ദില്ലി: റഷ്യ-യുക്രെയ്ന് യുദ്ധം ഏഴാം ദിനമായ ഇന്നും ശക്തമായി തന്നെ തുടരുകയാണ്. ഈ സാഹചര്യത്തിൽ രാജ്യാന്തര വിപണിയില്‍ എണ്ണവില കുതിച്ചു കയറുകയാണ്. ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 110 ഡോളറിന് മുകളിലായതായാണ് ഒടുവില്‍ ലഭിച്ച റിപ്പോർട്ട്.
ഒരു മാസത്തിനിടെ ബ്രെന്റ് ക്രൂഡിന്റെ വിലയില്‍ 22 ഡോളര്‍ വര്‍ധനവാണ് ഉണ്ടായത്. 2014 ന് ശേഷം ക്രൂഡിന്റെ വില ഇത്രയും ഉയരുന്നത് ഇതാദ്യമായിട്ടാണ്. റഷ്യക്കെതിരെ യൂറോപ്പ് കടുത്ത ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയതോടെയാണ് എണ്ണവില കുതിച്ച് ഉയരാന്‍ തുടങ്ങിയത്.
റഷ്യയില്‍ നിന്നുള്ള കയറ്റുമതി നിര്‍ത്തലാക്കുമെന്ന ആശങ്കയും ഇതിന് ആക്കം കൂട്ടി. ലോകത്തെ മൂന്നാമത്തെ വലിയ എണ്ണ ഉത്പാദക രാജ്യമാണ് റഷ്യ.

