Friday, May 10, 2024
spot_img

‘ചന്ദ്രയാന് പിന്നാലെ ഗഗൻയാൻ‘; ബഹിരാകാശത്ത് ചരിത്രം രചിക്കാനൊരുങ്ങി ഇന്ത്യ

മോസ്കോ: ചന്ദ്രയാൻ ചരിത്രക്കുതിപ്പ് തുടരുന്നതിന് പിന്നാലെ ഗഗൻയാൻ എന്ന ബഹിരാകാശ ദൗത്യത്തിന്‍റെ നടപടികൾ ഊർജ്ജിതമാക്കി ഇന്ത്യ. ബഹിരാകാശത്ത് മനുഷ്യനെ എത്തിക്കുക എന്നതാണ് ദൗത്യത്തിന്റെ ലക്ഷ്യം. ഇന്ത്യയുടെ ഈ സുപ്രധാന ബഹിരാകാശ ദൗത്യത്തിന് പൂർണ്ണ പിന്തുണയറിയിച്ച് റഷ്യ രംഗത്ത് വന്നു. പദ്ധതിക്ക് ആവശ്യമായ സാങ്കേതിക പിന്തുണ നൽകുമെന്ന് റഷ്യ വ്യക്തമാക്കി.

യാത്രികർക്ക് പേടകത്തിനുള്ളിൽ ആവശ്യമായ വസ്തുക്കൾ വിതരണം ചെയ്യാമെന്ന് ഇന്ത്യയെ അറിയിച്ചതായി റഷ്യയുടെ ബഹിരാകാശ ഗവേഷണ വിഭാഗമായ റോസ്കോസ്മോസ് അറിയിച്ചു.റഷ്യയിലെ വ്ളാഡിവോസ്റ്റോകിൽ സെപ്റ്റംബർ 4 മുതൽ 6 വരെ നടക്കുന്ന കിഴക്കൻ സാമ്പത്തിക ഫോറത്തിന്‍റെ യോഗത്തിൽ വിഷയവുമായി ബന്ധപ്പെട്ട് റഷ്യയും ഇന്ത്യയും ചർച്ച നടത്തും.

മനുഷ്യനിയന്ത്രിതമായ ബഹിരാകാശ പേടകങ്ങൾ, ഉപഗ്രഹ വിന്യാസം, യന്ത്രസാങ്കേതിക വിദ്യ എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി പ്രാരംഭ ചർച്ചകൾ നടത്തിയതായി റോസ്കോസ്മോസ് ഡയറക്ടർ ജനറൽ ദിമിത്രി റോഗോസിൻ അന്താരാഷ്ട്ര മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

ഇന്ത്യൻ ബഹിരാകാശ ശാസ്ത്രജ്ഞർക്ക് റഷ്യയിലെ യൂറി ഗഗാറിൻ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിൽ പരിശീലനം നൽകുമെന്നും റഷ്യൻ ഏജൻസിയായ് ഗ്ലാവ്കോസ്മോസ് വിശദീകരിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്നപദ്ധതികളിലൊന്നായ ഗഗൻയാൻ 2022ൽ പ്രയാണമാരംഭിക്കുമെന്ന് ഐ എസ് ആർ ഒ നേരത്തെ വ്യക്തമാക്കിയിരുന്നു.

Related Articles

Latest Articles