Wednesday, November 18, 2026

മലേറിയയെയും ഡെങ്കുവിനെയും തുരത്തും പോലെ സനാതന ധർമ്മത്തെ തുരത്തണമെന്ന് തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിൽ; വിവാദ പ്രസ്‌താവന സിപിഎമ്മിന്റെ ഹിന്ദു വിരുദ്ധ സെമിനാറിൽ; പ്രതിപക്ഷ ‘ഇന്ത്യ’ മുന്നണിയിലെ പ്രധാന സഖ്യകക്ഷി നേതാവിന്റെ പ്രസ്താവന ചർച്ചയാക്കി ദേശീയ മാദ്ധ്യമങ്ങൾ

ചെന്നൈ: മലേറിയയെയും ഡെങ്കുവിനെയും തുരത്തും പോലെ സനാതന ധർമ്മത്തെയും തുരത്തണമെന്ന് പരസ്യമായി പ്രഖ്യാപിച്ച് തമിഴ്‌നാട് മന്ത്രിയും ഡി എം കെ നേതാവുമായ ഉദയനിധി സ്റ്റാലിൻ. സിപിഎം പോഷക സംഘടനയായ പുരോഗമന കലാ സാഹിത്യ സംഘം സനാതന ധർമ്മ എലിമിനേഷൻ കോൺക്ലേവ് എന്ന പേരിൽ നടത്തിയ ഹിന്ദു വിരുദ്ധ സെമിനാറിലാണ് ഉദയനിധിയുടെ വിവാദ പ്രസ്താവന വന്നത്. സനാതന ധർമ്മം കേവലം എതിർക്കപ്പെടേണ്ട ഒന്നല്ല മറിച്ച് ഉന്മൂലനം ചെയ്യപ്പെടേണ്ട ഒന്നാണെന്ന് ഉദയനിധി പറഞ്ഞു. സനാതന ധർമ്മ വിരുദ്ധ കോൺക്ലേവ് എന്ന പേരിടാതേ സനാതന ധർമ്മ ഉന്മൂലന കോൺക്ലേവ് എന്ന് തന്നെ സെമിനാറിന് പേരിട്ടതിൽ സംഘാടകരെ അനുമോദിക്കുന്നുവെന്നും ഉദയനിധി പറഞ്ഞു. സനാതന ധർമ്മം എന്നത് സംസ്‌കൃത പദമാണെന്നും ദ്രാവിഡ സംസ്‌കാരത്തിൽ അതിനു പ്രസക്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുക്കൾക്കെതിരെ വലിയ ആക്രമണങ്ങൾ അഴിച്ചുവിടുന്നവരെ സംരക്ഷിക്കുന്ന നിലപാടാണ് തമിഴ്‌നാട്ടിലെ ഡി എം കെ സർക്കാർ സ്വീകരിച്ചിരുന്നത്. ഈ സാഹചര്യത്തിലാണ് ഉദയനിധിയുടെ പരസ്യ പ്രഖ്യാപനം. തമിനാട് യുവജനക്ഷേമ കായിക വകുപ്പ് മന്ത്രിയാണ് ഡി എം കെ നേതാവും മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിന്റെ മകൻ കൂടിയായ ഉദയനിധി.

പ്രതിപക്ഷ ‘ഇന്ത്യ’ മുന്നണിയിലെ പ്രധാന കക്ഷിയായ ഡി എം കെ യുടെ നേതാവ് എന്ന നിലയിൽ ഉദയനിധിയുടെ പ്രസ്താവന ദേശീയതലത്തിൽ തന്നെ ചർച്ചയായിട്ടുണ്ട്. പ്രതിപക്ഷ മുന്നണിക്ക് പ്രസ്താവന വലിയ തിരിച്ചടിയാണെന്ന വിലയിരുത്തൽ ഇതിനോടകം ഉണ്ടായിട്ടുണ്ട്. ബിജെപി പ്രസ്താവനക്കെതിരെ പ്രതിഷേധവുമായി രംഗത്ത് വന്നുകഴിഞ്ഞു. ഹിന്ദു സംഘടനകളും നിയമ വിദഗ്ദ്ധരും മന്ത്രിക്കെതിരെ നിയമ നടപടിയുമായി രംഗത്ത് വന്നിട്ടുണ്ട്. സംസ്ഥാന ജിഡിപിയെക്കാളും കൂടുതൽ സ്വത്ത് വാരിക്കൂട്ടിയ കുടുംബമാണ് ഉദയനിധിയുടെതെന്നും ക്രിസ്ത്യൻ മിഷനറിമാരുടെ മതപരിവർത്തന മാഫിയയെ പ്രീണിപ്പിക്കാനാണ് തമിഴ്‌നാട് സർക്കാർ ശ്രമിക്കുന്നതെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ അണ്ണാമലൈ തിരിച്ചടിച്ചു. ഹിന്ദുക്കൾക്കെതിരെ സർക്കാർ സ്‌പോൺസേർഡ് അതിക്രമം തുടരുമ്പോഴും സനാതന ധർമ്മം ഉയിർത്തെഴുന്നേൽപ്പിന്റെ പാതയിലാണെന്നും അതിലുള്ള അസ്വസ്ഥതയാണ് ഉദയനിധിയുടെ വാക്കുകളിൽ തെളിയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Related Articles

Latest Articles