Sunday, October 11, 2026

ഉപരോധം ലംഘിച്ചു; ഇറാൻ ചരക്കുകപ്പൽ പിടിച്ചെടുത്ത് അമേരിക്ക, ജീവനക്കാരുടെ വിധിയെന്ത്?

ടെഹ്‌റാൻ: ഇറാനിയൻ തുറമുഖങ്ങളിൽ അമേരിക്ക ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം ലംഘിക്കാൻ ശ്രമിച്ച ‘എംവി ടൂസ്ക’ എന്ന ചരക്കുകപ്പൽ യുഎസ് സെൻട്രൽ കമാൻഡ് പിടിച്ചെടുത്തു. വെടിവെപ്പിന് ശേഷമാണ് കപ്പൽ യുഎസ് സൈന്യത്തിന്റെ കസ്റ്റഡിയിലായത്. അന്താരാഷ്ട്ര തലത്തിൽ വലിയ ശ്രദ്ധയാകർഷിച്ച ഈ നീക്കത്തിന് പിന്നാലെ കപ്പലിന്റെ ഭാവി എന്താകുമെന്നത് സംബന്ധിച്ച് വ്യാപകമായ ചർച്ചകൾ ഉയരുകയാണ്.

കപ്പൽ നിലവിൽ യുഎസ് സൈന്യത്തിന്റെ കസ്റ്റഡിയിലാണ്. കൂടുതൽ പരിശോധനകൾക്കായി കപ്പൽ ഏതെങ്കിലും തുറമുഖത്തേക്കോ സുരക്ഷിതമായ നങ്കൂരസ്ഥാനത്തേക്കോ മാറ്റുമെന്നാണ് നാവിക വിദഗ്ധർ വിലയിരുത്തുന്നത്. കപ്പലിലെ ചരക്കിന്റെ സ്വഭാവം പരിശോധിച്ച ശേഷം ഇത് പൂർണ്ണമായും അമേരിക്കൻ സർക്കാരിന്റെ സ്വത്തായി മാറാനാണ് സാധ്യത. നാവിക യുദ്ധനിയമങ്ങൾ പ്രകാരം ഇത്തരത്തിൽ പിടിച്ചെടുക്കുന്ന കപ്പലുകളെ യുദ്ധമുതലായി കണക്കാക്കി വാഷിംഗ്ടൺ പ്രൈസ് കോടതികൾ വഴി നിയമനടപടികൾ സ്വീകരിച്ചേക്കാം.

കപ്പലിലെ ജീവനക്കാരുടെ വിധി അവരുടെ പൗരത്വത്തെ അടിസ്ഥാനമാക്കിയായിരിക്കും തീരുമാനിക്കുക. ജീവനക്കാർ ഇന്ത്യക്കാരോ ഫിലിപ്പീൻസ് സ്വദേശികളോ ആണെങ്കിൽ അവരെ തിരിച്ചയക്കാനാണ് സാധ്യത. എന്നാൽ ഇറാൻ സ്വദേശികളോ അല്ലെങ്കിൽ ഇറാനിയൻ റവല്യൂഷണറി ഗാർഡ് അംഗങ്ങളോ കപ്പലിൽ ഉണ്ടെങ്കിൽ അവർ കടുത്ത നിയമനടപടികളോ യുദ്ധതടവുകാരായോ പ്രഖ്യാപിക്കപ്പെട്ടേക്കാം. 2018 മുതൽ ഉപരോധ പട്ടികയിലുള്ള കപ്പലാണ് ടൂസ്ക. ചൈനയ്ക്കും ഇറാനും ഇടയിൽ ഇത് നിരന്തരം സർവീസ് നടത്തിയിരുന്നതായും റിപ്പോർട്ടുകളുണ്ട്. ജീവനക്കാരുടെ വിവരങ്ങൾക്കും കപ്പലിന്റെ നിലവിലെ അവസ്ഥയ്ക്കുമുള്ള ഔദ്യോഗിക സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണ് അന്താരാഷ്ട്ര സമൂഹം.

Related Articles

Latest Articles