Sunday, May 19, 2024
spot_img

യുക്രെയ്ൻ-റഷ്യ സമാധാന ചർച്ച; പ്രതീക്ഷയോടെ ലോകം; യുഎൻ പൊതുസഭ ഇന്ന് ചേരും

കീവ്: യുക്രെയ്ൻ-റഷ്യ യുദ്ധം (Ukraine-Russia War) കൊടുമ്പിരികൊണ്ടിരിക്കുകയാണ്. യുദ്ധം നടന്നുകൊണ്ടിരിക്കുന്ന ഈ പ്രതികൂല സാഹചര്യത്തിൽ ശുഭപ്രതീക്ഷകളുമായി ഇരു രാജ്യങ്ങളുടേയും പ്രതിനിധികൾ തമ്മിൽ നടത്തുന്ന ചർച്ച പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ശുഭവാർത്തയുമായി ചർച്ച അവസാനിക്കുമെന്ന പ്രതീക്ഷയിൽ ചർച്ച നടക്കുന്ന ബെലാറൂസിലേക്ക് കണ്ണും നട്ട് കാത്തിരിക്കുകയാണ് ലോകം മുഴുവൻ.

എന്നാൽ ഉപാധികളില്ലാത്ത ചർച്ചയാണെന്നാണ് റഷ്യയുടെ പ്രതികരണം. ഇപ്പോഴത്തെ ചര്‍ച്ചയില്‍ പ്രതീക്ഷയില്ലെന്നാണ് യുക്രെയ്ൻ പ്രസിഡന്‍റ് സെലന്‍സ്‌കി പ്രതികരിച്ചത്. ഒരു ശ്രമം നടത്താമെന്ന ചിന്ത മാത്രമേയുള്ളൂ, താൻ ശ്രമിച്ചില്ലെന്ന് യുക്രെയ്ൻ ജനത കുറ്റപ്പെടുത്തരുത്’, അതിനാലാണ് വഴങ്ങിയതെന്നും സെലന്‍സ്‌കി പ്രതികരിച്ചിരുന്നു. പ്രസിഡന്റിന്റെ പ്രതിനിധി സംഘങ്ങളുള്‍പ്പെടെയാണ് ചര്‍ച്ച നടക്കുന്നത്. വിദേശകാര്യ മന്ത്രാലയത്തിലെ പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്. ബെലൂറസിലെ രഹസ്യ കേന്ദ്രത്തിലാണ് ചര്‍ച്ച. യുക്രെയ്ൻ പ്രസിഡന്റ് വ്‌ളോഡിമിർ സെലൻസ്‌കിയും ബെലാറൂസ് പ്രസിഡന്റ് അലക്‌സാണ്ടർ ലുക്കാഷെങ്കോയും ഇന്നലെ നടത്തിയ ടെലിഫോൺ സംഭാഷണത്തിന് പിന്നാലെയാണ് ഇരു രാജ്യങ്ങളും തമ്മിൽ ചർച്ച നടത്താൻ തീരുമാനമായത്.

ചര്‍ച്ച പുരോഗമിക്കുകയാണെന്നും ശുഭവാര്‍ത്തയാണ് പ്രതീക്ഷിക്കുന്നതെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള സമാധാന ചർച്ചയിൽ ലോകം വലിയ പ്രതീക്ഷയാണ് വയ്ക്കുന്നത്. അതേസമയം അടിയന്തിരമായി പൊതുയോഗം ചേർന്ന് സ്ഥിതി വിലയിരുത്താനാണ് ഐക്യരാഷ്‌ട്ര സഭയുടെ തീരുമാനം. അതോടൊപ്പം ഇന്ന് ഐക്യരാഷ്‌ട്ര സഭ രക്ഷാസമിതി യോഗം ചേരും. ഇന്ന് നടക്കുന്ന യോഗത്തിൽ സഭയിലെ 193 രാജ്യങ്ങളും യുദ്ധത്തിൽ അവരുടെ നിലപാട് അറിയിക്കുമെന്നാണ് വിവരം.

എന്നാൽ പോരാട്ടം തുടരുന്ന യുക്രെയ്ൻ ലോകത്തിന് മുന്നിൽ പുതിയ ആവശ്യം മുന്നോട്ടുവച്ച് രംഗത്തെത്തിയിട്ടുണ്ട്. റഷ്യയിൽ നിന്ന് ലോക രാജ്യങ്ങൾ എണ്ണയും ഗ്യാസും വാങ്ങരുതെന്ന് യുക്രെയ്ൻ അഭ്യർത്ഥിച്ചു. സാധാരണക്കാരായ ജനങ്ങളുടെ ചോരയാണ് റഷ്യ ഉറ്റുനോക്കുന്നതെന്നും എണ്ണയും ഗ്യാസും വാങ്ങുന്നവ‍ർ റഷ്യയെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാണെന്നും യുക്രെയ്ൻ അഭിപ്രായപ്പെട്ടു. അതിനിടെ യുക്രെയ്ന് ആയുധങ്ങൾ വാങ്ങാൻ യൂറോപ്യൻ യൂണിയൻ (EU) പിന്തുണ അറിയിച്ചിട്ടുണ്ട്. ബലാറൂസിന് മേൽ യൂറോപ്യൻ യൂണിയൻ ഉപരോധം ഏർപ്പെടുത്തി. റഷ്യൻ മാധ്യമങ്ങളെ വിലക്കാനും തീരുമാനമായി. റഷ്യൻ വിമാനങ്ങൾക്ക് യൂറോപ്യൻ യൂണിയൻ വ്യോമപാത നിഷേധിച്ചിട്ടുമുണ്ട്. അതേസമയം യുക്രെയ്ൻ തലസ്ഥാനമായ കീവിലടക്കം ശക്തമായ യുദ്ധം ഇപ്പോഴും നടക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ കാർഗോ വിമനമായ അന്‍റണോവ് 225 മിരിയ റഷ്യൻ ആക്രമണത്തിൽ തകർന്നെന്ന റിപ്പോ‍ർട്ടുകളും പുറത്തുവന്നിട്ടുണ്ട്.

Related Articles

Latest Articles