Monday, January 12, 2026

തുറന്നടിച്ച് ശശി തരൂര്‍ : കോൺഗ്രസ് നാഥനില്ലാക്കളരി

ദില്ലി: കോൺഗ്രസ് നാഥനില്ലാക്കളരിയായെന്ന് തുറന്നടിച്ച് ശശി തരൂർ എംപി. അധ്യക്ഷ സ്ഥാനത്ത് നിന്ന് രാഹുൽ ഗാന്ധി ഒഴിഞ്ഞ് എട്ടാഴ്ച പിന്നിട്ടിട്ടും അധ്യക്ഷനെ കണ്ടെത്താനാവാത്തതിൽ കടുത്ത നിരാശയുണ്ടെന്നും ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ പാര്‍ട്ടി വാതിലുകള്‍ തുറന്നിടണമെന്നും തരൂര്‍ പറഞ്ഞു.

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് എട്ടാഴ്ചയായിട്ടും പുതിയ ആൾ വരാത്തതിൽ അസംതൃപ്തി പ്രകടമാക്കിയ ശശി തരൂർ കോണ്‍ഗ്രസ് ഉത്തരവാദിത്തമില്ലാത്ത പാര്‍ട്ടിയാവരുതെന്ന് ആവശ്യപ്പെട്ടു. നേതൃത്വമില്ലായ്മയില്‍ അസംതൃപ്തനാണെന്ന് വ്യക്തമാക്കിയ തരൂർ ഇനിയിത് കണ്ടു നില്‍ക്കാനാവില്ലെന്ന് തുറന്നടിച്ചു.

ജനങ്ങള്‍ കോണ്‍ഗ്രസിനെ ഉറ്റുനോക്കുന്നു എന്ന് നേതൃത്വം മനസ്സിലാക്കണമെന്ന് ആവശ്യപ്പെട്ട തരൂർ, കര്‍ണാടകത്തിലും ഗോവയിലും തിരിച്ചടിയുണ്ടായത് നാഥനില്ലാത്തതിനാലാണെന്നും അഭിപ്രായപ്പെടുന്നു.

നോമിനേറ്റ് ചെയ്തുവരുന്ന പ്രസിഡന്‍റ് ഇനി വേണ്ട, സംഘടനാ തെരഞ്ഞെടുപ്പിലൂടെ പ്രസിഡന്‍റ് ഉണ്ടാവണം. . ജനങ്ങൾക്ക് വിശ്വാസമുള്ളയാൾ അധ്യക്ഷനാവണം സംഘടനയെ ഒരു യുവാവ് നയിക്കാൻ സമയമായെന്നും തരൂർ വ്യക്തമാക്കുന്നു.

ജനാധിപത്യ തെരഞ്ഞെടുപ്പിനായി സംഘടനയെ തുറന്നിടണം, പ്രിയങ്ക ഗാന്ധി എത്തുന്നതിനോട് എതിര്‍പ്പില്ലെന്ന് പറഞ്ഞ തരൂർ, ഗാന്ധി കുടുംബത്തില്‍ നിന്നാരും ഉണ്ടാവില്ലെന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത് .അധ്യക്ഷനാവാന്‍ താനില്ലെന്ന് കൂടി പറഞ്ഞ തരൂർ തനിക്ക് പാര്‍ലമെന്‍റിനകത്തും പുറത്തുമുള്ള ചുമതലകള്‍ നിര്‍വഹിക്കാനാണ് താത്പര്യമെന്നും വ്യക്തമാക്കി.

Related Articles

Latest Articles