Sunday, October 25, 2026

റഷ്യ-യുക്രൈൻ യുദ്ധം; യുക്രെയ്ൻ സൈന്യത്തിനൊപ്പം ചേർന്ന ഇന്ത്യൻ വിദ്യാർത്ഥിയ്‌ക്ക് തിരികെ വരണം: മടക്കിക്കൊണ്ടുവരാമെന്ന് കേന്ദ്രം

ചെന്നൈ: റഷ്യ-യുക്രൈൻ യുദ്ധത്തിൽ യുക്രൈൻ സൈന്യത്തിന്റെ ഭാഗമായ ഇന്ത്യൻ വിദ്യാർത്ഥി തിരികെ നാട്ടിൽ വരാൻ തയ്യാറാണെന്ന് മാതാപിതാക്കൾ അറിയിച്ചു. കോയമ്പത്തൂർ സ്വദേശിയായ സായ്‌നികേഷാണ് യുക്രൈൻ പ്രതിരോധ സേനയിൽ ചേർന്നത്. മൂന്ന് ദിവസം മുൻപ് മകനുമായി സംസാരിച്ചുവെന്നും അവൻ നാട്ടിലേക്ക് വരാൻ സന്നദ്ധത അറിയിച്ചതായും പിതാവ് രവിചന്ദ്രൻ അറിയിച്ചു.

മകന്റെ ആവശ്യം വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്. എത്രയും പെട്ടന്ന് സായ് നികേഷിനെ കണ്ടെത്തി മടക്കിക്കൊണ്ടുവരാമെന്ന് വിദേശകാര്യമന്ത്രാലയം ഉറപ്പ് നൽകിയതായി സായ്‌നികേഷിൻറെ പിതാവ് രവിചന്ദ്രൻ പറഞ്ഞു. അതേസമയം രക്ഷാപ്രവർത്തനം ഇനി ദുഷ്‌കരമായിരിക്കുമെന്നാണ് എംബസിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിക്കുന്നത്.

ഖാർകിവ് എയറോനോട്ടിക്കൽ സർവകലാശാലയിൽ വിദ്യാർത്ഥിയാണ് സായി നികേഷ്. വിദേശ പൗരൻമാ‍‍ർ ഉൾപ്പെടുന്ന ഇന്‍റർനാഷണൽ ലീജിയൺ ഫോർ ടെറിറ്റോറിയൽ ‍ഡിഫെൻസിൽ സായിനികേഷ് ചേർന്നുവെന്നായിരുന്നു വിവരം. കോയമ്പത്തൂരിൽ പ്ലസ് ടു പഠനം പൂർത്തിയാക്കിയതിന് ശേഷം ഇന്ത്യൻ സൈന്യത്തിൽ ചേരാൻ സായി നികേഷ് ശ്രമിച്ചെങ്കിലും ശാരീരിക യോഗ്യതാ പരിശോധനയിൽ പരാജയപ്പെട്ടു. ഇതോടെ സായിക്ക് സൈന്യത്തിലേക്കുള്ള പ്രവേശനം സാധ്യമായില്ല.

Related Articles

Latest Articles