Wednesday, May 15, 2024
spot_img

ദുരൂഹ ചരക്കുമായി റഷ്യൻ സൈനിക വിമാനം താജികിസ്ഥാനിൽ കത്തിച്ചാമ്പലായി ; യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ; അഗ്നിക്കിരയായത് സ്‌കോവ് എയർബോൺ ട്രൂപ്പിന്റെ വിമാനമെന്ന് റിപ്പോർട്ട്

പറന്നുയരാനുള്ള ശ്രമത്തിനിടെ റഷ്യൻ സൈന്യത്തിന്റെ യുദ്ധവിമാനം അഗ്‌നിക്കിരയായി. ഐ ഐ -76 യുദ്ധവിമാനമാണ് അപകടത്തിനിരയായത് എന്നാണ് ലഭിക്കുന്ന വിവരം. താജികിസ്ഥാനിന്റെ തലസ്ഥാനമായ ഡുഷാൻബെക്കിന് സമീപത്തുള്ള ഗിസ്സാർ എയർബേസ് എന്നറിയപ്പെടുന്ന ഐനി സൈനിക കേന്ദ്രത്തിലായിരുന്നു അപകടം. വിമാനം അഗ്നിക്കിരയാകുന്നതിന് മുൻപ് ജീവനക്കാരെയും യാത്രക്കാരെയും രക്ഷിച്ചു. എട്ടുപേരാണ് മരണത്തെ മുഖാമുഖം കണ്ട് രക്ഷപ്പെട്ടത്

സൈനിക താവളത്തിൽ നിന്ന് ചരക്ക് കയറ്റുവാൻ ഇടക്കിടെ റഷ്യൻ സൈനിക വിമാനങ്ങൾ എത്താറുണ്ടെങ്കിലും വിമാനത്തിൽ നിറയ്ക്കുന്ന ചരക്ക് എന്ത് എന്നതിൽ ദുരൂഹത നിലനിൽക്കുകയാണ്. ഒന്നര വർഷമായിതുടരുന്ന യുക്രെയ്ൻ യുദ്ധത്തിൽ, തങ്ങളുടെ ഏറ്റവും വലിയ സഖ്യ കക്ഷിയായ ബെലാറൂസ് വഴി സഹായങ്ങൾ എത്തിച്ചിരുന്ന വിമാനമാണ് കത്തിനശിച്ചത്. വിമാനത്തീന്റെ രജിസ്ട്രേഷൻ നമ്പർ അടക്കമുള്ള വിവരങ്ങളൊന്നും പുറത്ത് വിടാൻ റഷ്യൻ അധികൃതർ തയ്യാറായിട്ടില്ല.

അഗ്‌നിബാധ ഉണ്ടായ സമയത്ത് എഞ്ചിൻ പ്രവർത്തിക്കുകയും ഇത് തീയുടെ തീവ്രത വർദ്ധിപ്പിക്കുകയും ചെയ്തെന്ന് ഒരു ദൃക്സാക്ഷി പറയുന്നു. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിന്റെ വിശ്വസ്‌ത സൈനിക സംഘം എന്നറിയപ്പെടുന്ന സ്‌കോവ് എയർബോൺ ട്രൂപ്പിന്റെ ഭാഗമാണ് ഈ വിമാനം എന്നും റിപ്പോർട്ടുകളുണ്ട്. യുക്രയ്ൻ യുദ്ധത്തിൽ നാളിതുവരെ സ്‌കോവ് എയർബോൺ ട്രൂപ്പിന്റെ അഞ്ച് ഐ ഐ – 76 വിമാനങ്ങളാണ് വെടിവച്ചിടുകയോ തകർന്ന് വീഴുകയോ ചെയ്തിട്ടുള്ളത്.

Related Articles

Latest Articles