Wednesday, May 15, 2024
spot_img

കൈക്കൂലി ആരോപണം: ആര്യൻ ഖാനുൾപ്പെട്ട ലഹരിമരുന്ന് കേസ് അന്വേഷണത്തിൽ നിന്നും സമീർ വാങ്കഡെയെ നീക്കി

മുംബൈ: ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ പ്രതിയായ ആഡംബര കപ്പലിലെ മയക്കുമരുന്ന് കേസിലെ അന്വേഷണത്തില്‍ നിന്ന് എന്‍സിബി ഉദ്യോഗസ്ഥനായ സമീര്‍ വാങ്കഡെയെ മാറ്റി. കോഴ ആരോപണം നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് അന്വേഷണ ചുമതലയിൽ നിന്നും സമീർ വാങ്കഡെയെ നീക്കിയത്. എൻസിബി ആസ്ഥാനത്തേക്കാണ് മാറ്റം. കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല.

ഇതേതുടർന്ന് ആര്യന്‍ ഖാനെതിരായ കേസ് എന്‍സിബിയുടെ മുംബൈ സോണില്‍നിന്ന് ഏജന്‍സിയുടെ കേന്ദ്ര ടീമിന് കൈമാറി. ഇനി മുതൽ സഞ്ജയ് സിംഗിന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല.

അതേസമയം സമീര്‍ വാങ്കഡെയ്‌ക്കെതിരേ നിരവധി ആരോപണങ്ങള്‍ കഴിഞ്ഞ ദിവസങ്ങളിലായി പുറത്തുവന്നിരുന്നു. സർക്കാർ ജോലി ലഭിക്കാനായി വാങ്കഡെ വ്യാജ ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന ആരോപണവുമായി ഭീം ആർമിയും സ്വാഭിമാനി റിപ്പബ്ലിക്കൻ പാർട്ടിയും രംഗത്ത് വന്നിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇരു സംഘടനകളും പരാതി നൽകിയിട്ടുണ്ട്.

സമീര്‍ വാങ്കഡെയ്‌ക്കെതിരേ എൻസ്പി നേതാവ് നവാബ് മാലിക്കും ഇതേ ആരോപണം ഉയർത്തിയിരുന്നു. സമീറിനെതിരെ രംഗത്തുവന്നത് അദ്ദേഹത്തിൻ്റെ മതം കാരണമല്ലെന്നും ഐആർഎസ് ജോലി കിട്ടാനായി സമീർ ഹാജരാക്കിയത് വ്യാജ ജാതി സർട്ടിഫിക്കറ്റാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ സമീറിൻ്റെ ജനന സർട്ടിഫിക്കറ്റും നവാബ് മാലിക്ക് പുറത്തുവിട്ടു.

കൂടാതെ ലഹരി മരുന്ന് ഇടപാടുകാരുമായി വാങ്കഡെയ്ക്ക് ബന്ധമുണ്ടെന്നും, ബോളിവുഡ് താരങ്ങളെ ഭീഷണിപ്പെടുത്തി സമീര്‍ വാങ്കഡെ പണം തട്ടിയെന്നും ആരോപണം ഉയരുന്നുണ്ട്. ദീപിക പദുകോണ്‍, രാകുല്‍ പ്രീത് സിംഗ്, ശ്രദ്ധ കപൂര്‍, അര്‍ജുന്‍ രാം പാല്‍ എന്നിവരെ ഭീഷണിപ്പെടുത്തി പണം കൈപ്പറ്റി എന്നാണ് ആരോപണം. അഭിഭാഷകനായ അയാസ് ഖാന്‍ വഴിയാണ് പണം കൈപ്പറ്റിയതെന്നും പറയുന്നു. തട്ടിപ്പ് കൃത്രിമ തെളിവുകള്‍ ഉണ്ടാക്കിയാണെന്നും ആരോപണം ഉയരുന്നുണ്ട്.

Related Articles

Latest Articles