Thursday, May 2, 2024
spot_img

സൗദിയില്‍ മോദിയ്ക്കു ഊഷ്മള സ്വീകരണം; 12 കരാറുകളില്‍ ഒപ്പുവയ്ക്കും

സൗദി സമയം രാത്രി ഒരുമണിയോടെ റിയാദ് കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്കു ഊഷ്മള സ്വീകരണം. റിയാദ് ഗവര്‍ണര്‍ ഫൈസല്‍ ബിന്‍ ബന്ദറും സൌദിയിലെ ഇന്ത്യന്‍ സ്ഥാനപതി ഔസാഫ് സഇദും ചേര്‍ന്നു പ്രധാനമന്ത്രിയെ സ്വീകരിച്ചു. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവുമായും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായും നരേന്ദ്ര മോദി ഇന്നു കൂടിക്കാഴ്ച നടത്തും. ഊര്‍ജം, പ്രതിരോധം, വ്യോമയാനം തുടങ്ങിയ മേഖലകളിലെ പന്ത്രണ്ടോളം കരാറുകളില്‍ ഇരുരാജ്യങ്ങളും ഒപ്പുവയ്ക്കും.

സൗദി പങ്കാളിത്തത്തോടെ മഹാരാഷ്ട്രയില്‍ ഒരുങ്ങാനിരിക്കുന്ന ഓയില്‍ റിഫൈനറിയുടെ തുടര്‍ നടപടിക്കു അന്തിമ തീരുമാനമുണ്ടാകും. വൈകിട്ട് റിയാദില്‍ ഫ്യൂച്ചര്‍ ഇന്‍വസ്റ്റ്മെന്റ് ഇനിഷ്യേറ്റീവ് ഫോറമെന്ന നിക്ഷേപ സംഗമത്തെ മോദി അഭിസംബോധന ചെയ്യും.

യുഎഇക്കും ബഹ്റൈനും പിന്നാലെ സൌദിയിലും പ്രധാനമന്ത്രി, റുപേ കാര്‍ഡ് അവതരിപ്പിക്കും. വ്യവസായ പ്രമുഖരും നയതന്ത്ര ഉദ്യോഗസ്ഥരും മോദിയെ അനുഗമിക്കുന്നുണ്ട്. മോദിയുടെ ബഹുമാനാര്‍ഥം കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഒരുക്കുന്ന അത്താഴവിരുന്നില്‍ പങ്കെടുത്തശേഷം പ്രധാനമന്ത്രി രാത്രിയോടെ ഡല്‍ഹിയിലേക്കു മടങ്ങും.

Related Articles

Latest Articles