Sunday, April 28, 2024
spot_img

വ്രതശുദ്ധിയുടെ പുണ്യവുമായി വൃശ്ചികം പുലർന്നു; മണ്ഡലമാസ പൂജകൾക്കായി ശബരിമല തിരുനടതുറന്നു; സന്നിധാനത്ത് വൻ ഭക്തജനത്തിരക്ക്

പത്തനംതിട്ട: മണ്ഡലമാസ പൂജകൾക്കായി ശബരിമല തിരുനട തുറന്നു. വൃശ്ചിക പുലരിയിൽ സന്നിധാനത്ത് വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. പുലർച്ചെ മൂന്ന് മണിക്ക് ശ്രീ കോവിൽ നട തുറന്നു. പുതുതായി ചുമതലയേറ്റ മേൽശാന്തി പിഎൻ മഹേഷ് നമ്പൂതിരിയാണ് നട തുറന്നത്. ഗണപതി ഹോമത്തോടെ നിത്യപൂജയും നെയ്യഭിഷേകവും നടന്നു. കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ച് മണിയ്‌ക്ക് നട തുറന്ന് ദീപം തെളിയിച്ചത് മുതൽ ആയിരക്കണക്കിന് അയ്യപ്പഭക്തരാണ് സന്നിധാനത്തെത്തി ദർശനം നടത്തിയത്. കേന്ദ്ര കർഷകക്ഷേമ സഹമന്ത്രി ശോഭാകരന്തലജെ ഉൾപ്പെടെ ദർശനത്തിന് എത്തിയിരുന്നു.

തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിലാണ് പുതിയ മേൽശാന്തിയായി പിഎൻ മഹേഷ് നമ്പൂതിരി കഴിഞ്ഞ ദിവസം ചുമതലയേറ്റത്. ശ്രീകോവിൽ നട തുറന്നതിന് ശേഷം ഗണപതി, നാഗം ഉപദേവതാ ക്ഷേത്രങ്ങളിൽ തന്ത്രി വിളക്ക് തെളിയിച്ചു. മാളികപ്പുറം മേൽശാന്തിയായി വി ഹരിഹരൻ നമ്പൂതിരിയും ചുമതലയേറ്റ് ദീപം തെളിയിച്ചു.

ഡിസംബർ 27-നാണ് മണ്ഡലമാസ പൂജ നടക്കുക. അന്ന് രാത്രി 10 മണിയ്‌ക്ക് നട അടയ്‌ക്കും. ജനുവരി 15-നാണ് മകരവിളക്ക്. ജനുവരി 20-വരെയാണ് തീർത്ഥാടന കാലം. അയ്യപ്പ ഭക്തരെ സന്നിധാനത്തിലേക്ക് വരവേൽക്കാനും പൂജകൾക്കുമുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു. വെർച്വൽ ബുക്കിംഗ് മുഖേനയാണ് ഇക്കുറിയും തീർത്ഥാടകർക്ക് ദർശനത്തിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്.

Related Articles

Latest Articles