Sunday, May 19, 2024
spot_img

സന്ദീപ് സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടാനും മറ്റുള്ളവരെ ഉപദ്രവിക്കാനും താൽപര്യമുള്ള പ്രകൃതക്കാരൻ ; മാനസികാരോഗ്യ പ്രശ്നമില്ല; മെഡിക്കൽ ബോർഡ് റിപ്പോർട്ട് പുറത്ത്

തിരുവനന്തപുരം : വൈദ്യ പരിശോധനക്കിടെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജൻ ഡോ.വന്ദനാദാസിനെ കുത്തിക്കൊന്ന ജി.സന്ദീപിനു മാനസിക ആരോഗ്യപ്രശ്നങ്ങളില്ലെന്നു മെഡിക്കൽ ബോർഡ് റിപ്പോർട്ട്. സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടാനും മറ്റുള്ളവരെ ഉപദ്രവിക്കാനും താൽപര്യമുള്ള പ്രകൃതക്കാരനാണു പ്രതിയെന്നും ലഹരി ഉപയോഗം പ്രതിയുടെ സ്വഭാവത്തിൽ മാറ്റം വരുത്തിയിരിക്കാമെന്നും മെഡിക്കൽ ബോർഡ് ജില്ലാ ക്രൈംബ്രാഞ്ചിനു നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

സംഭവം നടന്ന സമയത്ത് സന്ദീപ് മദ്യപിച്ചിരുന്നതിനോ രാസലഹരികൾ ഉപയോഗിച്ചതിനോ തെളിവുകളില്ല. ഇയാളുടെ രക്ത സാംപിൾ രാസപരിശോധനയ്ക്ക് അയച്ചെങ്കിലും ലഹരി ഉപയോഗിച്ചതിനു തെളിവ് ലഭിച്ചില്ല. ഇയാൾ അക്രമാസക്തനായതിനാൽ വൈകിയാണ് രക്ത സാംപിൾ എടുത്തത്. കേസിൽ റിമാൻഡ് ചെയ്തതിനുശേഷം കോടതി നിർദേശപ്രകാരം തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചപ്പോഴാണ് ഇയാളുടെ പരിശോധന നടത്തിയത്.

മുൻപ് മദ്യപാനിയായിരുന്നുവെന്നും പിന്നീട് മദ്യപാനം നിർത്തി ചികിത്സ തേടിയതായും സന്ദീപ് ഡോക്ടർമാരോട് പറഞ്ഞു. സ്ഥിരം മദ്യപാനിയായിരുന്ന ഇയാൾ മദ്യപാനം നിർത്തിയപ്പോഴുള്ള മാനസിക പ്രശ്നങ്ങളോ, മദ്യപാനം നിർത്താൻ ചികിത്സ തേടിയശേഷം ലഹരി ഉപയോഗിച്ചതോ ആകാം സന്ദീപിനെ അക്രമാസക്തനാക്കിയതെന്നാണ് ഡോക്ടർമാർ കരുതുന്നത്. അതേസമയം കൊലപാതകത്തിലേക്കു നയിച്ച പ്രശ്നങ്ങൾ മെഡിക്കൽ റിപ്പോർട്ടില്‍ പറഞ്ഞിട്ടില്ലെന്നും സാഹചര്യങ്ങൾ പഠിച്ചശേഷമുള്ള നിഗമനങ്ങളാണ് റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. സന്ദീപിന്റെ ജീവിത സാഹചര്യത്തെക്കുറിച്ച് കൂടുതൽ അന്വേഷിക്കും. കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

Related Articles

Latest Articles