ടോക്കിയോ: ജപ്പാൻ പാർലമെന്ററി തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി സാനേ തക്കായിച്ചിയുടെ നേതൃത്വത്തിലുള്ള ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയ്ക്ക് (LDP) ഉജ്ജ്വല വിജയം . ഞായറാഴ്ച നടന്ന വോട്ടെടുപ്പിന്റെ പ്രാഥമിക ഫലങ്ങൾ പുറത്തുവന്നപ്പോൾ, വ്യക്തമായ ഭൂരിപക്ഷത്തോടെ തക്കായിച്ചി ഭരണത്തുടർച്ച ഉറപ്പിച്ചു. ജപ്പാനിലെ ആദ്യ വനിതാ പ്രധാനമന്ത്രിയായി ചുമതലയേറ്റ് മൂന്ന് മാസത്തിനുള്ളിൽ നടത്തിയ ഈ തെരഞ്ഞെടുപ്പ് നീക്കം തക്കായിച്ചിയുടെ ജനപ്രീതി അടിവരയിടുന്നതായിരുന്നു.
പൊതുപ്രക്ഷേപണ നിലയമായ എൻ.എച്ച്.കെ (NHK) പുറത്തുവിട്ട കണക്കുകൾ പ്രകാരം, 465 അംഗങ്ങളുള്ള അധോസഭയിൽ എൽ.ഡി.പി മാത്രം 316 സീറ്റുകൾ നേടിയിട്ടുണ്ട്. സഖ്യകക്ഷിയായ ജപ്പാൻ ഇന്നൊവേഷൻ പാർട്ടിയുമായി (JIP) ചേരുമ്പോൾ സഭയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം (Supermajority) ഉറപ്പിക്കാൻ തക്കായിച്ചിക്ക് സാധിക്കും. 1955-ൽ പാർട്ടി രൂപീകൃതമായതിനുശേഷമുള്ള ഏറ്റവും വലിയ വിജയമാണിതെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
വിജയത്തിന് പിന്നാലെ എൻ.എച്ച്.കെക്ക് നൽകിയ അഭിമുഖത്തിൽ, ജപ്പാനെ ശക്തവും സമൃദ്ധവുമാക്കുന്ന നയങ്ങളുമായി മുന്നോട്ട് പോകുമെന്ന് തക്കായിച്ചി പ്രഖ്യാപിച്ചു. രാജ്യത്തിന്റെ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കുക, സൈനിക ശേഷി വർദ്ധിപ്പിക്കുക, സാമ്പത്തിക പരിഷ്കാരങ്ങൾ നടപ്പിലാക്കുക എന്നിവയ്ക്കാണ് പുതിയ സർക്കാർ മുൻഗണന നൽകുന്നത്. ചൈനയുമായുള്ള പ്രാദേശിക തർക്കങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ അമേരിക്കയുമായുള്ള ബന്ധം കൂടുതൽ ദൃഢമാക്കാനും തക്കായിച്ചി ലക്ഷ്യമിടുന്നു.
ചരിത്രപരമായ ഈ നേട്ടത്തിലൂടെ ജപ്പാനിലെ യുവതലമുറയ്ക്കിടയിലും വലിയ സ്വാധീനം ചെലുത്താൻ തക്കായിച്ചിക്ക് കഴിഞ്ഞിട്ടുണ്ട്. തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷം രൂപീകരിച്ച പുതിയ സഖ്യത്തിന് വോട്ടർമാരെ സ്വാധീനിക്കാൻ കഴിഞ്ഞില്ല. പലയിടങ്ങളിലും കനത്ത മഞ്ഞുവീഴ്ചയെ അവഗണിച്ചും ജനങ്ങൾ വോട്ട് രേഖപ്പെടുത്താൻ എത്തിയത് തക്കായിച്ചിയോടുള്ള ജനപിന്തുണയുടെ തെളിവായി മാറി. ഫെബ്രുവരി മധ്യത്തോടെ പാർലമെന്റ് സമ്മേളിക്കുമ്പോൾ സാമ്പത്തിക സുസ്ഥിരതയ്ക്കും വിലക്കയറ്റം തടയുന്നതിനുമുള്ള പുതിയ ബജറ്റ് സർക്കാർ അവതരിപ്പിക്കും.

