Monday, April 29, 2024
spot_img

ശബരിമല, മാളികപ്പുറം മേൽശാന്തിമാരുടെ നറുക്കെടുപ്പ്; ശബരിമല മേല്‍ശാന്തിയായി പി.എൻ. മഹേഷിനെയും മാളികപ്പുറം മേല്‍ശാന്തിയായി പി ജി മുരളിയെയും തെരഞ്ഞെടുത്തു

പത്തനംതിട്ട∙ ഏനാനല്ലൂർ മൂവാറ്റുപുഴ പുത്തില്ലത്ത് മനയിലെ പി.എൻ. മഹേഷിനെ ശബരിമല മേല്‍ശാന്തിയായി തെരഞ്ഞെടുത്തു. എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ സ്വദേശിയാണ്. നിലവിൽ തൃശ്ശൂർ പാറമേക്കാവ് ക്ഷേത്രത്തിലെ ശാന്തിയാണ് പി.എൻ. മഹേഷ്. പന്തളം കൊട്ടാരത്തിലെ വൈദേഹ് എന്ന ബാലനാണ് മേൽശാന്തിയുടെ നറുക്കെടുത്തത്. പൂങ്ങാട്ട് മന പി.ജി മുരളിയാണ് മാളികപ്പുറം നിയുക്ത മേല്‍ശാന്തി.

രാവിലെ നടന്ന ഉഷപൂജയ്ക്ക് ശേഷമാണ് ശബരിമല, മാളികപ്പുറം എന്നിവിടങ്ങളിലേക്കുള്ള പുതിയ മേൽശാന്തിമാരെ കണ്ടെത്താനുള്ള നറുക്കെടുപ്പ് നടത്തിയത്. അയ്യപ്പന്‍റെയും പാറമേക്കാവിലമ്മയുടെ അനുഗ്രഹമാണ് പുതിയ നിയോഗമെന്ന് ശബരിമല മേല്‍ശാന്തിയായി തിരഞ്ഞെടുക്കപ്പെട്ട വിവരമറിഞ്ഞ് പി.എന്‍ മഹേഷ് പ്രതികരിച്ചു.

ശബരിമലയിലേക്ക് പതിനേഴും, മാളികപ്പുറത്തേക്ക് പന്ത്രണ്ടുപേരുമാണ് മേൽശാന്തി നറുക്കെടുപ്പിലെ പട്ടികയിലുണ്ടായിരുന്നത്. പന്തളം കൊട്ടാരത്തിലെ കുട്ടികളായ വൈദേഹും നിരുപമ ജി.വർമയുമാണ് ശബരിമല മേല്‍ശാന്തിയെയും മാളികപ്പുറം മേല്‍ശാന്തിയെയും നറുക്കെടുത്തത്. തുലാമാസ പൂജയ്ക്കായി ശബരിമല ക്ഷേത്രനട തുറന്നിരുന്നു. ഇന്നലെ വൈകിട്ട് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി കെ.ജയരാമൻ നമ്പൂതിരി നട തുറന്ന് ദീപം തെളിയിച്ചു. ഇന്നുമുതൽ ഇരുപത്തിരണ്ടു വരെ വിശേഷാല്‍ പൂജകള്‍ നടക്കും. ഇരുപത്തിരണ്ടിന് രാത്രി പത്തിന് ക്ഷേത്ര നട അടയ്ക്കും.

Related Articles

Latest Articles