തിരുവനന്തപുരം: അവസാന നിമിഷം വരെ കുമ്മനം രാജശേഖരന്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന അഭ്യൂഹം നിലനിന്നിരുന്ന വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ ബി ജെ പി സ്ഥാനാര്‍ത്ഥിയി മത്സരിക്കാനെത്തുന്നത് അഡ്വ എസ് സുരേഷാണ്. പാര്‍ട്ടിയുടെ ജില്ല അധ്യക്ഷനായ സുരേഷ് മണ്ഡലത്തിലെ ജനങ്ങളുടെ ഇടയില്‍ സുപരിചിതനാണ്. കഴിഞ്ഞ തവണ ചെറിയ വ്യത്യാസത്തിന് നഷ്ടപ്പെട്ട മണ്ഡലം ഇക്കുറി പിടിച്ചെടുക്കാമെന്ന പ്രതീക്ഷ ബി ജെ പി പ്രവര്‍ത്തകര്‍ക്കുണ്ട്. സുരേഷിന്‍റെ പ്രവർത്തന മികവും നേതൃത്വ പാടവവും കൊണ്ട് മണ്ഡലത്തില്‍ വിജയിക്കാനാകുമെന്ന് തന്നെ ബി ജെ പി കണക്കുകൂട്ടുന്നുണ്ട്
അഡ്വ എസ് സുരേഷ് തന്‍റെ സംഘടനാ പ്രവർത്തനം ആരംഭിക്കുന്നത് 1986 ൽ ആർ എസ് എസിൽ കൂടിയാണ്. 1996 മുതൽ 1998 വരെ എ ബി വി പിയിൽ സംസ്ഥാന സെക്രട്ടറി. എ ബി വി പി നേതാവായിരിക്കെ തന്നെ നെഹ്‌റു യുവ കേന്ദ്രയുടെ ഡയറക്ടർ ബോർഡ് മെമ്പറും സെൻസർ ബോർഡ് മെമ്പറുമായിരുന്നു. 2003 ൽ യുവമോർച്ച സംസ്ഥാന സെക്രട്ടറിയായി നിയമിക്കപ്പെട്ടു. 2006 മുതൽ 2009 വരെ യുവമോർച്ചയുടെ സംസ്ഥാന ഉപാധ്യക്ഷനായിരുന്നു. 2009 മുതൽ 2013 വരെ ബിജെപി യുടെ തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചു. നിലവിൽ ബിജെപിയുടെ തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റിന്‍റെ ചുമതല വഹിക്കുകയാണ്. 2013 ലാണ് സുരേഷ് ബി ജെ പി ജില്ലാ അധ്യക്ഷനായി ചുമതല ഏൽക്കുന്നത്.
2010 ലെ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിച്ചുകൊണ്ടാണ് അഡ്വ എസ് സുരേഷ് മത്സര രംഗത്തേക്ക് വരുന്നത്. കല്ലിയൂർ വെങ്ങാനൂർ പഞ്ചായത്തുകൾ അടങ്ങുന്ന ജില്ലാ ഡിവിഷനിൽ മത്സരിക്കവെ ഏറ്റവും കൂടുതൽ വോട്ടുകൾ നേടുന്ന ബിജെപി സ്ഥാനാർത്ഥിയായി. പിന്നീട് ഈ ഡിവിഷനിൽ വിജയിച്ച് ബിജെപി ചരിത്രം സൃഷ്ടിച്ചു. 2006 ൽ ബിജെപി 1000 ൽ പരം വോട്ടുമാത്രം നേടിയ പാറശ്ശാല അസംബ്ലി മണ്ഡലത്തിൽ 2011 നിയമസഭാ തിരഞ്ഞെടുപ്പിൽ 13,000 ലേറെ വോട്ടുനേടി സുരേഷ് ചരിത്രം സൃഷ്ടിച്ചിരുന്നു.
ജില്ലാ അധ്യക്ഷനായ പ്രവർത്തിക്കുന്ന കാലഘട്ടത്തിൽ തിരുവനന്തപുരം ജില്ലയിൽ 182000 വോട്ടിൽ നിന്ന് അഞ്ചരലക്ഷത്തിലധികം വോട്ടുകളിലേക്ക് ബിജെപിയെ ഉയർത്താൻ സുരേഷിന്‍റെ പ്രവർത്തന മികവും നേതൃത്വ പാടവവും കൊണ്ടാണ്. തിരുവനന്തപുരം നഗരസഭയിൽ 35 ബിജെപി കൗൺസിലർമാർ വിജയിക്കുന്നതും ജില്ലയിൽ ഒരു എം എൽ എ ഉൾപ്പടെ 250 ബി ജെ പി ജനപ്രതിനിധികളെ വിജയിപ്പിക്കുന്നതും സുരേഷ് ജില്ലാ പ്രസിഡന്‍റായി ചുമതല വഹിക്കുന്ന സമയത്താണ്.
തിരുവനന്തപുരം പാർലമെൻറ്റിൽ ബിജെപി സ്ഥാനാർത്ഥികൾ 2014 ലും 2019 ലും ഇടതുപക്ഷത്തെ പിന്നിലാക്കി രണ്ടാം സ്ഥാനത്തെത്തുന്നതും സുരേഷിന്‍റെ സംഘടനാ മികവിന്‍റെ ഉദാഹരണമാണ്. നല്ലൊരു സംഘാടകൻ മാത്രമല്ല ഉജ്ജ്വല വാഗ്മി കൂടിയാണ് സുരേഷ് .ഇദ്ദേഹത്തിന്‍റെ സംഘടനാ മികവിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അഖിലേന്ത്യാ അധ്യക്ഷൻ അമിത് ഷായുടെയും അംഗീകാരവും അഭിനന്ദനങ്ങളും നിരവധി തവണ തേടിയെത്തിയിട്ടുണ്ട്.
അഡ്വ അഞ്ജനാ ദേവിയാണ് എസ് സുരേഷിന്‍റെ ഭാര്യ . എ ബി വി പി നാഷണൽ എക്സിക്യൂട്ടീവ് അംഗമായിരുന്ന അഞ്ജന നിലവിൽ ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സെക്രട്ടറിയാണ്. മകൾ പ്രപഞ്ജന പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയാണ്.

