടത്തുന്നത്.
റഷ്യൻ എനർജി, ലൊജിസ്റ്റിക്, സൈനിക കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ നേരത്തെ യുക്രെയ്ൻ ഡ്രോൺ ആക്രമണം നടത്തിയിരുന്നു. എന്നാൽ പുട്ടിന് നേരെ നടന്ന ആക്രമണത്തിൽ പങ്കില്ലെന്നാണ് യുക്രെയ്ൻ പ്രതികരിച്ചിരിക്കുന്നത്.

