Thursday, May 9, 2024
spot_img

പ്രസിഡന്റ് തെരഞ്ഞെടുപ്പ്; നാമനിർദ്ദേശപത്രിക പിൻവലിച്ച് സജിത്ത് പ്രേമദാസ; പ്രതിപക്ഷ പിന്തുണ അലഹപെരുമയ്ക്ക്

കൊളംബോ: ശ്രീലങ്കൻ പാർലമെന്റിൽ നാളെ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍നിന്നും നാമനിർദ്ദേശപത്രിക പിൻവലിച്ച് പ്രതിപക്ഷ നേതാവ് സജിത്ത് പ്രേമദാസ. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തിൽ നിന്ന് പിന്മാറുന്നുവെന്ന് അറിയിച്ച പ്രേമദാസ ശ്രീലങ്ക പൊതുജന പെരമുന (എസ്എൽപിപി) വിട്ട നേതാവ് ഡള്ളസ് അലഹപെരുമയ്ക്ക് വേണ്ടി പ്രവർത്തിക്കുമെന്ന് ട്വീറ്റ് ചെയ്തു. മുൻവാർത്താവിതരണ മന്ത്രിയായ ഡള്ളസ് അലഹ പെരുമ 10 എംപിമാരുമായാണ് എസ്എൽപിപി വിട്ടത്. 50 എംപിമാരുടെ പിന്തുണയാണ് പ്രേമദാസയ്ക്ക് ഉള്ളത്. 2019 ൽ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിച്ച പ്രേമദാസ അന്ന് പരാജയപ്പെട്ടിരുന്നു.

ശ്രീലങ്കയില്‍ നാളെ നടക്കുന്ന നിര്‍ണായക പ്രസിഡന്റ് വോട്ടെടുപ്പില്‍ മൂന്നു പേരാണ് മത്സര രംഗത്തുള്ളത്. ആക്റ്റിംഗ് പ്രസിഡന്റ് റനില്‍ വിക്രമസിംഗേ, മുന്‍മന്ത്രി ഡളസ് അളഹപെരുമ, ജനതാ വിമുക്തി പേരമുന പാര്‍ട്ടി നേതാവ് അനുര കുമാര ദിസാനായകെ എന്നിവരാണ് മത്സരിക്കുന്നത്. അവസാന നിമിഷം വരെ സജിത്ത് പ്രേമദാസ മത്സരരംഗത്ത് ഉണ്ടായിരുന്നു.

ഭരണ കക്ഷി പാര്‍ട്ടിയില്‍ നിന്ന് പുറത്തു പോയ ഡളസ് അളഹപെരുമയെ പിന്തുണക്കാനാണ് പ്രതിപക്ഷ തീരുമാനം. നാളെ രാവിലെ 10 മണിക്കാണ് പാര്‍ലമെന്റില്‍ രഹസ്യ വോട്ടെടുപ്പ് നടക്കുക. വോട്ട് രേഖപ്പെടുത്തുന്നത് മൈബൈലില്‍ പകര്‍ത്തണമെന്ന നിര്‍ദേശം പാര്‍ട്ടികള്‍ എം പിമാര്‍ക്ക് നല്‍കിയിട്ടുണ്ട് എന്നാണ് സൂചന. അതിനിടെ, ആക്റ്റിംഗ് പ്രസിഡന്റ് റെനില്‍ വിക്രമ സിംഗേക്കെതിരെ പ്രതിഷേധം ശക്തമാക്കി പ്രക്ഷോഭകര്‍ രംഗത്തെത്തി. വിക്രമസിംഗേക്കെതിരെ നൂറുകണക്കിന് ആളുകള്‍ ഇന്ന് തെരുവില്‍ ഇറങ്ങി പ്രതിഷേധം നടത്തി.

അതേസമയം ആക്ടിങ് പ്രസിഡൻറായി റെനിൽ വിക്രമസിംഗെയെ അംഗീകരിക്കില്ലെന്നാണ് പ്രതിപക്ഷത്തിൻറെ നിലപാട്. സ്പീക്കർ ആക്ടിങ് പ്രസിഡൻറ് സ്ഥാനം ഏറ്റെടുക്കണമെന്നും തുടർന്ന് സഖ്യസർക്കാർ രൂപീകരിക്കണമെന്നുമാണ് പ്രതിപക്ഷാംഗങ്ങളുടെ ആവശ്യം. റെനിൽ വിക്രമസിംഗെ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റ് മന്ദിരത്തിൽ പ്രക്ഷോഭകരുടെ പ്രതിഷേധം തുടരുകയാണ്. ഒന്നിലധികം സ്ഥാനാർത്ഥികളെ നിർത്തി റെനിൽ വിക്രമസിംഗെയെ സഹായിക്കുകയാണെന്ന് പ്രക്ഷോഭകർ ആരോപിച്ചിരുന്നു. പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസയുടെ വസതിക്ക് മുന്നിൽ പ്രക്ഷോഭകർ പ്രതിഷേധം നടത്തിയിരുന്നു.

Related Articles

Latest Articles