Saturday, January 10, 2026

റഷ്യ-യുക്രെയ്ൻ യുദ്ധം: ആദ്യ ദിനത്തിൽ കൊല്ലപ്പെട്ടത് 137 പേർ, മരിച്ചവരിൽ കൂടുതൽപേരും സാധാരണക്കാരായ ആളുകൾ

കീവ്: റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ (Russia- Ukraine War) ആദ്യ ദിനത്തിൽ കൊല്ലപ്പെട്ടത് 137 പേരെന്ന് റിപ്പോർട്ട്. യുക്രെയ്ൻ പ്രസിഡന്റ് വ്ളോഡിമർ സെലെൻസ്‌കിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സൈനികരും സാധാരണക്കാരും ഉൾപ്പെടെയുള്ളവരുടെ കണക്കാണിത്. നൂറുക്കണക്കിന് പേർക്ക് പരിക്കേറ്റതായും അദ്ദേഹം വ്യക്തമാക്കി. ഇന്ന് പുലർച്ചയോടെ പുറത്തുവിട്ട വീഡിയോ സന്ദേശത്തിലാണ് യുക്രെയ്ൻ പ്രസിഡന്റ് ഇക്കാര്യം സ്ഥിരീകരിച്ചത്. യുദ്ധത്തിൽ ജീവൻ പൊലിഞ്ഞവരെ ‘നായകർ’ എന്നും സെലൻസ്‌കി അഭിസംബോധന ചെയ്തു. സൈനിക ശക്തിയെ മാത്രമേ ആക്രമിക്കൂവെന്ന റഷ്യയുടെ വാദം തെറ്റാണെന്നും സാധാരണക്കാരും ആക്രമണത്തിന് ഇരയാകുന്നുണ്ടെന്നും സെലൻസ്‌കി അറിയിച്ചു.

അതേസമയം പലയിടത്തും യുക്രെയ്ൻ ജനങ്ങൾ പെട്ടുകിടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സാധാരണക്കാരായ ജനങ്ങൾ ഉൾപ്പെടെയുള്ളവരെ കൊലപ്പെടുത്തി ശാന്തമായ അന്തരീക്ഷത്തെയും പ്രദേശത്തെയും സൈന്യത്തിന്റെ അധീനതയിലാക്കുകയാണ് റഷ്യ. അത് തെറ്റാണെന്നും മാപ്പർഹിക്കുന്നതല്ലെന്നും സെലൻസ്‌കി വീഡിയോ സന്ദേശത്തിൽ പ്രഖ്യാപിച്ചു. എന്നാൽ അയൽരാജ്യങ്ങളിലേക്ക് യുക്രെയിനിൽ നിന്ന് വലിയ അഭയാർത്ഥി പ്രവാഹമാണ് ഉണ്ടായിരിക്കുന്നത്.

അതേസമയം യുക്രെയിനിൽ നിന്നുള്ള അഭയാർത്ഥികളെ ഇരുകൈകളും നീട്ടി സ്വീകരിക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. യുഎസ് വൈറ്റ് ഹൗസ് ആണ് ഇക്കാര്യം പുറത്തുവിട്ടത്. എന്നാൽ യുക്രെയ്ൻ നാറ്റോയിലെ 27 രാജ്യങ്ങളോട് അടക്കം യുദ്ധത്തിന്‍റെ ആദ്യദിനം തന്നെ സഹായം തേടിയെന്നും, എന്നാൽ ആരും സഹായിക്കാൻ തയ്യാറായില്ലെന്നും യുക്രെനിയൻ പ്രസിഡന്‍റ് വ്‌ളോഡിമിർ സെലൻസ്കി പറഞ്ഞു. എല്ലാവർക്കും ഭയമാണെന്നും റഷ്യൻ സൈന്യത്തിന്‍റെ ലക്ഷ്യം താനാണ് എന്നും സെലൻസ്കി പറഞ്ഞു. റഷ്യൻ അട്ടിമറി സംഘങ്ങൾ കീവിൽ പ്രവേശിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Latest Articles