Sunday, October 25, 2026

പി ടി ഉഷയുടെ പേരും സാനിയ മിർസയുടെ പടവും! ആന്ധ്രപ്രദേശ് സർക്കാരിനെ അലക്കി തേച്ച് സോഷ്യൽ മീഡിയ; നാണക്കേട് ഒഴിവാക്കാൻ നടത്താനിരുന്ന പരിപാടി മാറ്റിവച്ചു

വിജയവാഡ: ദേശീയ കായിക ദിനാഘോഷത്തിൽ വൻ അബദ്ധത്തിന് വഴിയൊരുക്കി ആന്ധ്രപ്രദേശ് സർക്കാർ. 2014 മുതൽ ദേശീയ തലത്തിൽ മെഡൽ നേടിയ താരങ്ങളെ അഭിനന്ദിക്കുന്ന ചടങ്ങിന് സ്ഥാപിച്ച കൂറ്റൻ ഫ്‌ളക്‌സ് ബോർഡാണ് സർക്കാരിന് പേരുദോഷമായത്.

ടെന്നീസ് താരം സാനിയ മിർസയുടെ വലിയ പടത്തിന് താഴെ പി ടി ഉഷയുടെ പേര് നൽകിയതാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. മുഖ്യമന്ത്രി ജഗന്മോഹൻ റെഡ്ഡി, കായിക മന്ത്രി അവന്തി ശ്രീനിവാസ് എന്നിവരുടെ ചിത്രവും ഫ്‌ളെക്‌സ് ബോർഡിലുണ്ട്. ചിത്രം പ്രചരിച്ചതോടെ സർക്കാരിനെതിരെ വലിയ തോതിലുള്ള പരിഹാസവും വിമർശനവുമാണ് ഉയരുന്നത്.

ചടങ്ങ് നടക്കുന്ന വേദിക്ക് സമീപത്തായിരുന്നു ഫ്‌ളക്‌സ് സ്ഥാപിച്ചത്. സംഭവം വിവാദമായതിനെ തുടർന്ന് പരിപാടി മാറ്റിവെച്ചു. സോഷ്യൽ മീഡിയയിൽ വലിയ രീതിയിലാണ് ചിത്രം പ്രചരിക്കുന്നത്. നിരവധി പേർ സർക്കാറിന്‍റെ കായിക രംഗത്തെ അജ്ഞതയെക്കുറിച്ച് കളിയാക്കി രംഗത്തെത്തി. സാനിയ മിർസയെയും പി ടി ഉഷയെയും തിരിച്ചറിയാത്തവർ എങ്ങനെയാണ് സംസ്ഥാനത്തെ കായിക രംഗം മെച്ചപ്പെടുത്തുകയെന്നും ചിലർ ചോദിച്ചു.

Related Articles

Latest Articles