ബെംഗളൂരു : കര്‍ണാടകയില്‍ ബിജെപി സര്‍ക്കാര്‍ നടപ്പാക്കിയ നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമം കോണ്‍ഗ്രസ് സര്‍ക്കാര്‍ റദ്ദാക്കി.ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമപ്രകാരം നിര്‍ബന്ധിച്ചു മതംമാറ്റിക്കുന്നവര്‍ക്ക് 3 മുതല്‍ 10 വര്‍ഷം വരെ തടവും ഒരു ലക്ഷം രൂപ വരെ പിഴയും ലഭിക്കുമായിരുന്നു.
ബിജെപി സര്‍ക്കാര്‍ 2022 മേയ് 17 മുതല്‍ പ്രാബല്യത്തോടെ ഒക്‌ടോബറിലാണ് ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കിയത്. 2021 ഡിസംബറില്‍തന്നെ ബില്‍ നിയമസഭ പാസാക്കിയെങ്കിലും നിയമനിര്‍മാണ കൗണ്‍സിലിന്റെ അംഗീകാരം ലഭിച്ചിരുന്നില്ല. തുടര്‍ന്ന് ഓര്‍ഡിനന്‍സ് ഇറക്കിയിരുന്നു. തെരഞ്ഞെടുപ്പിനു പിന്നാലെ കൗണ്‍സിലില്‍ ബിജെപി ഭൂരിപക്ഷം നേടിയപ്പോള്‍ ബില്‍ അവിടെ പാസാക്കിയശേഷം നിയമസഭയില്‍ വീണ്ടും പാസാക്കിയതിനു ശേഷമാണു ഗവര്‍ണര്‍ക്ക് അയച്ചത്. ഗവര്‍ണര്‍ താവര്‍ചന്ദ് ഗെലോട്ട് ഒപ്പിട്ടതോടെ നിയമം പ്രാബല്യത്തിൽ വന്നു.

