Friday, September 25, 2026

‘ഞങ്ങള്‍ കളിച്ചത് സ്ത്രീകള്‍ക്കൊപ്പം; സെക്സിസ്റ്റ് പരാമർശത്തിൽ ‘നിരുപാധികം മാപ്പ്’ പറഞ്ഞ് ജിങ്കാൻ

പനാജി: കഴിഞ്ഞ ദിവസം കേരള ബ്ലാസ്റ്റേഴ്‌സുമായി നടന്ന മത്സരത്തിനുശേഷം നടത്തിയ സെക്‌സിസ്റ്റ് പരാമര്‍ശത്തില്‍ നിരുപാധികം മാപ്പ് പറഞ്ഞ് മുന്‍ ബ്ലാസ്റ്റേഴ്‌സ് താരവും എ ടി കെ മോഹന്‍ ബഗാന്‍ താരവുമായ (Sandesh Jhingan) സന്ദേശ് ജിങ്കാന്‍. മത്സരശേഷം ഡ്രസിങ് റൂമിലേക്ക് മടങ്ങിപ്പോകുമ്പോഴായിരുന്നു ജിങ്കാന്റെ വിവാദ പരാമര്‍ശം. ”ഔരതോം കി സാഥ് മാച്ച് ഖേല്‍ ആയാ ഹൂം” (പെണ്‍കുട്ടികള്‍ക്കൊപ്പം കളിച്ചു) എന്നാണ് ജിങ്കാന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. ജിങ്കാന്റെ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തിന് പിന്നാലെ താരം മാപ്പ് പറഞ്ഞ് രംഗത്തെത്തി.

ഇതിന്റെ വീഡിയോ പുറത്തുവന്നതോടെ ഫുട്ബോൾ ആരാധകര്‍ ഒന്നടങ്കം ജിങ്കാനെതിരെ രംഗത്തെത്തിയിരുന്നു. തൻ്റെ വാക്കുകളിലൂടെ സ്ത്രീകളെ ജിങ്കാന്‍ അധിക്ഷേപിച്ചതായും ട്വിറ്ററില്‍ പരാതിയുയര്‍ന്നു. പരാമർശം സമൂഹ മാധ്യമങ്ങളിലും മറ്റും വലിയ പ്രതിഷധങ്ങൾക്ക് ഇടയാക്കിയതോടെയാണ് താരം മാപ്പ് പറഞ്ഞുകൊണ്ട് രംഗത്തെത്തിയത്. ജിങ്കാന്റെ വീഡിയോ മോഹൻ ബഗാൻ അവരുടെ സ്റ്റോറിയിൽ നിന്ന് നീക്കം ചെയ്യുകയും ചെയ്തിരുന്നു.

മത്സരം സമനിലയായതിന്റെ നിരാശയിലാണ് അത്തരമൊരു പരാമർശം നടത്തിയതെന്നും അതിൽ ആരെയും വേദനിപ്പിക്കാൻ താൻ ഉദ്ദേശിച്ചിരുന്നില്ലെന്നും ജിങ്കാൻ പറഞ്ഞു. ‘എന്റെ പരാമര്‍ശം ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പ് പറയുന്നു, ആര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കണമെന്ന് ഉദ്ദേശിച്ചിട്ടില്ല. ഉറച്ച പോയിന്റുകൾ നഷ്ടപ്പെത്തിൽ നിരാശനായിരുന്നു. ആ സമയ൦, അത്തരമൊരു സാഹചര്യത്തിൽ പറഞ്ഞതാണ്. എന്നാൽ ഞാൻ പറഞ്ഞതിൽ നിന്നും ചിലത് അടർത്തിയെടുത്ത് പ്രചരിപ്പിക്കുന്നത് പ്രതിച്ഛായ തകർക്കാനുള്ള ശ്രമമാണ്.’ – താരം പറഞ്ഞു.

അതേസമയം, ജിങ്കാൻ മാപ്പ് പറഞ്ഞതിന് ശേഷവും താരത്തിനെതിരെയുള്ള പ്രതിഷേധങ്ങൾ അവസാനിച്ചിട്ടില്ല. ജിങ്കാന്റെ മുൻ ക്ലബായ കേരള ബ്ലാസ്റ്റേഴ്‌സ് താരത്തെ ഇൻസ്റ്റാഗ്രാമിൽ പിന്തുടരുന്നത് ഒഴിവാക്കി. മത്സര അധിക സമയത്ത് നേടിയ ഗോളിലായിരുന്നു കഴിഞ്ഞ മത്സരത്തില്‍ എ ടി കെ മോഹന്‍ബഗാന്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ സമനില നേടിയത്. ഒന്നിനെതിരെ രണ്ട് ഗോളിന്റെ ലീഡുമായി കേരളം ജയവും മൂന്ന് പോയിന്റും ഉറപ്പിച്ച ഘട്ടത്തിലാണ് മിന്നുന്ന ഗോളുമായി ജോണി കോകോ മോഹന്‍ ബഗാന് സമനില നേടിയത്.

Related Articles

Latest Articles