Monday, April 29, 2024
spot_img

സന്ദീപിന് ലഹരി നൽകിയത് അന്യസംസ്ഥാന തൊഴിലാളികൾ; ലക്ഷ്യം പുരുഷ ഡോക്ടറായിരുന്നു; തിങ്കളാഴ്ച പോലീസ് കസ്റ്റഡി അപേക്ഷ നൽകിയേക്കും

തിരുവനന്തപുരം : ഡോക്ടർ വന്ദന ദാസിനെ കുത്തിക്കൊന്ന പ്രതി സന്ദീപിന് മാനസികാരോഗ്യപ്രശ്‌നങ്ങളില്ലെന്ന് സ്ഥിരീകരണം. പേരൂർക്കട മാനസികാരോഗ്യകേന്ദ്രത്തിലെ ഡോക്ടറാണ് ജയിലിലെത്തി സന്ദീപിനെ പരിശോധനയ്ക്ക് വിധേയനായക്കിയത്. പരിശോധനയിൽ സന്ദീപിന് മാനസിക പ്രശ്‌നങ്ങളൊന്നുമില്ലെന്ന് കണ്ടെത്തി. അതേസസമയം തന്നെ അപായപ്പെടുത്താൻ ശ്രമിക്കുന്നതായി തോന്നിയപ്പോഴാണ് ആക്രമിച്ചതെന്ന് സന്ദീപ് ജയിൽ സൂപ്രണ്ടിനോട് പറഞ്ഞു.

പുരുഷ ഡോക്ടറെ ആക്രമിക്കാനാണ് ശ്രമിച്ചതെന്നും ആശുപത്രിയിൽ വെച്ച് മരുന്ന് വെക്കുന്ന സമയത്ത് മറ്റുള്ളവരുടെ സംസാരം കേട്ടപ്പോൾ ഉപദ്രവിക്കാൻ ശ്രമിക്കുന്നതായി തോന്നിയെന്നും അതിനാലാണ് ആക്രമണത്തിന് മുതിർന്നതെന്നും സന്ദീപ് ജയിൽ സൂപ്രണ്ടിനോട് പറഞ്ഞുവെന്നാണ് വിവരം. കോടതി റിമാൻഡിലാക്കിയതിനെത്തുടർന്ന് പൂജപ്പുര ജയിലിൽ എത്തിയ ആദ്യദിവസങ്ങളിൽ സന്ദീപ് അസ്വസ്ഥനായാണ് നടന്നിരുന്നത്. ഇടയ്ക്കിടെ അലറി വിളിക്കുകയും ചെയ്തു. എന്നാൽ കഴിഞ്ഞ ദിവസത്തോടെ ശാന്തനായി. തുടർന്നാണ് പേരൂർക്കട മാനസികാരോഗ്യകേന്ദ്രത്തിലെ ഡോക്ടറിനെ എത്തിച്ച് പരിശോധന നടത്തിയത്. ജയിൽ സൂപ്രണ്ട് സത്യദാസിന്റെ സാന്നിധ്യത്തിലായിരുന്നു പരിശോധന.

പരിശോധനയിൽ മാനസികാരോഗ്യപ്രശ്നങ്ങളോ ജയിലിൽ നിന്ന് ആശുപത്രിയിലേക്ക് മാറ്റേണ്ട സാഹചര്യമൊ ഇല്ലെന്നും ഡോക്ടർ പറഞ്ഞു. വീട്ടിൽ ജോലിക്ക് വന്നിരുന്ന അന്യസംസ്ഥാന തൊഴിലാളികളിൽ നിന്നാണ് ലഹരിമരുന്ന് വാങ്ങിയിരുന്നുവെന്നും ഇയാൾ പറയുന്നു.

നാട്ടുകാരിൽ ചിലർ ആക്രമിക്കാൻ പിന്തുടരുന്നു എന്ന തോന്നലിലാണ് ഇയാൾ പോലീസിനെ വിളിച്ചത്. ആദ്യം പോലീസെത്തിയപ്പോൾ മൊബൈൽ സ്വിച്ച് ഓഫ് ചെയ്ത് ഒളിച്ചിരുന്നു. അതിന് ശേഷം വീണ്ടും പോലീസിനെ വിളിച്ച് വരുത്തി. തുടർന്ന് പോലീസെത്തി ആശുപത്രിയിൽ എത്തിച്ച് വൈദ്യ പരിശോധന നടത്തുമ്പോൾ ചുറ്റും നിൽക്കുന്നവർ ഉപദ്രവിക്കും എന്ന തോന്നലുണ്ടായി. ശേഷം കത്രിക കൈക്കലാക്കി. പുരുഷ ഡോക്ടറെ ആക്രമിക്കാനായിരുന്നു ലക്ഷ്യം. വന്ദനയെ കുത്തിയത് ഓർമ്മയുണ്ടെന്നും ഇയാൾ പറയുന്നു. സ്വബോധം വീണ്ടെടുത്തതിനാൽ പ്രതിക്കായി തിങ്കളാഴ്ച പോലീസ് കസ്റ്റഡി അപേക്ഷ നൽകും എന്നാണ് അറിയാൻ സാധിക്കുന്നത് .

Related Articles

Latest Articles