Sunday, October 18, 2026

പാകിസ്ഥാന്റെ വെല്ലുവിളിയെ തകർത്ത എസ്‌-400 മിസൈൽ സംവിധാനം കർത്തവ്യപഥിലേക്ക്; റിപ്പബ്ലിക് ദിന പരേഡിലെ മുഖ്യ ആകർഷണമാകും

ദില്ലി : കഴിഞ്ഞ വർഷത്തെ ഇന്ത്യ – പാക് സൈനിക സംഘർഷത്തിനിടെ രാജ്യത്തിന്റെ ആകാശസീമ കാക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച എസ്‌-400 (S-400) വ്യോമ പ്രതിരോധ മിസൈൽ സംവിധാനം ഇതാദ്യമായി റിപ്പബ്ലിക് ദിന പരേഡിൽ പ്രദർശിപ്പിക്കുന്നു. വരാനിരിക്കുന്ന ജനുവരി 26-ന് നടക്കുന്ന 77-ാം റിപ്പബ്ലിക് ദിന പരേഡിൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് മിലിട്ടറി അഫയേഴ്‌സിന്റെ (DMA) ടാബ്ലോയുടെ ഭാഗമായാകും ഈ അത്യാധുനിക പ്രതിരോധ കവചം അണിനിരക്കുകയെന്ന് എയർ കൊമോഡോർ മനീഷ് സബർവാൾ അറിയിച്ചു. കഴിഞ്ഞ വർഷം ഏപ്രിലിൽ നടന്ന പഹൽഗാം ആക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന സൈനിക നീക്കത്തിൽ എസ്‌-400 വഹിച്ച പങ്ക് വളരെ വലുതായിരുന്നു. അഞ്ച് പാകിസ്ഥാനി യുദ്ധവിമാനങ്ങളെയാണ് ഈ സംവിധാനം അന്ന് തകർത്തു വീഴ്ത്തിയത്.

ഈ വർഷത്തെ പരേഡിൽ ഓപ്പറേഷൻ സിന്ദൂർ ആസ്ഥാനമാക്കിയുള്ള ട്രൈ-സർവീസസ് ടാബ്ലോയ്ക്കാണ് ഡിപ്പാർട്ട്‌മെന്റ് ഓഫ് മിലിട്ടറി അഫയേഴ്‌സ് മുൻഗണന നൽകുന്നത്. മൂന്ന് സേനകളുടെയും ഏകോപനവും സംയുക്ത ദൗത്യങ്ങളിലെ വിജയവും ഇത് എടുത്തുക്കാട്ടും. തുടർച്ചയായ നാലാം വർഷവും ലഫ്റ്റനന്റ് ജനറൽ ഭവ്‌നിഷ് കുമാറാണ് പരേഡിനെ നയിക്കുന്നത്. ആകെ 6,050 സൈനികർ അണിനിരക്കുന്ന പരേഡിൽ ഭൈരവ്, ശക്തിബാൺ, യുജിവി, എടിഎജിഎസ് തുടങ്ങിയ അത്യാധുനിക ആയുധങ്ങളും കരുത്ത് തെളിയിക്കും. കർത്തവ്യപഥിലൂടെ നീങ്ങുന്ന ആകെ 30 ടാബ്ലോകളിൽ 17 എണ്ണം സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമാണ്. കേരളത്തിന്റെ ടാബ്ലോയിൽ വാട്ടർ മെട്രോയും നൂറ് ശതമാനം ഡിജിറ്റൽ സാക്ഷരതയും പ്രധാന വിഷയങ്ങളായി ഇടംപിടിക്കും.

‘സ്വതന്ത്രത കാ മന്ത്ര: വന്ദേമാതരം’, ‘സമൃദ്ധി കാ മന്ത്ര: ആത്മനിർഭർ ഭാരത്’ എന്നീ പ്രമേയങ്ങളിലൂന്നിയാണ് ഇത്തവണത്തെ ആഘോഷങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ദേശീയ ഗീതമായ വന്ദേമാതരത്തിന്റെ 150-ാം വാർഷികാഘോഷവും ഇന്ത്യ കൈവരിച്ച സ്വയംപര്യാപ്തതയും ടാബ്ലോകളിലൂടെ ആവിഷ്കരിക്കപ്പെടും. അസം, ഗുജറാത്ത്, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങൾ അവരുടെ സാംസ്കാരിക പൈതൃകവും വികസന നേട്ടങ്ങളും പ്രദർശിപ്പിക്കുമ്പോൾ, കേന്ദ്ര മന്ത്രാലയങ്ങൾ ഭാരതകഥ പോലുള്ള പ്രമേയങ്ങളുമായി പരേഡിന്റെ മാറ്റ് കൂട്ടും. സ്വയംപര്യാപ്തമായ പ്രതിരോധ മേഖലയുടെ പ്രതീകമായി എസ്‌-400 അണിനിരക്കുന്നത് ഇന്ത്യയുടെ സൈനിക കരുത്തിന്റെ വിളംബരമായി മാറും.

Related Articles

Latest Articles