Friday, April 26, 2024
spot_img

ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനം: വരുമാനം 151 കോടി

പത്തനംതിട്ട: കോവിഡ് നിയന്ത്രണങ്ങളിലെ ഇളവ് പ്രകാരം നടന്ന ഇത്തവണത്തെ ശബരിമല തീർത്ഥാടനം ദേവസ്വം ബോർഡിന് ആശ്വാസമേകുന്നു. ശബരിമലയില്‍ ഈ വർഷത്തെ മണ്ഡല മകരവിളക്ക് തീർത്ഥാടനം കഴിഞ്ഞ ദിവസത്തോടെ സമാപിച്ചപ്പോൾ 151 കോടിയുടെ വരുമാനം ലഭിച്ചു. മാത്രമല്ല രണ്ട് ദിവസത്തെ കാണിക്ക വരുമാനം കൂടി എണ്ണിത്തീരാനുണ്ട്.

തീർത്ഥാടന കാലം പൂർത്തിയാക്കി അടച്ച ശബരിമല ക്ഷേത്രം ഇനി കുംഭമാസ പൂജകൾക്കായി ഫെബ്രുവരി 12 ന് വൈകിട്ട് 5 മണിക്ക് തുറക്കും. 13 മുതൽ 17 വരെ യാണ് നട തുറന്നിരിക്കുക.17 ന് രാത്രി ഹരിവരാസനം പാടി ശ്രീകോവിൽ നട അടയ്ക്കും.

കഴിഞ്ഞ ദിവസം രാവിലെ 4 മണിക്ക് ക്ഷേത്ര നട തുറന്നെങ്കിലും ശബരിമലയിലുള്ള പന്തളം രാജപ്രതിനിധിയ്ക്ക് മാത്രമേ ദർശനം ഉണ്ടായിരുന്നുള്ളു. ഈ സമയത്ത് സോപാനത്തോ തിരുമുറ്റത്തോ മറ്റാർക്കും തന്നെ പ്രവേശനം ഉണ്ടായിരുന്നില്ല. ദർശനം പൂർത്തിയായി ഉടൻ തന്നെ ഹരിവരാസനം പാടി നട അടച്ചു.

ശേഷം 6 മണിയോടെ തിരുവാഭരണങ്ങൾ പടിയിറങ്ങി. തുടർന്ന് ആചാരവിധിപ്രകാരം മേൽശാന്തി എന്‍.പരമേശ്വരന്‍ നമ്പൂതിരി നെയ്ത്തിരിയണച്ച് ശ്രീകോവിലടച്ച് പതിനെട്ടുപടികൾ ഇറങ്ങി വന്ന് ശ്രീകോവിലിൻ്റെ താക്കോലും പണക്കിഴിയും രാജ പ്രതിനിധിക്ക് കൈമാറി. ശേഷം മറ്റൊരു പണക്കിഴിയും ക്ഷേത്രത്തിൻ്റെ താക്കോലും മേൽശാന്തിയ്ക്കും തിരികെ നൽകി. തിരുവാഭരണ വാഹക സംഘം ഞായറാഴ്ച പന്തളം കൊട്ടാരത്തിലെത്തും. കാല്‍നടയായിട്ടാണ് ഇവർ പുറപ്പെട്ടത്.

അതേസമയം മുൻ വർഷങ്ങളിലെ സാധാരണ തീർത്ഥാടനകാലത്തെ വരുമാനത്തിൽ നിന്ന് നൂറ്റിപ്പത്ത് കോടി കുറവുണ്ട്. എങ്കിലും സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് ദേവസ്വം ബോർഡ് കരകയറുന്നതിന്റെ സൂചനകളാണ് ഈ മണ്ഡല-മകരവിളക്ക് തീർത്ഥാടനം നൽകുന്നത്.

Related Articles

Latest Articles