Thursday, October 1, 2026

‘ രണ്ട് ലോക്സഭ പരാജയങ്ങള്‍ക്ക് ശേഷം കോണ്‍ഗ്രസിന്റെ പോരാടാനുള്ള ശേഷിയില്‍ അണികൾക്ക് വിശ്വാസമില്ല ‘; ‘ ബി.ജെ.പിക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്തുന്നതിനാണ് പാര്‍ട്ടിയുടെ ഉന്നത സ്ഥാനത്തേക്ക് മത്സരിക്കുന്നത് ‘ എന്ന് ശശി തരൂർ

കോൺഗ്രസ്സിനെ ശക്തിപ്പെടുത്തുന്നതിനും 2024 ലെ പൊതുതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്തുന്നതിനുമാണ് പാര്‍ട്ടിയുടെ ഉന്നത സ്ഥാനത്തേക്ക് മത്സരിക്കുന്നതെന്ന് മുതിര്‍ന്ന നേതാവും സ്ഥാനാര്‍ത്ഥിയുമായ ശശി തരൂര്‍.

ഭരണകക്ഷിയായ ബി.ജെ.പിയില്‍ സാധാരണ ജനങ്ങള്‍ക്ക് അതൃപ്തിയുണ്ടെങ്കിലും, തുടര്‍ച്ചയായ രണ്ട് ലോക്സഭ പരാജയങ്ങള്‍ക്ക് ശേഷം മോദിക്കെതിരെ പോരാടാനുള്ള കോണ്‍ഗ്രസിന്റെ ശേഷിയില്‍ അവര്‍ക്ക് വിശ്വാസമില്ലെന്ന് ഒരു അഭിമുഖത്തില്‍ തരൂര്‍ പറഞ്ഞു. പാര്‍ട്ടി അണികള്‍ക്കുള്ളിലെ അതൃപ്തിയെക്കുറിച്ചും അദ്ദേഹം മറുപടി നല്‍കി.

‘പാര്‍ട്ടി പ്രവര്‍ത്തകർക്ക് ബഹുമാനം നല്‍കണം, അവരുടെ അഭിപ്രായങ്ങള്‍ കേള്‍ക്കാന്‍ പാര്‍ട്ടി തയ്യാറാണെന്ന് പ്രവര്‍ത്തകര്‍ക്ക് തോന്നണം, ഇപ്പോള്‍ എല്ലാ തീരുമാനങ്ങളും ദില്ലിയിലെ ഉന്നതര്‍ എടുക്കുമെന്ന പ്രതീതിയാണ് അവര്‍ക്കുളളത്’ എംപി പറഞ്ഞു. കോണ്‍ഗ്രസിന്റെ പുനരുജ്ജീവനം അടിയന്തര ആവശ്യമാണെന്നും തരൂര്‍ പറഞ്ഞു.

ഒക്ടോബര്‍ 17 നാണ് കോണ്‍ഗ്രസ് അദ്ധ്യക്ഷ തെരഞ്ഞെടുപ്പ് നടക്കുക. രാജ്യസഭയിലെ പ്രതിപക്ഷ നേതാവായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കെതിരെയാണ് തരൂര്‍ മത്സരിക്കുന്നത്. രണ്ടു പതിറ്റാണ്ടിനിടെ ഇതാദ്യമായാണ് ഗാന്ധി കുടുംബമല്ലാത്ത ഒരാള്‍ പാര്‍ട്ടിയുടെ ഉന്നത സ്ഥാനം വഹിക്കാന്‍ പോകുന്നത്. കോണ്‍ഗ്രസ് അദ്ധ്യക്ഷ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഒക്ടോബര്‍ 19 ന് നടക്കും, അതേ ദിവസം തന്നെ ഫലം വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Related Articles

Latest Articles