ശബരിമലയിൽ സ്ത്രീകൾക്ക് പ്രായഭേദമെന്യേ പ്രവേശനം അനുവദിക്കണമെന്ന 2018-ലെ വിധിക്കെതിരായ പുനഃപരിശോധനാ ഹർജികൾ പുതിയ ഒമ്പതംഗ ബെഞ്ച് വാദം കേൾക്കും. നേരത്തെ രൂപീകരിച്ചിരുന്ന ഒമ്പതംഗ ബെഞ്ചിൽ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് മാത്രമാണ് ഇപ്പോൾ സുപ്രീംകോടതിയിൽ അവശേഷിക്കുന്നത്. ഇതിനാലാണ് പുതിയ ബെഞ്ച് രൂപീകരിക്കുന്നത്. ചീഫ് ജസ്റ്റിസ് ആയിരിക്കും ഒമ്പതംഗ ബെഞ്ചിന് നേതൃത്വം നൽകാൻ സാധ്യത. ഇക്കാര്യം നേരത്തെ നിശ്ചയിച്ചതാണെന്നും കോടതി വ്യക്തമാക്കി. സംസ്ഥാനസർക്കാർ ഉൾപ്പെടെ എല്ലാ കക്ഷികളും മാർച്ച് 14ന് മുമ്പ് നിലപാട് എഴുതി നൽകാനും കോടതി നിർദേശിച്ചു. 9 അംഗ ബെഞ്ച് ഏപ്രിൽ 7ന് വാദം തുടങ്ങും. ശബരിമലയ്ക്ക് പുറമേ മുസ്ലിം സ്ത്രീകളുടെ പള്ളി പ്രവേശനം, അന്യമതസ്ഥരെ വിവാഹംകഴിച്ച പാഴ്സി സ്ത്രീകളുടെ ക്ഷേത്രപ്രവേശനം, ഷിയാ മുസ്ലിങ്ങളിലെ ദാവൂദി ബോറ വിഭാഗത്തില്പ്പെട്ട പെണ്കുട്ടികളിലെ ചേലാകര്മം എന്നിവയിലെ പൊതു നിയമപ്രശ്നങ്ങളാണ് ഒമ്പതംഗ ബെഞ്ച് പരിഗണിക്കുക.
പുനഃപരിശോധനാ ഹർജിക്കാരുടേയും അവരെ പിന്തുണയ്ക്കുന്ന കക്ഷികളുടെയും വാദം ഏപ്രിൽ 7 മുതൽ ഏപ്രിൽ 9 വരെ കേൾക്കും. എതിർക്കുന്നവരുടെ വാദങ്ങൾ ഏപ്രിൽ 14 മുതൽ ഏപ്രിൽ 16 വരെ കേൾക്കും. ഏപ്രിൽ 21ന് റുപടി സത്യവാങ്മൂലങ്ങൾ സമർപ്പിക്കാം. ഏപ്രിൽ 22-ന് വാദം അവസാനിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. ഒമ്പതംഗ ബെഞ്ചിലെ അംഗങ്ങളെ ചീഫ് ജസ്റ്റിസ് പ്രത്യേക ഉത്തരവിലൂടെ അറിയിക്കും.
തന്ത്രിയുടെ അഭിഭാഷകൻ കൃഷ്ണകുമാർ സിംഗിനെ ഹർജിക്കാരുടെ നോഡൽ അഭിഭാഷകനായി നിശ്ചയിച്ചിട്ടുണ്ട്. അഭിഭാഷകൻ കെ പരമേശ്വറിനോട് അമികസ് ക്യുറിയാവാൻ കോടതി നിർദേശിച്ചു. അഭിഭാഷകൻ ശിവം സിംഗ് അമിക്കസ് ക്യൂറിയെ സഹായിക്കും. 9 അംഗ ബഞ്ചിന്റെ വിധിക്കനുസൃതമായി അഞ്ചംഗ ബെഞ്ച് വീണ്ടും ശബരിമല പുനഃപരിശോധന ഹർജികൾ പരിഗണിച്ച് അന്തിമ വിധി പുറപ്പെടുവിക്കും.

