ദില്ലി: ഭീകരതയ്ക്കെതിരെ സൗദിക്കും ഇന്ത്യക്കും ഒരേ നിലപാടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീകരവാദത്തിനെതിരെ ഇന്ത്യയുമായി സഹകരിക്കുമെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സൽമാന്‍ രാജകുമാരനും പറഞ്ഞു. ദില്ലിയില്‍ നടന്ന കൂടിക്കാഴ്ചയ്ക്കിടെയാണ് ഇരുവരും പ്രതികരിച്ചത്.

ഭീകരവാദത്തിന് സഹായം നല്കുന്ന രാജ്യങ്ങളെ ശിക്ഷിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. സൗദി അറേബ്യ ഇന്ത്യയുടെ അടുത്ത സുഹൃത്തും പങ്കാളിയുമാണ്. ഇന്ത്യ-സൗദി ബന്ധം നൂറ്റാണ്ടുകൾ പഴക്കമുള്ളതാണ്. സൗദിക്കും ഇന്ത്യയ്ക്കും ഭീകരവാദത്തിന്‍റെ കാര്യത്തിൽ ഒരേ നിലപാടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യ-സൗദി ബന്ധം രക്തത്തിൽ അലിഞ്ഞതെന്ന് സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു. ഭീകരവാദത്തിനെതിരെ എല്ലാ തരത്തിലും ഇന്ത്യയുമായി സഹകരിക്കും. പ്രതിരോധ-വാണിജ്യ മേഖലകളില്‍ ഉള്‍പ്പെടെ അഞ്ച് സുപ്രധാന കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പുവച്ചു.